ദേശീയ ഗെയിംസിൽ കേരളത്തിന് അഞ്ചാം സ്വർണം, നീന്തലിൽ സജൻ പ്രകാശും ഹർഷിതയും ഒന്നാമത്

Mail This Article
ഹൽദ്വാനി∙ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം മെഡൽ. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിൽ സജൻ പ്രകാശ് സ്വർണം നേടി. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണം വിജയിച്ചു. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിതയുടെ മെഡൽ നേട്ടം.
ദേശീയ ഗെയിംസിൽ അഞ്ച് സ്വർണവുമായി ഏഴാം സ്ഥാനത്താണ് കേരളമുള്ളത്. ഒരു വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ഒന്‍പത് മെഡലുകൾ കേരളത്തിനുണ്ട്. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീലും വെള്ളിയാഴ്ച സ്വർണം നേടിയിരുന്നു. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം.
വനിതാ ബാസ്കറ്റ് ബോൾ സെമി ഫൈനലിൽ കർണാടകയെ 63–52 ന് തോൽപിച്ച് കേരളം ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടി. വനിതാ വോളിബോളിലും കേരളം ഫൈനലിലെത്തി. ചണ്ഡീഗഡിനെ 25–18, 25–11, 25–12 എന്ന സ്കോറിനാണു കേരളം തോൽപിച്ചത്.