സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ കാരണം നിരവധിയാണ്...

Mail This Article
പല മനുഷ്യര്‍ക്കും സഹിക്കാവുന്ന തണുപ്പിന്റെ അളവ് പലവിധമാണ്. ചിലര്‍ എത്ര കടുത്ത തണുപ്പിനേയും സഹിക്കുമ്പോള്‍ മറ്റുചിലര്‍ ചെറിയ തണുപ്പിനെതിരെ പോലും അസഹ്യത പ്രകടിപ്പിക്കുയും ചെയ്യുന്നു. പലവിധമായ ശാരീരിക കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ തണുപ്പിനെ താങ്ങാനുള്ളശേഷി.
സാധാരണ മനുഷ്യ ശരീരത്തിന്റെ ശരാശരി താപനില 36.6 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ അര ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം വരെ പലരുടേയും ശരീര താപനിലയില്‍ കണ്ടുവരാറുമുണ്ട്. സാധാരണഗതിയില്‍ വൈകീട്ട് ആറുമണിയോടെയാണ് ഏറ്റവും ഉയര്‍ന്ന ശരീരതാപനിലയിലേക്കെത്തുക. ഇത് പുലര്‍ച്ചെ നാലരയോടെ ഏറ്റവും കുറയുകയും ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ മനുഷ്യര്‍ക്കിടയില്‍ തന്നെ ശരാശരി ശരീര ഊഷ്മാവ് ഓരോ പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും 0.03 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായിരിക്കും താപനില. മനുഷ്യശരീരത്തിലെ ഏറ്റവും ചൂടേറിയ ഭാഗം മലദ്വാരമാണ്. ചെവി, വായ തുടങ്ങിയ ഭാഗങ്ങളിലും മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൂടുകൂടുതലായിരിക്കും. ഇനി ഏറ്റവും ചൂട് കുറഞ്ഞ ഭാഗമേതാണെന്നാണ് ചോദ്യമെങ്കില്‍ കക്ഷമെന്നാകും ഉത്തരം. മനുഷ്യശരീരത്തിന്റെ ഊഷ്മാവിനെ ബാധിക്കുന്ന പ്രധാന കാരണങ്ങളെന്തെല്ലാമെന്ന് നോക്കാം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ശരീരോഷ്മാവ് സാധാരണ ഉയര്ന്നാണിരിക്കുക. ഇതിന് പലകാരണങ്ങളുമുണ്ട് വെറുതേയിരിക്കുമ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ശരീരമാണ് കൂടുതല്‍ ഊര്‍ജ്ജം കത്തിച്ചുകളയുന്നത്. പേശികളുടെ അളവ് കൂടുതലായതുകൊണ്ടാണിത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൈകാലുകളിലെ ചര്‍മത്തിനടിയിലെ കൊഴുപ്പ് ഇരട്ടിയോളമായിരിക്കും. ഇതും പേശികളില്‍ നിന്നുള്ള ചൂട് ശരീരത്തിന് അനുഭവപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുന്നതിന് കാരണമാകുന്നു.
മാസമുറയുടെ സമയത്ത് സ്ത്രീകളുടെ ശരീരോഷ്മാവ് 35.9 ഡിഗ്രിമുതല്‍ 36.7 ഡിഗ്രി വരെ മാറിമറിയുന്നതും കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ കാരണമാകാറുണ്ട്. സ്ത്രീകളുടെ സെക്സ് ഹോര്‍മോണായ ഇസ്ട്രജന്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കാറുണ്ട്. ഇതും ശരീര താപനില കുറക്കുന്നതിന് കാരണമാകുന്നു.
ചില അസുഖങ്ങളും തണുപ്പിനെ അസഹനീയമാക്കാറുണ്ട്. ശരീരത്തിന്റെ പലഭാഗത്തേക്കും കൃത്യമായി രക്തയോട്ടം ഉണ്ടാവാത്തതിനെ തുടര്‍ന്നുണ്ടാകുന്ന അസുഖമാണ് റെയ്നോഡ്സ്. ഈ അസുഖമുള്ളവരുടെ കൈകാല്‍ വിരലുകളിലും ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിലും പെട്ടെന്ന് തണുപ്പ് അനുഭവപ്പെടാറുണ്ട്. ശരീരം മുഴുവന്‍ തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും അസഹ്യമായ വേദന ഈ ഭാഗങ്ങളില്‍ റെയ്നോഡ്സ് രോഗികള്‍ക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. തെയ്റോയിഡ് ഗ്രന്ധി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴുണ്ടാവുന്ന ഹെയ്പോതെയ്റോയിഡിസം ബാധിക്കുന്ന ചിലരിലും ഇങ്ങനെ തണുപ്പിന് സഹിക്കാനാവാത്ത സാഹചര്യം ഉണ്ടാവാറുണ്ട്.
രക്തധമനികളില്‍ പ്ലാക്ക് അധവാ കൊഴുപ്പ് അടിഞ്ഞു കൂടി ആര്ട്ടെരിയോസ്ക്ലെറോസിസ് എന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് തന്നെയാണ് പലപ്പോഴും ഹൃദയാഘാതത്തിന് കാരണമാകുന്നതും. കൈകാല്‍ വിരലുകളിലേക്കുള്ള രക്തധമനികളിലേക്കുള്ള രക്തയോട്ടം ഇക്കാരണത്താല്‍ കുറഞ്ഞാല്‍ അതും അധികമായി തണുപ്പ് അനുഭവപ്പെടാന്‍ കാരണമാകാറുണ്ട്. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായേക്കാവുന്ന പ്രശ്നമാണിത്.
തണുപ്പടിച്ചാല്‍ പൊള്ളുന്നതുപോലെ അനുഭവപ്പെടുന്നവരുമുണ്ട്. ഇതിന്റെ കാരണം പ്രത്യേകതരം ഭക്ഷ്യവിഷബാധയാണ്. പ്രതിവര്‍ഷം അരലക്ഷം മുതല്‍ അഞ്ച് ലക്ഷം പേര് വരെ ആഗോളതലത്തില്‍ ഈ ഭക്ഷ്യവിഷബാധക്ക് ഇരയാവാറുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ചില പ്രത്യേകതരം സമുദ്ര പ്ലവകങ്ങളിലെ വിഷം ശരീരത്തിലെത്തുന്നതാണ് പ്രശ്നകാരണം. ഭക്ഷ്യശൃംഖലയുടെ ഭാഗമായി ഇവയെ കഴിക്കുന്ന ചില മത്സ്യങ്ങള്‍ വഴിയാണ് ഈ വിഷം മനുഷ്യശരീരത്തിലേക്കെത്തുന്നത്.
ഭക്ഷണം ചൂടാക്കി പാകം ചെയ്യുന്നതുകൊണ്ട് നശിക്കാത്ത വിഷമാണിത്. വയറുവേദന അടക്കമുള്ള ലക്ഷണങ്ങളാണ് ഈ ഭക്ഷ്യവിഷബാധക്കിരയാവുന്നവര് കാണിക്കുക. കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥക്കും മരണത്തിന് വരെയും ഇത് കാരണമാവാറുണ്ട്. ചൂടും തണുപ്പും പരസ്പരം മാറി പോകുന്ന അനുഭവവും രോഗികള്ക്കുണ്ടാവാറുണ്ട്. തണുത്തവെള്ളം കയ്യില്‍ തട്ടിയാല്‍ തീയേറ്റ് പൊള്ളിയ അനുഭവമായിരിക്കും ഉണ്ടാവുക. പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാത്ത ഈ അവസ്ഥ മാസങ്ങളും ചിലരില്‍ വര്‍ഷങ്ങള്‍ വരെയും നീണ്ടു നില്‍ക്കാറുണ്ട്.
English Summary: Women feel more cold than men