മഞ്ഞുഛിന്നഗ്രഹങ്ങളെ ചൊവ്വയിലേക്ക് ഇടിച്ചിറക്കും; ടെറാഫോമിങ് നടത്തി 'ഭൂമിയാക്കി' മാറ്റും

Mail This Article
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു പുതിയൊരു പഠനം. ഡോ. ലെസെക് ചെകോവ്സ്കിയാണു പഠനവുമായി രംഗത്തുവന്നിട്ടുള്ളത്.
മഞ്ഞുനിറഞ്ഞ ഛിന്നഗ്രഹങ്ങളെ ചൊവ്വയിലേക്ക് ഇടിച്ചിറക്കി ഗ്രഹത്തിന്റെ അന്തരീക്ഷ സമ്മർദ്ദം കുറച്ച് വാസയോഗ്യമാക്കാമെന്ന് ഈ ഗവേഷകർ പറയുന്നു. ചൊവ്വയിലെ ഹെല്ലസ് പ്ലാനീഷ്യ എന്ന മേഖലയാണത്രേ ഇതിന് ഏറ്റവും പറ്റിയ മേഖല. ചൊവ്വയ്ക്കടുത്ത് ഛിന്നഗ്രഹങ്ങളുണ്ടെങ്കിലും അവയിൽ ജലാംശവും നൈട്രജൻ സാന്നിധ്യവും കുറവാണ്. എന്നാൽ നെപ്റ്റ്യൂണിനപ്പുറമുള്ള കൈപ്പർ ബെൽറ്റ് മേഖലയിലെ മഞ്ഞുഛിന്നഗ്രഹങ്ങൾ ഇതിനു വളരെ അനുയോജ്യമാണ്. എന്നാൽ ഇവയെ ചൊവ്വയിലേക്കു കൊണ്ടുവരുന്നത് വലിയൊരു കടമ്പയാണത്രേ.

ഒരുപാട് ഇന്ധനമുപയോഗിച്ച് ഇവയെ എത്തിക്കേണ്ടിവരും. അതീവ ദുഷ്കരവും സങ്കീർണവുമായിരിക്കും ഈ പ്രക്രിയയെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഭൂമിയുടെ അയൽപക്കത്തുള്ള ചുവന്നഗ്രഹം സത്യം പറഞ്ഞാൽ ഒരു മരുഭൂമിയാണ്. ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണ് ചൊവ്വ. ഇതിന്റെ ഇംഗ്ലിഷ് പേരായ മാർസ് ലഭിച്ചത് റോമൻ ഐതിഹ്യത്തിലെ യുദ്ധദേവതയിൽ നിന്നാണ്.
മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിലേക്കെത്തുമ്പോൾ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതാണ് ഗ്രഹത്തിന്റെ താപനില. ഗ്രഹത്തിന്റെ ഭൂതകാലത്ത് ചൊവ്വ വളരെ സജീവമായിരുന്നെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതം
സൗരയൂഥത്തിൽ മെർക്കുറി കഴിഞ്ഞാൽ വലുപ്പം കൊണ്ട് കുഞ്ഞനാണു ചൊവ്വ. 6791 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയെ അപേക്ഷിച്ച് ചൊവ്വയുടെ ഗുരുത്വബലം വളരെ കുറവാണ്. ഭൂമിയിൽ ചാടുന്നതിന്റെ മൂന്നുമടങ്ങു പൊക്കത്തിൽ അതേബലം കൊണ്ടു ചാടാൻ ചൊവ്വയിൽ കഴിയും.ഇതൊക്കെയാണെങ്കിലും അതിശയകരമായ ഘടനകളും പ്രകൃതിസൃഷ്ടികളും ചൊവ്വയിലുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതം സ്ഥിതി ചെയ്യുന്നത് ചൊവ്വയിലാണ്.
ഒളിംപസ് മോൺസ് എന്നാണ് ഇതിന്റെ പേര്. 24 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഭൂമിയിലെ ഏറ്റവും വലിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ മൂന്നിരട്ടിപ്പൊക്കം.ചന്ദ്രനുകളുടെ കാര്യത്തിൽ ഭൂമിയേക്കാൾ സമ്പന്നനാണു ചൊവ്വ. രണ്ട് സ്വാഭാവിക ചന്ദ്രൻമാർ ചൊവ്വയ്ക്കുണ്ട്. ഫോബോസ്, ഡീമോസ് എന്നാണ് ഇവയുടെ പേര്.
ചൊവ്വയിൽ ജലസാന്നിധ്യം
24 മണിക്കൂറും 37 മിനിറ്റുമാണ് ചൊവ്വയിലെ ഒരു ദിനം. ഏകദേശം ഭൂമിയുമായി താരതമ്യമാകാവുന്ന ദിനദൈർഘ്യമാണ് ഇത്. എന്നാൽ വർഷത്തിന്റെ ദൈർഘ്യത്തിൽ ചൊവ്വ തീർത്തും വ്യത്യസ്തമാണ്. 687 ഭൗമദിനങ്ങളടങ്ങിയതാണ് ചൊവ്വയിലെ ഒരു വർഷം. ചൊവ്വയിൽ ജലസാന്നിധ്യമില്ലെന്ന് ദീർഘനാൾ കരുതപ്പെട്ടിരുന്നെങ്കിലും 2018ൽ ഈ ധാരണ തെറ്റാണെന്നു തെളിഞ്ഞു.
ഭാവിയിൽ മനുഷ്യവംശം ഭൂമിയുെട അതിരുകൾ വിട്ട് പ്രപഞ്ചത്തിലെ വാസയോഗ്യമായ ഇടങ്ങൾ തേടിപ്പോകുമെന്നൊരു ചിന്ത നിലനിൽക്കുന്നുണ്ട്. ഗ്രഹങ്ങളിൽ നിന്നു ഗ്രഹങ്ങളിലേക്കുള്ള പ്രയാണം. പലയിടത്തും മനുഷ്യർ കോളനികൾ സ്ഥാപിക്കുമെന്നും അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ്യ വസ്തുക്കളുമൊക്കെ ഘനനം ചെയ്തെടുക്കുമെന്നുമൊക്കെ പ്രതീക്ഷ നിലനിൽക്കുന്നു. ഇത്തരത്തിലുള്ള പ്രയാണങ്ങളിൽ ഏറ്റവും ആദ്യത്തേത് തന്നെ ഒരു പക്ഷേ ചൊവ്വയിലേക്കാകാം.

ഇലോൺ മസ്കിന്റെ ലക്ഷ്യം
ചൊവ്വാക്കോളനികൾ എന്ന ആശയം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയും സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ ഉടമയുമായ ഇലോൺ മസ്കും പുലർത്തുന്നു. സ്പേസ് എക്സ് തയാറാക്കിക്കൊണ്ടിരിക്കുന്ന സ്റ്റാർഷിപ് റോക്കറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്നെ ചൊവ്വയിലേക്കുള്ള യാത്രയാണ്.
മനുഷ്യരാശി പ്രാചീന കാലാദശയിൽ തന്നെ ചൊവ്വയെ വീക്ഷിക്കുന്നുണ്ട്. 1976ൽ ചൊവ്വയിലിറങ്ങിയ വൈക്കിങ് ലാൻഡേഴ്സാണ് ആദ്യമായി ചൊവ്വയിലെത്തിയ ലാൻഡർ ദൗത്യം.നിലവിൽ പെഴ്സിവീയറൻസും ഓപ്പർച്യൂണിറ്റിയും നാസയുടേതായി ചൊവ്വയിലുള്ള റോവർ ദൗത്യങ്ങളാണ്.