ADVERTISEMENT

റഷ്യയിലെ ചെച്നിയൻ മേഖലയിൽ നിന്നുള്ള യുദ്ധപ്രഭുവും പുട്ടിന്റെ അനുയായിയുമായ ജനറൽ ടുഷായേവിനെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. കീവിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന അന്റോനോവ് രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തായാണു ടുഷായേവിനെ യുക്രെയ്ൻ സേന വധിച്ചത്. ലിംഗ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിലൂടെ പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾ ഏറെ നേടിയിട്ടുള്ള യുദ്ധപ്രഭുവാണ് ടുഷായേവ്.

 

ചെച്ചൻ നാഷനൽ ഗാർഡ് സേനയുടെ 141ാം മോട്ടറൈസ്ഡ് റജിമെന്റിന്റെ കമാൻഡറാണു ടുഷായേവ്. ചെച്നിയൻ ഭരണാധികാരിയും പുടിന്റെ പക്ഷക്കാരനും യുണൈറ്റ‍ഡ് റഷ്യ പാർട്ടി അംഗവുമായ റംസാൻ കാദിറോവിന്റെ വലംകൈ കൂടിയാണ്. യുക്രെയ്നെതിരായ യുദ്ധത്തിൽ ചെച്നിയയിൽ നിന്നു സേനകളും ഉൾപ്പെട്ടിട്ടുണ്ട്. ചെച്നിയൻ സൈനികർക്ക് യാതൊരു കുഴപ്പങ്ങളും സംഭവിച്ചിട്ടില്ലെന്നു കാദിറോവ് മാധ്യമസമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ടുഷായേവിന്റെ മരണവാർത്ത. യുക്രെയ്ന്റെ എലൈറ്റ് ആൽഫ ഗ്രൂപ്പാണു ടുഷായേവിനെ വധിച്ചതെന്നാണ് അഭ്യൂഹം.

 

അസിമട്രിക്, ഗറില്ല യുദ്ധമുറകളിൽ പ്രാവീണ്യമുള്ള ചെച്നിയൻ സേനാംഗങ്ങളെ റഷ്യൻ സേന യുക്രെയ്നിൽ വിന്യസിച്ചിട്ടുണ്ട്. സിറിയിലെ സൈനിക ദൗത്യങ്ങളിലും ഇവരുെട സാന്നിധ്യം റഷ്യയ്ക്കൊപ്പമുണ്ടായിരുന്നു. ജോർജിയ, യുക്രെയ്ൻ യുദ്ധത്തിനു മുൻപുള്ള ഡോൺബാസ് ദൗത്യം എന്നിവിടങ്ങളിലും റഷ്യൻ സേനയ്ക്കൊപ്പം ചെച്നിയൻ യൂണിറ്റുകളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ രണ്ട് പേർ മരിച്ചെന്നും ആറു പേർക്ക് പരുക്ക് പറ്റിയെന്നും കാദിറോവ് തന്നെ അറിയിച്ചിട്ടുണ്ട്.

 

റഷ്യയിലെ കോക്കാസസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്കാണു ചെച്നിയ. ഇന്ന് റഷ്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ഗ്രോസ്നിയാണു ചെച്നിയയുടെ തലസ്ഥാനം. പുട്ടിൻ ഭരണത്തിനു മുൻപ് ചെച്നിയൻ വിഘടനവാദം ശക്തമായിരുന്നു. യുഎസ്എസ്ആറിന്റെ തകർച്ചയോടെയാണ് ഇതു വളർച്ച പ്രാപിച്ചത്.1994ലെ ആദ്യ ചെച്നിയൻ യുദ്ധത്തിൽ വിമതരോട് റഷ്യൻ സൈന്യം അടിയറവ് പറയുന്ന സ്ഥിതി പോലുമെത്തി. 1995ൽ ചെച്നിയ റഷ്യയിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വ്ലാഡിമിർ പുട്ടിൻ റഷ്യൻ രാഷ്ട്രീയത്തിന്റെ ഉന്നതികളിലേക്ക് ഉയർന്ന കാലത്ത് തന്നെ ചെച്നിയ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2000ൽ രണ്ടാം ചെച്നിയൻ യുദ്ധം തുടങ്ങി. ഇതു റഷ്യ വിജയിച്ചു.

 

ആദ്യ ചെച്നിയൻ യുദ്ധത്തിൽ സർക്കാരിനെതിരായും രണ്ടാം ചെച്നിയൻ യുദ്ധത്തിൽ സർക്കാർ പക്ഷത്തും നിലയുറപ്പിച്ച അഖ്മദ് കാദിറോവായിരുന്നു ഇതിനു ശേഷമുള്ള ചെച്നിയൻ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ്. 2007ൽ കാദിറോവ് ചെച്നിയയിലെ വിമതഗ്രൂപ്പിന്റെ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു ശേഷം അദ്ദേഹത്തിന്റെ മകനായ റംസാൻ കാദിറോവ് ചെച്നിയയെ നയിക്കുന്നു. പുടിന്റെ കോക്കസസിലെ ഏറ്റവും വലിയ ചങ്ങാതിയാണു കാദിറോവ്. ധാരാളം മനുഷ്യാവകാശ ധ്വംസനങ്ങളും ഏകാധിപത്യഭരണത്തിൻമേലുള്ള ആരോപണങ്ങളും കാദിറോവിനെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും മാധ്യമങ്ങളും ഉയർത്തിയിട്ടുണ്ട്. എന്നാൽ കോക്കസസിലെ തന്റെ ശക്തികേന്ദ്രമെന്ന നിലയ്ക്ക് കാദിറോവിന്റെ കാര്യത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പുട്ടിൻ മൗനം പാലിക്കുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു.

 

English Summary: Pro-Putin Chechen general who led 'gay purge' killed in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com