ADVERTISEMENT

വര്‍ഷങ്ങളായി പുതുമകളൊന്നും കൊണ്ടുവരാനാകാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച ബ്ലാക്‌ബെറിയുടെ പേരില്‍ പുതിയ 5ജി ഫോണ്‍ ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പഴയ ബ്ലാക്‌ബെറി ഫോണുകള്‍ ഇറക്കിയിരുന്ന റിസര്‍ച് ഇന്‍ മോഷന്‍ ആയിരിക്കില്ല പുതിയ ഫോണ്‍ ഇറക്കുക. ബ്ലാക്‌ബെറി എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കുക എന്നതും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന ഉറപ്പും മാത്രമായിരിക്കും പുതിയ ഫോണിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്പ്പിക്കുക. എല്ലാം അവസാനിച്ചു എന്ന് കമ്പനിയുടെ ആരാധകര്‍ വിശ്വസിച്ചു തുടങ്ങിയ സമയത്താണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് ബ്ലാക്‌ബെറി ഫാന്‍സിന് പൂര്‍ണമായി വിശ്വസിക്കാന്‍ തന്നെ ആകുന്നില്ലെന്നാണ് പറയുന്നത്. അതെ, ബ്ലാക്‌ബെറി പൂര്‍ണമായും മരിച്ചിട്ടില്ല!

∙ റിസര്‍ച് ഇന്‍ മോഷന്‍ അല്ല ഫോണ്‍ ഇറക്കുന്നത്

പുകള്‍പെറ്റ ബ്ലാക്‌ബെറി ഫോണുകള്‍ ഇറക്കിയ കനേഡിയന്‍ കമ്പനി ആര്‍ഐഎം (റിസര്‍ച് ഇന്‍ മോഷന്‍) അല്ല പുതിയ മോഡലുമായി എത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ, ബ്ലാക്‌ബെറി എന്ന പേരുമാത്രം മതി കമ്പനിയെ അറിയാവുന്ന പലരിലും ആത്മവിശ്വാസമുണ്ടാക്കാൻ എന്ന ചിന്തയാണ് പുതിയ ഉദ്യമത്തിനു പിന്നില്‍. രണ്ടായിരങ്ങളില്‍ ബ്ലാക്‌ബെറി ഫോണുകള്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകള്‍ ബാക്കി വച്ചു പോയ കമ്പനിയാണ് അത്.

∙ നോക്കിയ എച്എംഡി ഗ്ലോബല്‍ ഏറ്റെടുത്തുതു പോലെ

ലോകമെമ്പാടുമുള്ള ആദ്യകാല മൊബൈല്‍ ഫോണ്‍ പ്രേമികളെ ഞെട്ടിച്ച സംഭവമായിരുന്നു ബ്ലാക്‌ബെറിയേക്കാള്‍ കൂറ്റന്‍ കമ്പനിയായിരുന്ന നോക്കിയയുടെ പതനം. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത നോക്കിയ കമ്പനിയെ പിന്നീട് പൂട്ടിക്കെട്ടി. തുടർന്ന്, എച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ നോക്കിയുടെ പേരുള്ള സ്മാര്‍ട് ഫോണുകള്‍ ഇറക്കുന്നത്. പ്രിയപ്പെട്ട ഫിനിഷ് കമ്പനിയായ നോക്കിയയുടെ പേരിലുള്ള ഫോണുകള്‍ വാങ്ങാന്‍ ചിലരെങ്കിലും ഇഷ്ടപ്പെട്ടു എന്നതും ഓണ്‍വേഡ്‌ മൊബിലിറ്റിക്ക് പ്രചോദനം ആയിരിക്കാം.

∙ ഓണ്‍വേഡ്‌ മൊബിലിറ്റി മുതലെടുക്കാന്‍ ശ്രമിക്കുന്നതും ഗൃഹാതുരത്വം

ഓണ്‍വേഡ്‌മൊബിലിറ്റി (OnwardMobility) എന്ന കമ്പനിയാണ് ഇനി ബ്ലാക്‌ബെറി ബ്രാന്‍ഡ് നെയിം പേറുന്ന ഫോണുകള്‍ ഇറക്കുന്നത്. അധികമാരും അറിയാത്ത അമേരിക്കന്‍ കമ്പനിയാണിത്. ടെക്‌സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍വേഡ്‌മൊബിലിറ്റി ശ്രമിക്കുന്നത് ബ്ലാക്‌ബെറിയോടുള്ള പഴയ ആവേശം പുനരുജീവിപ്പിക്കാനാണ്. കാലത്തിനൊത്തു പുതുക്കിയ ബ്ലാക്‌ബെറി 5ജി ഫോണ്‍ ആയിരിക്കും അവരിറക്കുക. കമ്പനിയുടെ ആദ്യ ഫോണ്‍ 2021ല്‍ ഇറക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇത് ഇനി ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് പറയുന്നത്.

∙ ബ്ലാക്‌ബെറി ആരാധകര്‍ക്ക് പ്രതീക്ഷ

ബ്ലാക്‌ബെറി ബ്രാന്‍ഡ് നെയിമുള്ള ഫോണ്‍ ഇറക്കുമെന്നു പറഞ്ഞതോടെ എല്ലാവരും വന്‍ പ്രതീക്ഷയിലാണ്. പക്ഷേ, 2021ല്‍ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ഒരു ഫോണ്‍ നിർമിച്ചു വിപണിയിലെത്തിക്കുക എന്നത് വന്‍ വെല്ലുവിളിയായിരുന്നു. ഫോണ്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് പലതും നീട്ടിവയ്‌ക്കേണ്ടതായി വന്നു. എന്നാല്‍, ഈ വര്‍ഷം ഫോണിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരമായി, സമയാസമയങ്ങളില്‍ പുറത്തുവിടുമെന്ന് ഓണ്‍വേഡ്‌മൊബിലിറ്റി വ്യക്തമാക്കുന്നു. ഈ മാസം മുതല്‍ തങ്ങള്‍ ഫോണ്‍ നിര്‍മാണത്തില്‍ ഉണ്ടാക്കുന്ന പുരോഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും.

 

∙ സുരക്ഷയ്ക്കു തന്നെ പ്രാധാന്യം

 

ബ്ലാക്‌ബെറിയുടെ ഫോണുകള്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കുന്നവര്‍ ആണ് ഗൗരവത്തിലെടുത്തിരുന്നത്. ആ പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഓണ്‍വേഡ്‌മൊബിലിറ്റി പറയുന്നു. അതീവ സുരക്ഷയുള്ള, 5ജി ബിസിനസ് ഫോണ്‍ ആയിരിക്കും ഓണ്‍വേഡ്‌മൊബിലിറ്റി ഇറക്കുക. കൂടാതെ, ഫോണിന് ബ്ലാക്‌ബെറിയാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഫിസിക്കല്‍ കീബോര്‍ഡും നിലനിര്‍ത്തും.

blackberry-phone

 

∙ അധികം വിവരമൊന്നും നല്‍കാതെ ഓണ്‍വേഡ്‌മൊബിലിറ്റി 

 

അതേസമയം, പുതിയ വാര്‍ത്തയെ ഗൗരവത്തില്‍ എടുക്കാത്തവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതൊക്കെ തന്നെയാണ് ഓണ്‍വേഡ്‌മൊബിലിറ്റി 2020ലും പറഞ്ഞത് എന്നാണ്. തങ്ങള്‍ 2021ല്‍ ഫോണിറക്കുമെന്ന് പറഞ്ഞിരുന്നു. ഈ വര്‍ഷം ഇറക്കുമെന്നു പറയുന്ന ഫോണിനെക്കുറിച്ചും അധികം വിവരങ്ങള്‍ കമ്പനി പുറത്തുവിടുന്നില്ല. ആകെ പറയുന്നത് ഫിസിക്കല്‍ കീബോര്‍ഡ് ഉണ്ടായിരിക്കുമെന്നും ആന്‍ഡ്രോയിഡ് ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം എന്നും, 5ജി കണക്ടിവിറ്റി ഉണ്ടായിരിക്കും എന്നും മാത്രമാണ്.

 

∙ ഓണ്‍വേഡ്‌മൊബിലിറ്റിയ്ക്ക് വന്‍ വെല്ലുവിളി

 

കൊച്ചു സ്‌ക്രീനിനൊപ്പം ഫിസിക്കല്‍ കീബോര്‍ഡ് ഉൾപ്പെടുന്ന ഒരു 5ജി ഫോണ്‍ ഇറക്കുക എന്നത് വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എങ്ങനെ ആയിരിക്കും ഓണ്‍വേഡ്‌മൊബിലിറ്റി ഈ ഫോണ്‍ യാഥാര്‍ഥ്യമാക്കുക എന്നതു കാണാന്‍ ഇരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍. മുഴുവന്‍ ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ടൈപ്പിങ് നടത്താന്‍ ആളുകള്‍ പഠിച്ചു കഴിഞ്ഞില്ലെ? ഇത്തരം ഫോണ്‍ ഒരു വിജയമാക്കാന്‍ വേണ്ടത്ര പുതിയതും പഴയതുമായി ബ്ലാക്‌ബെറി ഫാന്‍സ് ഉണ്ടായിരിക്കുമോ എന്നതാണ് മറ്റൊരു സംശയം. കൊച്ചു സ്‌ക്രീനില്‍ ഫിസിക്കല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പു ചെയ്യാമെന്നുവയ്ക്കുമോ, അതോ 6.5-ഇഞ്ചിലേറെ വലിപ്പമുള്ള സ്‌ക്രീന്‍ മതിയെന്നു വയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. അതേസമയം, അമേരിക്കന്‍ കമ്പനിയാണ് ഫോണ്‍ ഇറക്കുന്നത് എന്നതും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നതും ബിസിനസ് കസ്റ്റമര്‍മാരെയാണ് ലക്ഷ്യമെന്നതും ചിലര്‍ക്ക് ആകര്‍ഷകമായേക്കുമെന്നു കരുതുന്നു.

 

English Summary: Not Dead Yet: A New Blackberry Phone With 5G Connectivity Is Coming In 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com