കലാപങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ഇലക്ട്രോമാഗ്നെറ്റിക് ഗണ്‍ നിര്‍മിച്ച് ചൈന

Mail This Article
കലാപങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ഇലക്ട്രോമാഗ്നെറ്റിക് ഗണ്‍ നിര്‍മിച്ച് ചൈന. ഔദ്യോഗിക ചാനലായ സിസിടിവിയിലെ സൈനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിപാടിക്കിടെയാണ് ഈ തോക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാണയത്തിന്റെ രൂപത്തിലുള്ള ഈ തോക്കിലെ തിരകള്‍ ഗുരുതരമായി പരുക്കേല്‍ക്കാത്ത വിധത്തില്‍ രൂപകല്‍പന ചെയ്തതാണ്. എങ്കിലും ഗ്ലാസ് കുപ്പികളെ തകര്‍ക്കാനുള്ള ശേഷി ഈ തോക്കിലെ ഉണ്ടകള്‍ക്കുണ്ടെന്നതും ശ്രദ്ധേയമാണ്.
സിഎസ്/എല്‍ഡബ്ല്യു 21 എന്നാണ് ഈ ഇലക്ട്രോ മാഗ്നെറ്റിക് ഗണ്ണിന് പേരിട്ടിരിക്കുന്നത്. ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ ലിമിറ്റഡും മറ്റു സാങ്കേതിക ടീമുകളും ചേര്‍ന്നാണ് ഈ തോക്ക് നിര്‍മിച്ചിരിക്കുന്നത്. അകലവും ലക്ഷ്യത്തിന്റെ സ്വഭാവവുമൊക്കെ അനുസരിച്ച് തോക്കിന്റെ ശക്തിക്കും ശേഷിക്കുമൊക്കെ വ്യത്യാസങ്ങള്‍ വരുത്താനും ഈ ചൈനീസ് തോക്കിന് സാധിക്കും.
ബാറ്ററി ലോവല്‍, റെയില്‍ ടെംപറേച്ചര്‍, ബുള്ളറ്റ് കപ്പാസിറ്റി, ഫ്രീക്വന്‍സി, ഫയറിങ് മോഡ് എന്നിങ്ങനെയുള്ള വിവരങ്ങളും തോക്കില്‍ നിന്നും അറിയാനാവും. ഡബിള്‍ ബാരല്‍ ചേംബര്‍ മാഗസിന്‍ ആയതിനാല്‍ തുടര്‍ച്ചയായി വെടിവെക്കാനും എളുപ്പം തിര നിറക്കാനുമാവും. ലിഥിയം അയണ്‍ ബാറ്ററിയിലാണ് ഈ തോക്ക് പ്രവര്‍ത്തിക്കുക. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 500 റൗണ്ട് വരെ വെടിവയ്ക്കാന്‍ ശേഷിയുണ്ടാവും ഈ തോക്കിന്. വളരെ എളുപ്പം ചാര്‍ജ് ചെയ്യാനാവുമെന്നും ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചൂടാവില്ലെന്നതും തോക്ക് ഡിസൈൻ ചെയ്ത ലെയ് ഫെന്‍ക്വിവോ പറഞ്ഞു.
നാണയത്തിന്റെ രൂപത്തിലുള്ള തിരകളാണ് ഈ തോക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ നിര്‍മിക്കാന്‍ ചെലവു കുറവാണ്. പരമ്പരാഗത തോക്കുകളേക്കാള്‍ ഈ തിരകള്‍ക്ക് നിരവധി മേന്മകളുണ്ട്. ഇതില്‍ പ്രധാനം മനുഷ്യ ശരീരത്തില്‍ തുളച്ചു കയറില്ലെന്നതാണ്. കലാപകാരികളുടെ ജീവന് ആപത്താവാതെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നു.
മിനിറ്റില്‍ ആയിരക്കണക്കിന് തിരകള്‍ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ ഈ തോക്കിനാവും. മറ്റു തിരകളെ അപേക്ഷിച്ച് ഈ തിരകളെ എളുപ്പം കൊണ്ടു നടക്കാനും സാധിക്കും. പരീക്ഷണത്തിനിടെ 3എംഎം കട്ടിയുള്ള മരത്തിന്റെ ബോര്‍ഡുകളേയും കോളയുടേയും ബിയര്‍ ബോട്ടിലുകളും തകര്‍ക്കാന്‍ ഈ തിരകള്‍ക്ക് സാധിച്ചു. അതുകൊണ്ടു തന്നെ വലിയ മുറിവുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും ഇതിന്റെ തിരകള്‍ കൊള്ളുന്നവര്‍ക്ക് ചെറുതല്ലാത്ത വേദന അനുഭവിക്കേണ്ടി വരുമെന്നുറപ്പ്.
English Summary: Chinese electromagnetic gun for riot control