മികച്ച ശബ്ദ വ്യക്തതയോടെ സോണി W1-C100 നെക്ക്ബാൻഡ്
Mail This Article
സ്മാർട് ഉപകരണരംഗത്തെ പൊതു സ്വഭാവം വച്ചു നോക്കിയാൽ, അഡ്വാൻസ്ഡ് ആയ ഒരു മോഡൽ വരുമ്പോൾ അതിനു മുൻപത്തെ മോഡൽ അടിച്ചുപോകേണ്ടതാണ്. ഫോണുമായി കേബിൾ വഴി കണക്ട് ചെയ്യുന്ന ഇയർഫോണുകൾ പിന്നോട്ടുപോയത് കേബിൾ വേണ്ടാത്ത വയർലെസ് നെക്ബാൻഡ് ഇയർഫോണുകൾ വന്നപ്പോഴാണല്ലോ. ആ നിലയ്ക്ക്, ഇപ്പോൾ ഒട്ടും വള്ളിയില്ലാത്ത ഇയർബഡ്സ് വ്യാപകമായ സാഹചര്യത്തിൽ നെക്ബാൻഡുകളും ഔട്ടാകേണ്ടതാണ്. പക്ഷേ, ഇയർബഡ്സ് എത്രയുണ്ടായാലും നെക്ക്ബാൻഡ് അല്ലോ സുഖപ്രദം എന്നു കരുതുന്ന വലിയൊരു വിഭാഗമുണ്ട്. കാശുകൊടുത്തു വാങ്ങിയ ഇയർബഡ്സ് ചെവിയിൽനിന്ന് ഊരിവീണ് നഷ്ടപ്പെടുമല്ലോ എന്ന ഭയമാണ് പലർക്കും. നെക്ക്ബാൻഡിൽ അങ്ങനെ പേടിക്കാനില്ല. മ്യൂസിക് അനുഭവം ഒട്ടും കുറയുന്നുമില്ല.
അങ്ങനെ പോക്കറ്റ്-ഫ്രണ്ട്‌ലി ആയ ഹെഡ്സെറ്റ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ്, ഇന്റർനാഷനൽ ബ്രാൻഡ് സോണി ഇപ്പോൾ ഒരു മോഡൽ കൂടി രംഗത്തെത്തിച്ചിരിക്കുന്നത്.
ഡിസൈൻ
ഒട്ടും സങ്കീർണമല്ലാത്ത ഡിസൈനാണ് ഈ മോഡലിന്റേത്. വെറും ഇരുപതു ഗ്രാം ഭാരം. ചെവിയിൽ കൃത്യമായിരിക്കുന്ന ബഡ്സ്. ഒതുക്കമുള്ളതായതുകൊണ്ട് ഷർട്ടിന്റെ പോക്കറ്റിലിട്ടാലും പോക്കറ്റ് തൂങ്ങിപ്പോകില്ല.
പ്ലേ, പോസ്, വോളിയം അഡജ്സ്റ്റ്, ട്രാക്ക് മാറ്റം, കോൾ എടുക്കൽ എന്നിവയ്ക്കുള്ള ബട്ടണുകളൊക്കെ വളരെ യൂസർ ഫ്രണ്ട്‌ലി ആയതിനാൽ അതിലേക്കു നോക്കാതെതന്നെ ക്രമീകരിക്കാനാകും.
ഇയർടിപ്സിൽ പിടിപ്പിക്കാനുള്ള സിലിക്കൺ ബഡ്സ് കവർ മൂന്നു വലിപ്പത്തിൽ പായ്ക്കറ്റിലുണ്ട്. ഇയർടിപ്സ് പരസ്പരം ഒട്ടിപ്പിടിക്കുന്ന മാഗ്നറ്റിക് സജ്ജീകരണമില്ല.
ഉപയോഗം
മികച്ച ശബ്ദ വ്യക്തതയാണ് W1-C100ന്റേത്. കുറഞ്ഞ ഫ്രീക്വൻസിയിലും ഉയർന്ന ഫ്രീക്വൻസിയിലും പെർഫോമൻസ് എന്നതാണ് സോണിയുടെ ക്ലെയിം. എല്ലാത്തരം മ്യൂസിക്കിന്റെയും സൂക്ഷ്മ ആസ്വാദനത്തിനുള്ള വ്യക്തത ഇയർബഡ്സിലൂടെ കിട്ടും. 9mmഡൈനമിക് ഡ്രൈവറാണ്.
സോണി ഹെഡ്ഫോൺസ് ആപ് വഴി പല ഉപയോഗങ്ങളും കസ്റ്റമൈസ് ചെയ്യാനുമാകും. ഉപകരണങ്ങളുമായി അനായാസം പെയർ ചെയ്യാനുള്ള സംവിധാനമുണ്ട്. ഒരിക്കൽ ലോഗിൻ ചെയ്ത് പെയർ ചെയ്താൽ ആ ലോഗിൻ ഉള്ള എല്ലാ ഉപകരണങ്ങളിലും അതിവേഗം കണക്ട് ചെയ്യാം. നെക്ക്ബാൻഡ് ഓൺ ചെയ്താലുടൻ സ്ക്രീനിൽ നോട്ടിഫിക്കേഷൻ വരും. ബ്ലൂടൂത്ത് സ്വയം ആക്ടിവേറ്റ് ആകും.
ചാർജ്
യുഎസ്ബി സി പോർട്ട് വഴിയാണു ചാർജ് ചെയ്യേണ്ടത്. അര മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാം. 25 മണിക്കൂർ ലൈഫുണ്ടെന്നു കമ്പനി പറയുന്നു. സാധാരണ ഉപയോഗത്തിന് ഒരാഴ്ചെയെങ്കിലും സുഖമായി ഓടും!
വില
എംആർപി 2790 രൂപയാണെങ്കിലും ഓൺലൈൻ മാർക്കറ്റിൽ ഇപ്പോൾ 1700 രൂപയാണു വില. ആ വിലയ്ക്ക് തികച്ചും നല്ല ചോയ്സ്.
English Summary: Sony WI-C100 Wireless Ear Headphone