ജംപിങ് പിറ്റിൽ മുസ്താഖ് മാജിക്; ഒരു വർഷത്തെ കഠിനാധ്വാനത്തിലൂടെ നേടിയത് ലോങ്ജംപ് സ്വർണം
Mail This Article
കൊച്ചി ∙ 26 കിലോമീറ്റർ; മഞ്ചേരി പുൽപറ്റയിൽനിന്നു കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക് ട്രാക്കിലേക്കുള്ള ദൂരം. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി കെ. മുസ്താഖിന് ഇതു സ്വർണച്ചാട്ടത്തിലേക്കുള്ള ദൂരമാണ്.
സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ സ്വർണം നേടിയ കെ. മുസ്താഖ് (6.73 മീ.) പരിശീലനത്തിനായി യാത്ര ചെയ്യുന്നത് 26 കിലോമീറ്ററാണ്. പരിമിതമായ സൗകര്യങ്ങളാണു സ്കൂളിലുള്ളത്. അടുത്തുള്ള നല്ല ട്രാക്ക് കാലിക്കറ്റ് സർവകലാശാലയിൽ മാത്രം.
ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിലെ കായികാധ്യാപകൻ പി. റിഷാദിന്റെ ബൈക്കിനു പിന്നിലിരുന്നു മുസ്താഖ് കാലിക്കറ്റ് സർവകലാശാലയിലേക്കു പോകും. വൈകിട്ട് 6 മുതൽ രാത്രി 11 വരെ പരിശീലനം. അർധരാത്രിയോടെ മടങ്ങിയെത്തും. ഒരു വർഷമായി മുസ്താഖിന്റെ ജീവിതം ചിട്ടപ്പെടുത്തിയത് ഇങ്ങനെ. ആ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇന്നലെ മഹാരാജാസ് കോളജിലെ ജംപിങ് പിറ്റിൽ ചാടിയെടുത്ത സ്വർണം. സംസ്ഥാന കായികമേളയിൽ മുസ്താഖിന്റെ ആദ്യ മെഡൽ.
മഞ്ചേരി പുൽപറ്റ കാരക്കാടൻ ഹൗസിൽ ലോറി ഡ്രൈവറായ കെ. മുഹമ്മദ് മുസ്തഫയുടെയും റസീനയുടെയും മകനാണ്. മലപ്പുറം ജില്ലാ കായികമേളയിൽ റെക്കോർഡ് തകർത്ത ചാട്ടത്തോടെയാണു (6.57 മീ.) മുസ്താഖ് സംസ്ഥാന മേളയ്ക്കെത്തിയത്. മടങ്ങുന്നതു സ്വർണമെഡലുമായി.