നൂറ്റാണ്ടുകൾ പഴക്കമുള്ള നാസ്ക ചിത്രങ്ങൾ, ഇന്നും രഹസ്യം! ചുരുളഴിക്കാൻ എഐ

Mail This Article
മനുഷ്യവിജ്ഞാനത്തിന്റെ സകല തുറകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ കടന്നുകയറുന്ന കാഴ്ചയ്ക്കാണ് ഈ കാലം സാക്ഷ്യം വഹിക്കുന്നത്. സകലമേഖലകളിലും ശക്തി പ്രകടിപ്പിക്കുന്ന എഐ ചരിത്ര, പുരാവസ്തു പഠനത്തിലും വളരെ ശ്രദ്ധേയമായ ഒരു മാർഗമാകുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ.
ചരിത്രാതീത കാലത്തോളം നീണ്ടുകിടക്കുന്ന പഴമയിൽ, മനുഷ്യന് ഇതുവരെ വിശദീകരിക്കാൻ ആകാത്ത ഒട്ടേറെ ചിഹ്നങ്ങളും എഴുത്തുകളും ലിപികളും ചിത്രങ്ങളുമൊക്കെയുണ്ട്. ഇവ വിലയിരുത്തി ഇവയുടെ രഹസ്യം വെളിവാക്കുന്നതിൽ എഐ സഹായകമാകുമെന്നാണു കരുതപ്പെടുന്നത്.കുസ്കോ, ഇൻക തുടങ്ങിയ ആദിമസംസ്കാരങ്ങൾ നിലനിന്നയിടമാണ് തെക്കേ അമേരിക്കൻ രാജ്യം പെറു. പെറുവിലെ ദുരൂഹമായ സംഭവങ്ങളാണ് നാസ്ക ചിത്രങ്ങൾ.

ഏറ്റവും ദുരൂഹതയുള്ള ആസ്ട്രനോട്ട്
മൃഗങ്ങളുടെയും മനുഷ്യരുടെയും ആളുകളുടെയും രൂപമുള്ള ചിത്രങ്ങൾ അടങ്ങിയവയാണ് ഇവ. മുകളിൽ നിന്നു നോക്കിയാൽ മാത്രമേ ഈ ചിത്രങ്ങൾ മനസ്സിലാവുകയുള്ളൂ. ഇതിനു 700ൽ അധികം നാസ്ക ചിത്രങ്ങൾ മനുഷ്യർക്ക് അറിയാം.ഇതിൽ ഏറ്റവും ദുരൂഹതയുള്ള ചിത്രം, മനസ്സിലാവാത്ത ചില വിവരണങ്ങളോടെ വരച്ചിട്ടുള്ള 'ആസ്ട്രനോട്ട്' എന്ന ചിത്രമാണ്.

ഇതൊരു അന്യഗ്രഹജീവിയെയാണ് കാണിക്കുന്നത് എന്നു ചിലർ വിശ്വസിക്കുന്നു. മനുഷ്യരാശിയെ അദ്ഭുതപ്പെടുത്തുന്ന ഈ ചിത്രങ്ങളുടെ രഹസ്യം കണ്ടെത്താൻ എഐ സഹായകമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഒളിഞ്ഞിരിക്കുന്ന ചില നാസ്ക ചിത്രങ്ങൾ അടുത്തിടെ എഐ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു.എഡി 1 മുതൽ 700 വരെ ഇവിടെ ജീവിച്ച നാസ്ക വിഭാഗത്തിലെ ആളുകളാണ് ചിത്രങ്ങൾ വരച്ചത്.

അന്യഗ്രഹജീവികൾ ലാൻഡിങ് സൈറ്റായി ഉപയോഗിച്ച പ്രദേശം
1930ൽ അമേരിക്കൻ ചരിത്രകാരനായ പോൾ കൊസോക്, ഈ ചിത്രങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ കാര്യങ്ങൾക്കായാണു നാസ്കകൾ വരച്ചതെന്ന് പറഞ്ഞു. നാസ്കകൾ ജ്യോതിശ്ശാസ്ത്രത്തിൽ തൽപരരായിരുന്നു.‘ചാരിയറ്റ് ഓഫ് ഗോഡ്സ്’ എന്ന വിഖ്യാത ഗൂഢവാദ പുസ്തകത്തിന്റെ രചയിതാവായ എറിക് വോൺ ഡാനികൻ, അന്യഗ്രഹജീവികൾ തങ്ങളുടെ ലാൻഡിങ് സൈറ്റായി ഉപയോഗിച്ച പ്രദേശമാണിതെന്ന് പുസ്തകത്തിൽ വിശേഷിപ്പിച്ചു. എന്നാൽ 1960ൽ ഈ മേഖലയിൽ പഠനം നടത്തിയ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറാൾഡ് ഹോക്കിൻസ് ഈ വാദത്തെ എതിർത്തു.
പെറുവിന്റെ അയൽരാജ്യമായ ചിലെയിലും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം വിശേഷങ്ങളുണ്ട്. അന്യകഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ. ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലിയൻ സർക്കാർ തുടക്കമിട്ടിരുന്നു.