ADVERTISEMENT

ഈ വര്‍ഷത്തെ (2020) ഐഫോണ്‍ ഫൊട്ടോഗ്രാഫി ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍ ഡിമ്പി ഭാലോട്ടിയയാണ്. ഇന്ത്യന്‍ വംശജയായ അവര്‍ ഉത്തര്‍ പ്രദേശിലെ വാരണസിയില്‍ വച്ചു പകര്‍ത്തിയ ഫ്‌ളൈയിങ് ബോയ്‌സ് എന്നു പേരിട്ട ചിത്രത്തിനാണ് ഒന്നാം സമ്മാനം. മൂന്നു കുട്ടികള്‍ ഒരു അമ്പല മതിലിനു മുകളില്‍ നിന്ന് താഴെയുള്ള ഗംഗാ നദിയിലേക്ക് എടുത്തു ചാടുന്ന ചിത്രമാണ് ഡിമ്പി തന്റെ ഐഫോണ്‍ Xല്‍ പകര്‍ത്തിയത്. അവരുടെ കൈകാലുകളുടെ ഭാവപ്രകടനം ആകാശത്ത് പിരിമുറുക്കവും ഉണര്‍വ്വും പകരുന്നുവെന്നാണ് അവര്‍ഡ് കമ്മറ്റി നിരീക്ഷിക്കുന്നത്. ഈ ഫോട്ടോ മറ്റ് മത്സരങ്ങളിലും അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്.  

 

അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ട്വിറ്ററിലെത്തിയ ഡിമ്പി പറഞ്ഞത് ഈ വര്‍ഷത്തെ ഐപിപിഎ ഫൊട്ടോഗ്രാഫിയിലെ ഒന്നാം സമ്മനം നേടുക എന്നത് തനിക്കു ലഭിച്ച മഹത്തായ ഒരു പ്രശംസയാണെന്നാണ്. മുംബൈയില്‍ ജനിച്ച ഡിമ്പി 15 ലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അവരുടെ ചിത്രങ്ങള്‍ ഒമ്പതു രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താന്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഐഫോണ്‍ ഉപയോഗിച്ചു മാത്രമെ ഫോട്ടോകള്‍ എടുക്കാറുള്ളു എന്ന് ഡിമ്പി പറഞ്ഞു. ഐഫോണ്‍ ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോള്‍ തന്റെ തന്നെ കൈപ്പത്തി ഉപയോഗിച്ചു ഫോട്ടോ എടുക്കുകയാണ് എന്ന തോന്നലാണ് തനിക്കുള്ളതെന്ന് ഡിമ്പി പറയുന്നു. എന്തുകൊണ്ടാണ് ഐഫോണ്‍ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ഇന്റര്‍നാഷണല്‍ ഫൊട്ടോഗ്രാഫി ഗ്രൂപ്പായ ലിറ്റിൽ ബോക്‌സ് കളക്ടീവിനു നല്‍കിയ അഭിമുഖത്തിലാണ് ഡിമ്പി തന്റെ ഫോണ്‍ ഫൊട്ടോഗ്രാഫി കമ്പത്തെക്കുറിച്ചു മനസു തുറന്നത്.

 

ഐഫോണ്‍ ഉപയോഗിക്കുന്നതിലെ ഏറ്റവും വലിയ ഗുണം, അതു കൊണ്ട് കാലതാമസമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നതാണെന്ന് അവര്‍ പറയുന്നു. കൈയ്യില്‍ ഒരു ഉപകരണവുമില്ല എന്ന തോന്നലും തനിക്കുണ്ടാകുന്നുവെന്നും അവര്‍ പറയുന്നു. ഐപിപിഎ അവാര്‍ഡ്‌സ് 2007 മുതല്‍ നടക്കുന്നതാണ്. അതിന്റെ 13-ാം വാര്‍ഷിക സമ്മാനമാണ് ഇപ്പോള്‍ ഡിമ്പി നേടിയിരിക്കുന്നത്. ഈ വര്‍ഷം 140 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ബെലാറുസില്‍ നിന്നുള്ള ആര്‍ട്യോം ബാറിഷാവു, ചൈനയില്‍ നിന്നുള്ള ഗെലി ഷാവോ, ഇറാഖില്‍ നിന്നുള്ള സയിഫ് ഹുസൈന്‍ തുടങ്ങിയവരും അവര്‍ഡ് ജേതാക്കളായി.

 

ഐപിപിഎ മറ്റു 18 വിഭാഗങ്ങളിലായും മത്സരം നടത്തുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മുള്ളവര്‍ക്ക് അവര്‍ഡ് ലഭിക്കുന്നുണ്ട് എന്ന തോന്നലാണ് അതു പരിശോധിക്കുമ്പോള്‍ തോന്നുന്നത് – ഓസ്‌ട്രേലിയ, ബഹറിന്‍, ബെലാറൂസ്, കാനഡ, കൊളംബിയ, ഹോങ്കോങ്, ഇറ്റലി, ഇറാഖ്, ഇസ്രയേല്‍, ജപ്പാന്‍, പെറു, ഫിലിപ്പൈന്‍സ്, പോര്‍ച്ചുഗല്‍, സിങ്കപ്പൂര്‍, തയ്‌വാന്‍, ബ്രിട്ടൻ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായി. തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മറക്കാനാകാത്ത ചിത്രങ്ങള്‍ പകര്‍ത്തുന്നവരെ ആദരിക്കാനായി തുടങ്ങിയതാണ് ഈ കോണ്‍ടെസ്റ്റ്.

 

ഡിമ്പി തന്റെ ചിത്രം രണ്ടു തലമുറ മുൻപുളള ഐഫോണ്‍ Xല്‍ ആണ് പകര്‍ത്തിയിരിക്കുന്നതെങ്കിലും, ഐഫോണ്‍ 4ല്‍ എടുത്ത ഫോട്ടോ പോലും ഈ മത്സരത്തില്‍ വിജയം കൈവരിച്ചിട്ടുണ്ട് എന്നത് പഴയ ഫോണുകള്‍ ഉപയോഗിക്കുന്നതിനും ഒരു കുഴപ്പവുമില്ലെന്നു കാണിച്ചു തരുന്നു. ഏറ്റവും പുതിയ ഫോണിലെ ക്യാമറ ടെക്‌നോളജിയാണ് വിജിയക്കാന്‍ വേണ്ടതെന്നു കരുതുന്നവര്‍ക്ക് നല്ലൊരു പാഠമാണിത്. ഇന്നത്തെ മിക്ക സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും തന്നെ മികച്ച ക്യാമറാ സിസ്റ്റങ്ങളാണ് തങ്ങളുടെ ഉപയോക്തക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫോണ്‍ ക്യാമറയുടെ ഉപയോഗം വര്‍ധിച്ചതോടെ, പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ വില്‍പ്പന തന്നെ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകള്‍ ചുമന്നുകൊണ്ടു നടന്നാല്‍ മാത്രമെ നല്ല ഫോട്ടോ എടുക്കാനാകൂ എന്ന ധാരണയ്ക്ക് നല്‍കുന്ന പ്രഹരവുമാണ് ഇത്തരം മത്സരങ്ങള്‍. സ്‌പോര്‍ട്‌സ്, വൈല്‍ഡ്‌ലൈഫ് എന്നിവ അടക്കം ചില സവിശേഷ സാഹചര്യങ്ങള്‍ക്കും, സന്ദര്‍ഭങ്ങള്‍ക്കും ഇപ്പോഴും ക്യാമറകള്‍ കൂടിയെ കഴിയൂ. പക്ഷേ, സാധാരണ ഷൂട്ടിങിന് സ്മാര്‍ട് ഫോണുകള്‍ ധാരാളം മതിയെന്ന് ഈ ചിത്രങ്ങള്‍ കാണിച്ചു തരുന്നു. ഡിമ്പിയുടെ അടക്കം ഏതാനും ചിത്രങ്ങള്‍ ഇവിടെ കാണാം: https://bit.ly/2D372kD

 

English Summary: Indian woman is iPhone Photographer of the Year for Varanasi capture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com