അയോഗ്യതാ വിവാദവും കുലുക്കിയില്ല, വെള്ളി ഓടിപ്പിടിച്ച് അതിഥിത്തൊഴിലാളിയുടെ മകൻ; മലപ്പുറത്തിന്റെ രാജൻ
Mail This Article
കൊച്ചി∙ 400 മീറ്റർ ഓട്ടത്തിൽ അയോഗ്യതാക്കുരുക്കിൽ പെട്ട് സ്വർണം നഷ്ടമായെങ്കിലും രാജൻ തളർന്നില്ല. 400 മീറ്ററിൽ അയോഗ്യതാ വിവാദത്തിൽ കുരുങ്ങി നഷ്ടമാക്കിയ സ്വർണത്തിനു പകരം 600 മീറ്ററിൽ വെള്ളി പൊരുതിനേടി മലപ്പുറത്തു താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകൻ. ഞായറാഴ്ച നടന്ന സബ് ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടത്തിലാണ് രാജൻ രണ്ടാം സ്ഥാനത്തെത്തിയത്. 1:32:10 മിനിറ്റുകൊണ്ടാണ് രാജൻ വെള്ളി മെഡൽ ഓടിയെടുത്തത്. മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയാണ് രാജൻ. ആലപ്പുഴ എഴുപുന്ന സെന്റ് റാഫേൽ എച്ച്എസ്എസിലെ കെ.യു. അർജുനാണ് സബ് ജൂനിയർ 600 മീറ്ററിൽ സ്വർണം. (1:31:42). കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ് എച്ച്എസിലെ എ. മുഹമ്മദ് മൂന്നാം സ്ഥാനവും സ്വന്തമാക്കി (1:32:45).
ഇരട്ടമെഡലെന്ന സ്വപ്നവുമായാണ് രാജനും പരിശീലകൻ റിയാസും കൊച്ചിയിലേക്കു വണ്ടി കയറിയത്. സ്കൂളിന്റെ സ്വപ്നങ്ങൾ വാനോളമുയർത്തി 400 മീറ്റർ ഓട്ടത്തിൽ താരം ഒന്നാമതെത്തി. വിജയമാഘോഷിച്ചു തീരുന്നതിനു മുൻപേ രാജനെ സങ്കടത്തിലാക്കി അയോഗ്യതയെത്തി. ഓട്ടത്തിനിടെ കാൽ ലൈനിൽ തട്ടിയെന്ന പേരിലാണ് താരത്തെ അയോഗ്യനാക്കിയത്. മറ്റൊരു സ്കൂൾ നല്‍കിയ പരാതിയെ തുടർന്നായിരുന്നു നടപടി. പരിശീലകൻ റിയാസും സ്കൂൾ അധികൃതരും സംഘാടകരെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതോടെ വിജയിച്ച മെഡൽ കയ്യകലത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായി രാജനും പരിശീലകനും.
പക്ഷേ ചെറിയൊരു പിഴവിന്റെ പേരില്‍ ഒന്നുമില്ലാതെ കൊച്ചിയിൽനിന്നു മടങ്ങാന്‍ അതിഥി തൊഴിലാളികളുടെ മകനായ രാജൻ തയാറായിരുന്നില്ല. ഫലം 600 മീറ്ററിൽ പൊന്നിൻ തിളക്കമുള്ള വെള്ളി. ചെറിയ വ്യത്യാസത്തിലാണ് രാജന് 600 മീറ്ററിലെ സ്വർണം നഷ്ടമായത്. ‘‘രണ്ടാം സ്ഥാനമാണെങ്കിലും വലിയ സന്തോഷമുണ്ട്. മത്സരശേഷം വീട്ടിലേക്കു വിളിച്ചിരുന്നു. ആദ്യത്തെ മെഡൽ നഷ്ടമായത് ദൗർഭാഗ്യമാണ്. ഒരു കുഴപ്പവുമില്ല. സങ്കടപ്പെടരുത് എന്നാണ് അച്ഛനും അമ്മയും പറയുന്നത്.’’– രാജൻ മനോരമ ഓൺലൈനിനോടു വ്യക്തമാക്കി.
ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ നിബ്ബർ– കൃഷ്ണ ബേട്ടി ദമ്പതികളുടെ മകനാണ് രാജന്‍. വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിർമാണത്തൊഴിലാളിയായി ജോലിക്കെത്തിയതാണ് രാജന്റെ പിതാവ് നിബ്ബർ. പിതാവ് മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു രാജനും മറ്റു മൂന്നു സഹോദരങ്ങളും ജനിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ നിബ്ബർ, മക്കളെ ഇവിടെ തന്നെ നന്നായി പഠിപ്പിക്കണമെന്നും മികച്ച നിലയിൽ എത്തിക്കണമെന്നും തീരുമാനിച്ചു. അങ്ങനെയാണ് രാജനെ ആലത്തിയൂർ സ്കൂളിൽ ചേർക്കുന്നത്. രാജന്റെ സഹോദരൻ രഞ്ജിത്, രഘുവീർ എന്നിവരും കായിക താരങ്ങളാണ്. അച്ഛനും അമ്മയും ഉത്തർപ്രദേശ് സ്വദേശികളാണെങ്കിലും രാജൻ ഇതുവരെ അങ്ങോട്ടുപോയിട്ടില്ല.
‘‘സ്കൂളിൽ ആകെയുള്ളത് 150 മീറ്റർ ട്രാക്കാണ്. സൗകര്യങ്ങൾ പരിമിതമാണ്. അവിടെ ചുറ്റുപാടുമുള്ള വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ പരിശീലിക്കുന്നത്. എന്നിട്ടും നല്ല നേട്ടമുണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ കായിക മേളയിൽ രണ്ടു സ്വർണവും ആറു വെള്ളി മെഡലുകളും സ്കൂളിനു ലഭിച്ചിരുന്നു. പോയിന്റ് ടേബിളിൽ സ്കൂൾ ആറാം സ്ഥാനത്തുണ്ടായിരുന്നു. ഇത്തവണ അതിലും മെച്ചപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.’’– രാജന്റെ പരിശീലകനായ റിയാസ് പറഞ്ഞു. അത്‍ലറ്റിക്സിൽ 17 സ്വർണം, 17 വെള്ളി, 14 വെങ്കലം എന്നിങ്ങനെ മെഡലുകൾ സ്വന്തമാക്കി 150 പോയിന്റുകളുമായി മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്.