കൊറോണ വൈറസ് ചോർന്നത് ലാബില്‍ നിന്ന്? ഫൗച്ചിയുടെ പുറത്തായ മെയിലുകള്‍ പറയുന്നതെന്ത്?
Mail This Article
അമേരിക്കയിലെ സാംക്രമികരോഗ വിദഗ്ധന്‍ ആന്റണി ഫൗച്ചി എക്കാലത്തും ഒരു വിവാദപുരുഷനാണ്. അദ്ദേഹം 1980കളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗന്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരുടെയും കീഴില്‍ ജോലിയെടുത്തയാള്‍ എന്നതു തന്നെ അദ്ഭുതമാണ്. എന്തുകൊണ്ടാണ് ഇദ്ദേഹത്തെ മാറിമാറി വന്ന പ്രസിഡന്റുമാരൊന്നും മാറ്റാതിരുന്നതെന്നാണ് ഗൂഢാലോചനാ വാദക്കാര്‍ ചോദിക്കുന്നത്. സാംക്രമികരോഗങ്ങളെക്കുറിച്ചും അവയെ നേരിടേണ്ട രീതികളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളുടെ ഒരു നിധിശേഖരമാണ് ഫൗച്ചിയെന്നാണ് ഒരു കൂട്ടര്‍ പറയുന്നതെങ്കില്‍, കൊറോണ വൈറസ് ലാബ് വഴിയാണ് പുറത്തായതെങ്കില്‍ അതിന്റെ ഒരു പങ്ക് അദ്ദേഹത്തിന്റേതാണെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
വുഹാനിലെ വിവാദ ലാബിന് ഫൗച്ചി നേതൃത്വം നല്‍കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് 3.4 ദശലക്ഷം ഡോളര്‍, ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്കോഹെല്‍ത് അലയന്‍സ് എന്ന സംരംഭം വഴി കൈമാറിയെന്നാണ് ആരോപണം. (എക്കോഹെല്‍ത് അലയന്‍സ് ഫൗച്ചിയുടെ ബെനാമി സ്ഥാപനമാണെന്ന് ആരോപിക്കുന്നവരും ഉണ്ട്.) ഒരു ജീവിവര്‍ഗത്തില്‍ നിന്ന് വേറൊന്നിലേക്ക് പകരുന്ന വൈറസുകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള ഗവേഷണത്തിനാണ് തുക നല്‍കിയതെന്നാണ് ഫൗച്ചി നല്‍കുന്ന വിശദീകരണം. അതേസമയം, ഗെയ്ന്‍ ഓഫ് ഫങ്ഷന്‍ പരീക്ഷണങ്ങള്‍ക്കായി വുഹാന്‍ വൈറോളജി ലാബിനെ വാടകയ്ക്ക് എടുക്കുകയായിരുന്നു എന്നാണ് മറ്റൊരു ആരോപണം. ഇതൊക്കെ ഇപ്പോഴും ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നാണ് പല പ്രമുഖ മാധ്യമങ്ങളും കൈക്കൊണ്ടിരിക്കുന്ന നിലപാട്.
∙ ചോർന്ന ഇമെയിലുകള്‍
വിവാദ നായകന്‍ ഫൗച്ചിയുടെ 300 പേജ് വരുന്ന ഇമെയിലുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവയുടെ വരികള്‍ക്കിടയില്‍ വായിച്ച പലരും കൊറോണ വൈറസിനെക്കുറിച്ചുള്ള പല കാര്യങ്ങളും മൂടിവെച്ചവരുടെ കൂട്ടത്തില്‍ ഫൗച്ചിയുമുണ്ടെന്നുള്ള ആരോപണമാണ് ഉയര്‍ത്തുന്നത്. വൈറസിന്റെ പാത പിന്തുടര്‍ന്ന് അന്വേഷകര്‍ ആരും വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ എത്താതിരിക്കാനുള്ള പല തടസങ്ങളും ഫൗച്ചി സ്വയം സൃഷ്ടിച്ചിരിക്കാമെന്ന അനുമാനത്തിലാണ് പലരും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇക്കാര്യങ്ങളിലൊന്നും ഇതുവരെ നിര്‍ണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്തായാലും, ഫൗച്ചി പോലും ഗത്യന്തരമില്ലാതെ കൊറോണവൈറസ് എവിടെ നിന്നു വന്നു എന്നതിനെക്കുറിച്ച് ഒരു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന സമയവുമാണിപ്പോള്‍.
∙ ഫൗച്ചിയുടെ ഇമെയിലുകള്‍ എങ്ങനെ പുറത്തായി?
ഇമെയിലുകൾ പുറത്തായതല്ല, ഇവയുടെ കോപ്പികള്‍ ദി വാഷിങ്ടണ്‍ പോസ്റ്റും, ബസ്ഫീഡും 'വിവരാവകാശ നിയമപ്രകാരം' സംഘടിപ്പിച്ചതാണ്. മഹാമാരിയുടെ തുടക്കം മുതല്‍ ഫൗച്ചി എങ്ങനെയാണ് ഇതേക്കുറിച്ച് പ്രതികരിച്ചത് എന്നതിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച തരുന്നവയാണ് ഇവ. മെയിലുകള്‍ 2020 ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ ഫൗച്ചി അയച്ചവയാണ്. ബസ്ഫീഡ് 3,234 പേജുകളും ഒരു പ്രത്യേക സൈറ്റായി പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.
∙ ലാബില്‍ നിന്നു പുറത്തുവന്നതാണോ വൈറസ്?
ഈ വാദമുന്നയിക്കുന്നവര്‍ ഒരു ഇമെയിലാണ് എടുത്തുകാണിക്കുന്നത്. ഇത് കലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വൈറോളജിസ്റ്റായ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണും ഫൗച്ചിയും തമ്മില്‍ നടത്തിയ മെയില്‍ കൈമാറ്റത്തിന്റെ ഭാഗമാണ്. ക്രിസ്റ്റ്യന്‍ ഫൗച്ചിക്ക് എഴുതിയ മെയിലില്‍ പറയുന്നത് സാര്‍സ്-കോവ്-2ന്റെ അസാധാരണ ഫീച്ചറുകള്‍ ജീനോമിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് (<0.1%). അതിനാല്‍ എല്ലാ സീക്വന്‍സുകളെയും സസൂക്ഷ്മം പഠിച്ചാല്‍ മാത്രമായിരിക്കും ഇത് കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന് അറിയാന്‍ സാധിക്കൂ എന്നു വാദിക്കുന്നു. കൃത്രിമമായി സൃഷ്ടിച്ചതായിരിക്കാമെന്ന സംശയം ഉന്നയിച്ചതാണ് ലാബില്‍ നിന്നു ലീക്കു ചെയ്തതാകാമെന്ന വാദക്കാരെ പെട്ടെന്ന് ജാഗരൂഗരാകാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ആഴ്ചകള്‍ക്കുള്ളില്‍ തന്റെ വാദത്തില്‍ നിന്ന് ക്രിസ്റ്റ്യന്‍ മലക്കംമറിയുന്നുമുണ്ട്.
അതേസമയം, നേച്ചര്‍ മെഡിസിന്‍ എന്ന ജേണല്‍ മാര്‍ച്ച് 2020യില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ കൊറോണവൈറസില്‍ അത്തരം ഒരു സാധ്യത കണ്ടില്ലെന്നു പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ലാബ് ഇടപെടലിന് സാധ്യതയില്ല എന്നാണ് അവര്‍ പറയുന്നത്. സാര്‍സ്-കോവ്-2ന്റെ എല്ലാ സവിശേഷ ലക്ഷണങ്ങളും പരിശോധിച്ചുവെന്നും പ്രകൃതിയിലുള്ള കൊറോണ വൈറസുകളില്‍ ഇല്ലാത്തതായ ഒന്നും അതിലില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്ന കൊറോണ വൈറസ് നടത്തിയ സൂനോട്ടിക് (zoonotic- മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍)ന് മുൻപ് മറ്റേതെങ്കിലും മൃഗത്തില്‍ വസിച്ചിരിക്കാമെന്നാണ്. ഈ കൊറോണ വൈറസ് വവ്വാലുകളില്‍ കാണപ്പെടുന്ന വകഭേദമാണ് എന്നാണ് പൊതുവെ ഗവേഷകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അവ ഇതിനു മുൻപ് മറ്റേതോ ആതിഥേയ ജീവിയില്‍ വസിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. ഈ ജീവിയെ അല്ലെങ്കില്‍ മൃഗത്തെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവിടെയാണ് ലാബില്‍ നിന്നു പുറത്തുവന്നതാകാമെന്ന വാദത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നത്. മറ്റൊരു ജീവിയിലേക്കു പകര്‍ന്ന ശേഷം മനുഷ്യനിലേക്കു പിടിച്ചതാണ് പ്രശ്‌നമായത് എന്നാണ് വിലയിരുത്തല്‍. ആ മറ്റൊരു ജിവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല, അത് ലാബില്‍ സംഭവിച്ചതാണെങ്കിലോ എന്നാണ് ഉയരുന്ന ചോദ്യം.
ഫൗച്ചിയുടെ മെയിലുകള്‍ പുറത്തായതോടെ ക്രിസ്റ്റ്യന്‍ തന്റെ ആദ്യ വാദം മാറ്റാനുള്ള സാഹചര്യമെന്താണ് എന്നു വിശദീകരിക്കാന്‍ മാധ്യമങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം പറയുന്നത് തന്റെ വിവാദ മെയിലില്‍ തന്നെ മറ്റൊരിടാത്ത് ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞിട്ടുണ്ടെന്നാണ്. താന്‍ അങ്ങനെ ചെയ്തുവെന്നും അതുകൊണ്ടാണ് ലാബില്‍ നിന്നു പുറത്തുവരാനുള്ള സാധ്യത ഏറക്കുറെ പൂര്‍ണമായും തള്ളിക്കളഞ്ഞതെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍, ലാബില്‍ നിന്നു പുറത്തായതാകാമെന്ന വാദം തള്ളിക്കളയുന്ന കാര്യത്തില്‍ ഗവേഷകര്‍ അമിതാവേശം കാണിച്ചുവെന്നു വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ ഈ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ക്രിസ്റ്റ്യന്‍ പറയുന്നത്. ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ വല്ലതും പറഞ്ഞു നടക്കുന്നതെന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
∙ ഫൗച്ചിയുടെ നിലപാടെന്ത്?
കൊറോണ വൈറസ് ബാധമൂലം രാജ്യങ്ങളും ജനങ്ങളും എന്തു ചെയ്യണമെന്നറിയാതെ പകച്ചപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ ആധികാരികമായ അഭിപ്രായത്തിനായി സമീപിച്ചത് ഫൗച്ചിയെ ആണ്. അതേസമയം വുഹാന്‍ ലാബിന് ഫൗച്ചിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പണം കൈമാറിയെന്ന കണ്ടെത്തല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ഗെയ്ന്‍ ഓഫ് ഫങ്ഷന്‍ ഗവേഷണത്തിനു വേണ്ടിയായിരുന്നു ഈ പ ണമെന്നും പറയുന്നു. എന്നാല്‍, താന്‍ ഗെയ്ന്‍ ഓഫ് ഫങ്ഷനു വേണ്ടി പണം കൈമാറിയിട്ടില്ലെന്ന് ഫൗച്ചിയും വാദിക്കുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടുകഴിഞ്ഞു. എല്ലാക്കാര്യങ്ങളും പരിശോധക്കട്ടെ എന്നാണ് ഫൗച്ചി എടുത്തിരിക്കുന്ന അവസാന നിലപാട്. ഇക്കാര്യങ്ങളിലെല്ലാം എന്തു കണ്ടെത്തലുകളാകണ് ഉണ്ടാകുക എന്ന കാര്യമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം മുഴുവന്‍.
English Summary: Fauci’s 2,000 emails a day show how little U.S. officials knew in the early days of the Covid pandemic