ADVERTISEMENT

ഹുലെന്‍ബെർ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ മത്സരിക്കുന്ന ചൈനീസ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗാലറിയിൽ നേരിട്ടെത്തി പാക്കിസ്ഥാൻ ഹോക്കി ടീം. ചൈനയുടെ പതാകകളുമായാണ് പാക്കിസ്ഥാൻ ഹോക്കി താരങ്ങൾ കളി കാണാനെത്തിയത്. സപ്പോർട്ട് സ്റ്റാഫുകളിൽ ചിലർ പാക്ക് പതാകകൾ കവിളത്തു വരയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പാക്ക് ടീമിനെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്. സെമി ഫൈനലിൽ‍ പാക്കിസ്ഥാനെ ഷൂട്ടൗട്ടിൽ തോല്‍പിച്ചാണ് ചൈന ഫൈനലിലെത്തിയത്.

ഇന്ത്യയ്ക്കെതിരെ കളിക്കുന്നുവെന്ന കാരണത്താൽ, അതേ ചൈനയെ തന്നെ പിന്തുണയ്ക്കേണ്ട ഗതികേടിലാണ് പാക്കിസ്ഥാനെന്നും വിമർശനമുയർന്നു. ആദ്യമായി ചാംപ്യൻ‍‌സ് ട്രോഫി ഫൈനലിലെത്തിയ ചൈന ഇന്ത്യയോട് ഏകപക്ഷീയമായ ഒരു ഗോളിനാണു തോറ്റത്. നാലാം ക്വാർട്ടർ വരെ ശക്തമായി പ്രതിരോധിച്ചുനിന്ന ശേഷമാണ് ചൈന തോൽവി സമ്മതിച്ചത്. 51–ാം മിനിറ്റിൽ ജുഗ്‍രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ ഏഴു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ അഭിഷേക് നൽകിയ പാസിൽനിന്നായിരുന്നു ജുഗ്‍രാജ് ഗോളടിച്ചത്.

ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധക്കോട്ട കെട്ടിയ ചൈനയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇന്ത്യ തകർത്തെറിയുകയായിരുന്നു. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2011, 2016, 2018, 2021 വര്‍ഷങ്ങളിലും ഇന്ത്യയായിരുന്നു ചാംപ്യൻമാർ. 2018ൽ ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിട്ടു. അതേസമയം മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ പാക്കിസ്ഥാൻ ദക്ഷിണകൊറിയയെ തോൽപിച്ചു.

English Summary:

Pakistan Players Hold China Flag During Asian Champions Trophy Final Against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com