പ്രീക്വെല്‍: യുവാക്കളുടെ ഹരമായ ഫോട്ടോ എഡിറ്റിങ് ആപ്പിനെക്കുറിച്ച് അറിയാം

Mail This Article
മുതിര്‍ന്നവരുടെ കീഴ്‌വഴക്കങ്ങള്‍ മുഴുവന്‍ തഴഞ്ഞ് മുന്നേറുകയാണ് ലോകമെമ്പാടുമുള്ള ജെന്‍ സെഡ് (Gen Z-1998-2010നും ഇടയില്‍ ജനിച്ചവര്‍) എന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍ക്ക് 'ഇന്റര്‍നെറ്റ് സേര്‍ച്' എന്നു പറഞ്ഞാല്‍ ഗൂഗിള്‍ ആണെങ്കില്‍ ജെന്‍ സെഡിന് അത് ടിക്‌ടോക്കും ഇന്‍സ്റ്റഗ്രാമും ഒക്കെയാണ്. മുന്‍ തലമുറകള്‍ക്ക് ഫോട്ടോ എഡിറ്റിങ് എന്നു പറഞ്ഞാല്‍ ഫോട്ടോഷോപ് മുതല്‍ സ്‌നാപ്‌സീഡ് വരെയുള്ള ആപ്പുകളാണെങ്കില്‍ ജെന്‍ സെഡിന് ഇപ്പോള്‍ പ്രിയം പ്രീക്വെല്‍ (Prequel) ആപ്പിനോടാണ്. ജെന്‍ സെഡിന്റെ പ്രീതി പിടിച്ചുപറ്റിയതോടെ ഈ വര്‍ഷം പ്രീക്വെലിന്റെ ശുക്രനുദിക്കുകയായിരുന്നു.
∙ ഫില്‍റ്ററില്‍ മയങ്ങി യുവജനങ്ങള്‍
പ്രീക്വെല്‍ തുടങ്ങിയത് 2018ല്‍ ആയിരുന്നു എങ്കിലും അതിന്റെ കീര്‍ത്തി കുതിച്ചുയര്‍ന്നത് ഈ വര്‍ഷമായിരുന്നു. ഇപ്പോള്‍ 10 കോടി തവണയിലേറെയാണ് ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ആപ് വൈറലാകാന്‍ കാരണം അതിന്റെ കാര്‍ട്ടൂണ്‍ ഫില്‍റ്ററിനോട് ഇളമുറക്കാര്‍ക്ക് തോന്നിയ താത്പര്യം അടക്കമുള്ള കാര്യങ്ങളാണ്. ഈ പുതുമകള്‍ അനുഭവിച്ചറിഞ്ഞതോടെ, ആപ്പിലുള്ള താത്പര്യം ലോകമെമ്പാടും കുതിച്ചുയരുകയായിരുന്നു. അമേരിക്ക, യൂറോപ്, സൗത് അമേരിക്ക, പല ഏഷ്യന്‍ രാജ്യങ്ങളും എന്നിവിടങ്ങളിലൊക്കെ പ്രീക്വലിന്റെ പ്രീതി അതിവേഗമാണ് വളര്‍ന്നത്. ടിക്‌ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 50 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് പ്രീക്വലിന് ഉള്ളത്. സെലബ്രിറ്റികള്‍ ആപ്പിന്റെ പ്രമോട്ടര്‍മാരായി എത്തുകയും ചെയ്തതോടെ അത്യുജ്വല പ്രശസ്തി കൈവരിക്കുകയായിരുന്നു പ്രീക്വല്‍.
∙ ഫൊട്ടോയും വിഡിയോയും എഡിറ്റു ചെയ്യാം, 800ലേറെ ഫില്‍റ്ററുകള്‍
പ്രീക്വല്‍ മാസവരി നല്‍കി ഉപയോഗിക്കുന്നവരില്‍ സിംഹഭാഗവും 25 വയസില്‍ താഴെയുള്ളവരാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈസ്‌തെറ്റിക് എഡിറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രീക്വലില്‍ ഫൊട്ടോയും വിഡിയോയും എഡിറ്റു ചെയ്യാം. ഐഒഎസിലും ആന്‍ഡ്രോയിഡിലും ആപ്പിന് ആരാധകരുണ്ട്. പ്രീക്വലിന്റെ ലൈബ്രറിയില്‍ 800 ഫില്‍റ്ററുകളും എഫക്ടുകളും നിരവധി വിഡിയോ ടെംപ്ലേറ്റുകളും ഉണ്ട്. കൂടാതെ, ജിഫുകളും സ്റ്റിക്കറുകളും സപ്പോര്‍ട്ടു ചെയ്യുന്നു.
∙ മെഷീന്‍ ലേണിങ് പ്രയോജനപ്പെടുത്തുന്നു
പ്രീക്വലിന്റെ ആകര്‍ഷണീയത യാദൃശ്ചികമല്ല. കൗശലത്തോടെ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതു തന്നെയാണ് ഇതിന്റെ മികവിനു പിന്നില്‍. ഫെയ്‌സ്ബുക്, ടിക്‌ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളില്‍ ലളിതമായ ചില എഫക്ടുകളാണ് ലഭിക്കുന്നത്. എന്നാല്‍, പ്രീക്വലില്‍ ഒരു ഫോട്ടോ എഡിറ്റു ചെയ്‌തെടുക്കുമ്പോള്‍ അതില്‍ മെഷീന്‍ ലേണിങ് അല്‍ഗോറിതം പ്രയോജനപ്പെടുത്തുന്നു. ഇതാകട്ടെ, കളറില്‍ വളരെ സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതു മുതല്‍ ഒരു ചിത്രത്തെ പരിപൂര്‍ണമായി മാറ്റിയെടുക്കാന്‍ വരെ കെല്‍പ്പുള്ളതാണ്. ഇവ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഒരുവിഭാഗം ഉപയോക്താക്കള്‍ക്കെങ്കിലും താത്പര്യജനകമാണ്.
∙ താരം കാര്‍ട്ടൂണ്‍ ഫില്‍റ്റര്‍ തന്നെ
പ്രീക്വലിന്റെ മികവിനു പിന്നില്‍ പല ഘടകങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നേരത്തെ പറഞ്ഞ കാര്‍ട്ടൂണ്‍ ഫില്‍റ്ററാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സമൂഹ മാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ ഫില്‍റ്റര്‍ പ്രയോജനപ്പെടുത്തിയ ചിത്രങ്ങളുടെ തള്ളിക്കയറ്റമായിരുന്നു. യൂസര്‍ ഒരു ഫോട്ടോ പ്രീക്വലിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ ആപ് അതിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗച്ച് ആ ഫോട്ടോയെ വ്യക്തിപരമാക്കുന്നു. ഒരു ആര്‍ട്ടിസ്റ്റ് കൈകൊണ്ടു വരച്ചെടുത്താലെന്നവണ്ണം വ്യക്തിപരമായ ഒരു ഛായ പതിച്ചു നല്‍കുകയാണ് പ്രീക്വെല്‍ ചെയ്യുന്നത്.
∙ ഒരേ ഫില്‍റ്ററുകളല്ല, എപ്പോഴും അപ്‌ഡേറ്റുകള്‍
ആപ്പില്‍ വല്ലപ്പോഴും ഒരു അപ്‌ഡേറ്റ് നല്‍കുകയല്ല പ്രീക്വല്‍ ചെയ്യുന്നത്. നിരന്തരം പുതിയ ഫില്‍റ്റര്‍ സെറ്റുകളും എഡിറ്റിങ് ഫീച്ചറുകളും നല്‍കി ഉപയോക്താക്കളുടെ ശ്രദ്ധ വിടാതെ കാത്തു സൂക്ഷിക്കുന്നതിലും കൂടിയാണ് ആപ്പിന്റെ വിജയമിരിക്കുന്നത്. ഇതില്‍ മയങ്ങിയാണ് ജെന്‍ സെഡ് ആപ്പിന്റെ ആരാധകരായി മാറിയത്. ഫോട്ടോഷോപ്, ഫൈനല്‍ കട്ട് പ്രോ തുടങ്ങിയ പഠനവും ശ്രദ്ധയും വേണ്ട ആപ്പുകളില്‍ സമയമെടുത്തു ചെയ്‌തെടുക്കുന്ന കാര്യങ്ങള്‍ ഒറ്റ ക്ലിക്കില്‍ നടത്തിക്കൊടുക്കും എന്നതും ആപ്പിന്റെ മേന്മായായി എടുത്തുപറയുന്നു.
∙ പുതിയ ഫില്‍റ്ററെത്തിയാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 'ഇടി'
ഓരോ തവണയും പ്രീക്വലില്‍ പുതിയ ഫില്‍റ്റര്‍ സെറ്റുകള്‍ വരുന്നത് ആരവത്തോടെയാണ് യുവജനങ്ങള്‍ എതിരേല്‍ക്കുന്നത്. ക്യാറ്റലോഗിലേക്ക് പുതിയ ഫില്‍റ്ററുകള്‍ ഇടുന്നതോടെ ഇതാദ്യം ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ യുവജനങ്ങള്‍ മത്സരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ആപ്പിന്റെ കുതിപ്പും വര്‍ധിച്ചു. പ്രീക്വല്‍ ടീം ഒരുക്കുന്ന ഓരോ പുതിയ എഫക്ടിനായും കാത്തിരിക്കുകയാണ് ജെന്‍ സെഡ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ പുതിയ തലമുറയ്ക്ക് മനസിലാകുന്ന ഭാഷ സംസാരിക്കുന്ന ആപ്
പ്രീക്വെലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാലികമായ ചില ഉള്‍ക്കാഴ്ചകളോടെയാണ് ആപ്പിന്റെ അപ്‌ഡേറ്റുകള്‍ തയാര്‍ ചെയ്യുന്നത്. നിലവിലെ സമൂഹ മാധ്യമ ട്രെന്‍ഡുകളെ സസൂക്ഷ്മം അവര്‍ പഠിക്കുന്നു. ജെന്‍ സെഡിന് മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ദൃശ്യ സാക്ഷരതയാണ് ഉള്ളത്. ഇന്റര്‍നെറ്റില്ലാത്ത ജീവിതം ഉണ്ടായിരുന്നു എന്നു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തവരാണ് അവര്‍. എടുത്ത ഫോട്ടോ എഡിറ്റു ചെയ്ത് മാറ്റങ്ങള്‍ വരുത്തുന്നതില്‍ അവര്‍ക്ക് അപാരമായ കഴിവാണ് ഉള്ളതെന്നും പറയുന്നു. ഓരോരുത്തരും സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ തങ്ങളുടെ വ്യക്തിത്വവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയായിരിക്കണമെന്നും അവര്‍ കരുതുന്നതായി ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെന്‍ സെഡിന് തങ്ങളുടെ ചിത്രങ്ങളില്‍ നേരിയ ഒരു വ്യത്യാസം കൊണ്ടുവരാന്‍ സാധിച്ചാല്‍ പോലും നിര്‍വൃതി ലഭിക്കുന്നു. ഒരു പ്രത്യേക ഫോണ്ട് ഉപയോഗിച്ച് കുറച്ച് ടെക്‌സ്റ്റ് ഇടാന്‍ സാധിച്ചാലോ, നിറം അല്‍പം നേര്‍പ്പിച്ച് ഒരു എഫക്ട് കിട്ടിയാലോ ഒക്കെ മതി അവര്‍ക്ക്. ഇതു വഴി ഫോട്ടോ കൂടുതല്‍ വ്യക്തിപരവും അസാധാരണവും വിശിഷ്ടവുമായി തീര്‍ന്നു കഴിഞ്ഞു എന്നൊക്കെ അവര്‍ക്ക് അനുഭവപ്പെടുന്നു.
∙ ഫൊട്ടോഗ്രഫിയിലുള്ള താത്പര്യം അവസാനിക്കുന്നില്ല
വിഡിയോ, ഓഗ്‌മെന്‍ഡ് റിയാലിറ്റി തുടങ്ങിയവയിലുള്ള ജ്വരം പടര്‍ന്നതോടെ ഫൊട്ടോഗ്രഫി മേഖല അസ്തമിക്കുമോ എന്ന സന്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്നു. എന്നാല്‍, ഈ വര്‍ഷം പ്രീക്വലിന്റെയും ബിറിയലിന്റെയും (https://bit.ly/3T3Jmza) വിജയം അടിവരയിടുന്നത് അതിന് ഇനിയും സമയമായിട്ടില്ല എന്നാണ്. ഫൊട്ടോഗ്രഫിയിലുള്ള താത്പര്യം കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയില്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ടിക്‌ടോകിനെ അടക്കം പിന്തള്ളിയാണ് ബിറിയല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് വാഴുന്നത്.
∙ പ്രീക്വല്‍ ഉപയോഗിക്കാന്‍ പണം നല്‍കണം
ഇന്ത്യയില്‍ പ്രീക്വല്‍ പണക്കാരുടെ ഇടയിലേ ഹിറ്റാകാന്‍ വഴിയുള്ളു. പ്രീക്വല്‍ ആപ്പിളിന്റെ ആപ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഇത് ഉപയോഗിക്കാന്‍ പണം നല്‍കണം. ഈസ്‌തെറ്റിക് എഡിറ്ററിന് പ്രതിവര്‍ഷം 2,949 രൂപയാണ് നല്‍കേണ്ടത്. പ്രീക്വല്‍ ഗോള്‍ഡ് വരിസംഖ്യ പലതുണ്ട്. ഇവയ്ക്ക് ഓരോ ആഴ്ചയും 419 രൂപ മുതല്‍ 589 രൂപ വരെയാണ് നല്‍കേണ്ടത്. വാര്‍ഷികമായി പണമടച്ചാല്‍ പ്രീക്വല്‍ ഗോള്‍ഡിന് 2,949 രൂപയുടെയും 2,499 രൂപയുടെയും പാക്കുകള്‍ ഉണ്ട്. എന്തിനാണ് പ്രീക്വലിനെക്കുറിച്ച് ഈ ബഹളമെല്ലാം നടക്കുന്നത് എന്ന് ഒന്നറിഞ്ഞാല്‍ മാത്രം മതിയെങ്കില്‍ മൂന്നു ദിവസത്തേക്ക് ഫ്രീ ട്രയലും ഉണ്ട്.
English Summary: Prequel is the Favorite Photo Editing App of Gen Z