ആപ്പിളിനും അന്ധവിശ്വാസം, ഐഫോണിന്റെ പേരിടല്‍ രീതി മാറ്റും?; എല്‍ജി സ്മാര്‍ട് ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ചു
Mail This Article
ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ആപ്പിളിന്റെ സ്മാര്‍ട് ഫോണ്‍ സീരീസിന് ഐഫോണ്‍ 13 എന്നാണ് പേരിടേണ്ടത്. പക്ഷേ, രസകരമായ ഒരു അഭ്യൂഹം ഇന്റർനെറ്റിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പൊതുവെ 13 എന്ന സംഖ്യ ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന ഒന്നായി കാണുന്നതിനാല്‍ ആപ്പിള്‍ ഈ വര്‍ഷം പേരിടല്‍ രീതിക്കു മാറ്റം വരുത്തിയേക്കുമെന്നാണ്. ഈ അഭ്യൂഹം പ്രചരിച്ചതിനെത്തുടര്‍ന്ന് ആപ്പിളും അന്ധവിശ്വാസിയായോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇതുവരെ പിന്തുടരാത്ത തരത്തിലുള്ള എന്തെങ്കിലുമൊരു പേരിടല്‍ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് ആപ്പിളെന്നും അഭ്യൂഹങ്ങളുണ്ട്.
∙ ഈ വര്‍ഷം ഐഫോണുകള്‍ക്ക് വില കുറയും?
പേരിടല്‍ എങ്ങനെയെങ്കിലും ആകട്ടെ! വിലയോ? ഈ വര്‍ഷം ഐഫോണുകള്‍ക്ക് ഐഫോണ്‍ 12 സീരീസിനെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ പ്രീമിയം ഹാന്‍ഡ്‌സെറ്റുകളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ നേരത്തെ പറഞ്ഞുകേട്ടതു പോലെ തന്നെയാണ്. ഇതുവരെ തുടര്‍ന്ന പേരിടല്‍ രീതിയാണ് തുടരുന്നതെങ്കില്‍ ഐഫോണ്‍ 13, 13 പ്രോ, 13 പ്രോ മാക്‌സ്, 13 മിനി എന്നിങ്ങനെയായിരിക്കും വിളിക്കുക. പ്രോ മാക്‌സിന് 6.7-ഇഞ്ച് വലുപ്പമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ എന്നിവയ്ക്ക് 6.1-ഇഞ്ച് വലുപ്പം പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 13 മിനിക്ക് 5.4-ഇഞ്ച് വലുപ്പവുമാണ് പ്രതീക്ഷിക്കുന്നത്.
∙ ഐഫോണ്‍ 13ന് നോച്ച് ഉണ്ടായിരിക്കും
നേരത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ സീരീസിനും നോച്ച് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഐഫോണ്‍ 12ന്റെ നോച്ചിനെ അപേക്ഷിച്ച് അല്‍പം ചെറുതായിരിക്കുമെന്നും പറയുന്നു.
∙ എല്‍ജി സ്മാര്‍ട് ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നു
ദക്ഷിണ കൊറിയയില്‍ നിന്നുള്ള രണ്ടു ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ഭീമന്മാരായ സാംസങ്ങിനും എല്‍ജിക്കും രണ്ടു കഥകളാണ് പറയാനുള്ളത്. സാംസങ് ലോകത്തിലെ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി വിലസുകയാണെങ്കില്‍ എല്‍ജിക്ക് ഫോണ്‍ നിര്‍മാണം കനത്ത നഷ്ടമാണ് സമ്മാനിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തനിടയില്‍ 4.5 ബില്ല്യന്‍ ഡോളറാണ് സമാര്‍ട് ഫോണ്‍ നിര്‍മാണം കാരണം എല്‍ജിക്കു വരുത്തിവച്ച നഷ്ടം. ഇതിനാല്‍ തന്നെ ഇനി തങ്ങള്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍ജി. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എല്‍ജിക്ക് എടുത്തുപറയത്തക്ക സാന്നിധ്യമുള്ളത് നോര്‍ത്ത് അമേരിക്കയില്‍ മാത്രമാണ്- 10 ശതമാനം. ഇതും ഇനി സാംസങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ വിഴുങ്ങും. കടുത്ത മത്സരം നടക്കുന്ന സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് മാറി ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങള്‍ നിർമിച്ചു നല്‍കാനും മറ്റുമായിരിക്കും കമ്പനി ഇനി ശ്രദ്ധിക്കുക എന്നും പറയുന്നു.
മറ്റൊന്നു കൂടി ഇവിടെ ഓര്‍ക്കണം, 2013ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായിരുന്നു എല്‍ജി. ആപ്പിളിനും സാംസങ്ങിനു പിന്നിലായി നിലയുറപ്പിച്ചിരുന്ന കമ്പനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിന്നോട്ടുപോയി. തുടര്‍ന്ന് അവരുടെ സ്മാര്‍ട് ഫോണുകള്‍ക്ക് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ വരികയായിരുന്നു. ഇതുകൂടാതെയാണ് ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം. ഷഓമി, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെതിരെ വേണ്ട തന്ത്രങ്ങള്‍ ഒരുക്കാതിരുന്നതും കമ്പനിയ്ക്ക് തിരിച്ചടിയായെന്ന് വിദഗ്ധര്‍ പറയുന്നു. എന്തായാലും, നോക്കിയക്കു ശേഷമുള്ള ഒരു വമ്പന്‍ കമ്പനിയുടെ പതനമെന്നാണ് എല്‍ജിയെ കുറിച്ച് ഇപ്പോള്‍ പറയുന്നത്.
∙ സർക്കാരിന്റെ ഉമാങ് പ്ലാറ്റ്‌ഫോമില്‍ ഇനി വോയിസ് സേവനങ്ങളും
ഇന്ത്യാ സർക്കാരിന്റെ മാസ്റ്റര്‍ ആപ്പായ ഉമാങില്‍ (Umang) ഇനി വോയിസ് സേവനങ്ങളും ലഭ്യമാക്കും. നൂറിലേറെ സർക്കാർ സേവനങ്ങളാണ് ആപ്പ് വഴി നടത്താനാകുക. ആപ്പില്‍ വോയിസ് കമാന്‍ഡ് ഉള്‍പ്പെടുത്താനുള്ള അവകാശം നല്‍കിയിരിക്കുന്നത് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്‌ഫോര്‍ത് എഐ റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിൾ സിറി, ആമസോണ്‍ അലക്‌സ തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെ പോലെയായിരിക്കുമിത് പ്രവര്‍ത്തിക്കുക. ഉമാങ് ആപ്പില്‍ ഇനി ചാറ്റും വോയിസ് കമാന്‍ഡും സാധ്യമാകും. ഉദാഹരണത്തിന് ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് എവിടെയാണ് ലഭ്യമാകുക, എങ്ങനെയാണ് പാനും ആധാറുമായി ബന്ധിപ്പിക്കുക, പിഎഫ് അക്കൗണ്ടില്‍ എത്ര രൂപ ബാക്കിയുണ്ട്, പുതുക്കാന്‍ കൊടുത്തിരിക്കുന്ന പാസ്‌പോര്‍ട്ടിന്റെ സ്റ്റാറ്റസ് എന്താണ് തുടങ്ങി പല കാര്യങ്ങളും വോയിസ് കമാന്‍ഡ് വഴി നടത്താം. തുടക്കത്തല്‍ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായിരിക്കും വോയിസ് കമാന്‍ഡ് പ്രവര്‍ത്തിക്കുക. ഈ രണ്ടു ഭാഷകളില്‍ നന്നായി പ്രവര്‍ത്തിക്കുമെങ്കില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താമസിയാതെ വോയിസ് കമാന്‍ഡ് ലഭ്യമാക്കും. എല്ലാ സർക്കാർ സേവനങ്ങളും ഇങ്ങനെ ലഭ്യമാക്കാനുള്ള ശ്രമവും നടത്തിയേക്കും.
∙ ബാങ്ക് ഓഫ് ജപ്പാന്‍ ഡിജിറ്റല്‍ കറന്‍സി പരീക്ഷണങ്ങള്‍ തുടങ്ങി
ലോകത്തെ വിവിധ രാജ്യങ്ങള്‍ നാണയവ്യവസ്ഥ ഡിജിറ്റലാക്കാനുള്ള ശ്രമത്തിലാണ്. എന്തായാലും ബാങ്ക് ഓഫ് ജപ്പാന്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഘട്ട പരീക്ഷണം അവസാനിക്കുന്നത് മാര്‍ച്ച് 2022ല്‍ ആയിരിക്കും.
∙ ടെക് ഭീമന്മാര്‍ ഭീതിയില്‍ തന്നെ
അമേരിക്കയില്‍ ആമസോണ്‍, ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവന്നേക്കാമെന്നു കരുതിയിരിക്കുന്ന സമയത്താണ് ചൈനയിലും വെടി പൊട്ടുന്നത്. ആലിബാബ, ടെന്‍സന്റ്, ബായിഡു തുടങ്ങിയ കമ്പനികളും ഇപ്പോള്‍ പേടിച്ചിരിക്കുകയാണ്. ഈ കമ്പനികളെല്ലാം കടുത്ത ഒരു ആരോപണം നേരിടുന്നുമുണ്ട്. വടവൃക്ഷം പോലെ വളര്‍ന്നു നില്‍ക്കുന്ന ഇവ പുതിയ ആശയങ്ങളെ കടന്നുവരാന്‍ അനുവദിക്കാതിരിക്കുക വഴി മൊത്തം വളര്‍ച്ച മുരടിപ്പിക്കുന്നു. ഇതിനാല്‍ തന്നെ ഇരു രാജ്യങ്ങളിലെയും അധികാരികള്‍ ഇവരുടെ ശക്തി കുറയ്ക്കാന്‍ ഒരുങ്ങിത്തന്നെയാണ് പുറപ്പെട്ടിരിക്കുന്നത്. ഇത് ഏതറ്റം വരെ പോയേക്കാമെന്ന ഭീതിയിലാണ് ടെക്‌നോളജി ഭീമന്മാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
∙ സിംഗപ്പൂര്‍ പ്രധാനമന്ത്രിയ്ക്ക് പിഴയൊടുക്കാന്‍ 99,000 ഡോളര്‍ നല്‍കുന്നത് ബ്ലോഗര്‍
സിംഗപ്പൂര്‍ പ്രധാനമന്തി ലി ഹെസെയ്ന്‍ ലൂങിനെതിരെയുള്ള മാനനഷ്ടക്കേസില്‍ അദ്ദേഹം 133,000 സിങ്കപ്പൂര്‍ ഡോളര്‍ (98,840 ഡോളര്‍) പിഴയൊടുക്കണമെന്നാണ് കോടതി വിധിച്ചത്. രാജ്യത്തെ ഒരു ബ്ലോഗറാണ് പ്രധാനമന്ത്രിക്ക് പിഴയൊടുക്കാനുള്ള തുക ക്രൗഡ്ഫണ്ടിങ് വഴി സ്വരൂപിച്ച് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
English Summary: iPhone 13 might not be Apple's next flagship, thanks to superstition