ADVERTISEMENT

അധികാര സ്ഥാനത്തിരിക്കുന്നവരുടെയും സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെയും ചെയ്തികളെ വിമര്‍ശിക്കുക എന്നത് ഇന്റര്‍നെറ്റ് തുടങ്ങിയ കാലം മുതല്‍ നിലവിലുളളതാണ്. മലയാളികള്‍ അടക്കം ട്രോളിങ് ഒരു കല തന്നെ ആക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ട്രോളിങ് നടത്തുന്നവര്‍ക്ക് കനത്ത പിഴ ഇടാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ മടിച്ചു നിന്ന രാജ്യങ്ങള്‍ക്കും ഇത് വലിയ പ്രോത്സാഹനം നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയില്‍ കൊണ്ടുവരാനിരിക്കുന്ന ആന്റി-ട്രോളിങ് ബില്‍ പാസായാല്‍ ആരെയെങ്കിലും വിമര്‍ശിച്ചാല്‍ പിഴ 20,000-80,000 ഓസ്‌ട്രേലിയന്‍ ഡോളറായിരിക്കുമെന്ന് സെഡ്ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ജനാധിപത്യത്തിനു ക്ഷീണമോ?

 

പുതിയ നിയമങ്ങള്‍ കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ ആരെങ്കിലും പോസ്റ്റു ചെയ്താല്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ സർക്കാരിനു നല്‍കണമെന്നും വ്യവസ്ഥചെയ്യുന്നു. ഇതോടെ, അധികാരവും പണവും കൈയ്യാളുന്ന ചുരുക്കം ചിലര്‍ വിമര്‍ശനത്തിന് അതീതരായി തീരുന്നുവെന്ന് വിമര്‍ശനവും ഉണ്ട്. ഇപ്പോള്‍ത്തന്നെ അധികാര മത്തു പിടിച്ചിരിക്കുന്നവര്‍ക്ക് തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ആയുധമാണ് സർക്കാർ നല്‍കുന്നതെന്ന് ഇലക്ട്രോണിക് ഫ്രോണ്ടിയേഴ്‌സ് ഓസ്‌ട്രേലിയ വിമര്‍ശിച്ചു. 

അതേസമയം ട്രോളിങ്ങിനെതിരെയല്ല, അപകീര്‍ത്തിപെടുത്തലിന് എതിരെയാണ് ബില്‍ എന്നു പറഞ്ഞ് ഓസ്‌ട്രേലിയയുടെ ഇസെയ്ഫ്റ്റി കമ്മിഷണര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരാണ് ഒരു പോസ്റ്റ് ട്രോളാണോ, അപകീര്‍ത്തികരമാണോ എന്നു നിര്‍ണയിക്കുക എന്നതും പരിഗണിച്ചാല്‍ പുതിയ നിയമം ട്രോളിങ് തന്നെയാണ് നിരോധിക്കുന്നത് എന്ന് വരികള്‍ക്കിടയില്‍ വായിക്കാമെന്നും പറയുന്നു. ഓസ്‌ട്രേലിയന്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുമോ പുതിയ ബില്‍ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. താരതമ്യേന ആളറിയാതെ നടത്തിവന്നിരുന്ന വിമാര്‍ശനങ്ങള്‍ പലപ്പോഴും കുറിക്കുകൊള്ളുന്നവ ആയിരുന്നു.

 

∙ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളും

 

ഓസ്‌ട്രേലിയയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് ടെക്‌നോളജി കമ്പനികളും രംഗത്തെത്തി. മെറ്റാ, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ക്കും അമിത സമ്മര്‍ദമായിരിക്കും പുതിയ നിയമങ്ങള്‍ സമ്മാനിക്കുക എന്നു പറഞ്ഞു. പുതിയ ബില്ലിന്റെ ലക്ഷ്യങ്ങളായി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്തരത്തിലൊരു ബില്ലിന്റെയൊന്നും ആവശ്യമില്ലെന്ന് ഗൂഗിളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് പ്രതികരിച്ചു. അപകീര്‍ത്തികരമെന്ന് കരുതപ്പെടുന്ന ഒരു പോസ്റ്റ് ഇട്ടാല്‍ അയാളുടെ പേര്, ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, രാജ്യത്തിന്റെ ഏതു പ്രദേശത്താണ് അയാള്‍ ഉള്ളത് തുടങ്ങിയ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ നല്‍കണമെന്നും ബില്ലിലുണ്ടെന്നു പറയുന്നു. സ്വേച്ഛാധിപത്യ സ്വഭാവമുള്ള മറ്റു രാജ്യങ്ങളിലെ സർക്കാരുകള്‍ക്കും പുതിയ നീക്കം ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ പ്രോത്സാഹനം നല്‍കുമെന്ന ഭീതിയും ഉണര്‍ന്നുകഴിഞ്ഞു.

 

∙ സാംസങ്ങിനെതിരെ സൈബര്‍ ആക്രമണം, ഗ്യാലക്‌സിയുടെ സേഴ്‌സ് കോഡ് കടത്തി

 

ടെക്‌നോളജി ഭീമന്‍ സാംസങ്ങിനെതിരെ സൈബര്‍ ആക്രമണമുണ്ടായി എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. സാംസങ്ങിന്റെ അഭിമാനമായ ഗ്യാലക്‌സി സ്മാര്‍ട് ഫോണുകളുടെ സോഴ്‌സ്‌കോഡ് അടക്കമുള്ള കമ്പനിയുടെ ഡേറ്റ ഹാക്കര്‍മാര്‍ കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച എന്‍വിഡിയ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ ആക്രമണം നടത്തിയ ലാപസസ്$ (LAPSUS$) എന്ന കമ്പനിയായിരിക്കാം ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. അതേസമയം, തങ്ങളുടെ ഡേറ്റ കൊണ്ടുപോയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് സാംസങ്  പ്രതികരിച്ചു. ഇനി ഇത്തരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടാകാതരിക്കാനുളള നടപടിക്രമങ്ങള്‍ സ്വീകരിച്ചു എന്നും കമ്പനി അറിയിക്കുന്നു.

apple-event-8

 

∙ റഷ്യയില്‍ ആപ്പിളിന് നഷ്ടം പ്രതിദിനം 3 ദശലക്ഷം ഡോളര്‍

 

ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പന റഷ്യയില്‍ താത്കാലികമായി നിർത്തിയിരിക്കുകയാണ്. യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണിത്. കമ്പനിക്ക് ഇത് കനത്ത നഷ്ടമുണ്ടാക്കുമോ? ബര്‍ഗ എന്ന ഫോണ്‍ കെയ്‌സ് നിര്‍മാണ കമ്പനി വില്‍പനയിലെ പല ഘടകങ്ങള്‍ പരിഗണിച്ച് ഇതേപ്പറ്റി ഒരു കണക്ക് പുറത്തുവിട്ടിട്ടുണ്ട് എന്ന് സെഡ് ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതുപ്രകാരം, ഐഫോണ്‍ വില്‍പന നിന്നാല്‍ മാത്രം ആപ്പിളിന് പ്രതിദിനം ഏകദേശം 3 ദശലക്ഷം ഡോളറാണ് നഷ്ടംവരിക. ചുരുക്കിപ്പറഞ്ഞാല്‍ 1.1 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം. ഇത് ആപ്പിളിന്റെ വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാരണം കഴിഞ്ഞ പാദത്തിലെ മാത്രം (മൂന്നു മാസം) വില്‍പനയുടെ കണക്കുകൾ കാണിക്കുന്നത് കമ്പനിക്ക് 123.9 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിച്ചുവെന്നാണ്. 

 

∙ ആപ്പിളും റഷ്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ നിലനിന്നിരുന്നു

 

അതേസമയം, ആപ്പിളിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യയിലുണ്ടായ വളര്‍ച്ച പരിഗണിച്ചാല്‍ കമ്പനിയുടെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. അതായത്, 2014നും 2021നും ഇടയില്‍ റഷ്യയില്‍ ആപ്പിള്‍ കൈവരിച്ചത് 200 ശതമാനം വളര്‍ച്ചയാണ്. മറ്റ് ഉപകരണങ്ങളുടെ വില്‍പന ഇല്ലാതാകുന്നതു വഴിയും കമ്പനിക്ക് നഷ്ടമുണ്ടാകുന്നും ഉണ്ട്. ഐഫോണുകളല്ലാതെയുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ വല്‍പനയില്‍ നിന്നും കമ്പനിക്ക് ഏകദേശം 1 ദശലക്ഷം ഡോളര്‍ നഷ്ടം പ്രതിദിനം ഉണ്ടായേക്കും. അതേസമയം, ആപ്പിളും റഷ്യയും തമ്മില്‍ അത്ര സുഖകരമായ ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. ആപ്പിളിന്റെ പല നയങ്ങളെയും അടുത്തിടെ റഷ്യ ചോദ്യംചെയ്തിരുന്നു. നല്ലൊരു കാരണം കിട്ടിയപ്പോള്‍ ആപ്പിള്‍ സൗകര്യപൂര്‍വം വേദി വിടുകയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. 

 

∙ ശക്തിയേറിയ മാക് മിനി ഇന്ന് അവതരിപ്പിക്കും?

 

വിലകുറഞ്ഞ ഐഫോണ്‍ എസ്ഇ 2022 അടക്കം ഒരു പറ്റം ഉപകരണങ്ങള്‍ ഇന്ന് ആപ്പിള്‍ അനാവരണം ചെയ്‌തേക്കുമെന്നു കരുതപ്പെടുന്നു. ഈ വര്‍ഷത്തെ ആപ്പിളിന്റെ ആദ്യത്തെ പ്രധാനപ്പെട്ട അനാവരണ ചടങ്ങാണ് പീക് പെര്‍ഫോര്‍മന്‍സ് എന്ന പേരില്‍ നടക്കുക. ആപ്പിള്‍ സ്റ്റുഡിയോ ഡിസ്‌പ്ലേ എന്ന് വിളിച്ചേക്കാവുന്ന പുതിയ മോണിട്ടര്‍ ഇന്ന് പുറത്തിറക്കിയേക്കാമെന്ന് കരുതുന്നവരുണ്ട്. ഇത് ഒരു 7കെ മോണിട്ടറായിരിക്കും. മോണിട്ടറിനുള്ളില്‍ എ13 ബയോണിക് പ്രോസസറും ഉണ്ടായേക്കും. ഈ മോണിട്ടര്‍ ആപ്പിള്‍ നേരത്തെ പുറത്തിറക്കാനിരുന്നതാണെന്നും പറയുന്നു. 

 

∙ വിലകുറഞ്ഞ മോണിട്ടറും

 

അതേസമയം, താരതമ്യേന വിലകുറഞ്ഞ ഒരു 27-ഇഞ്ച് മോണിട്ടറും ആപ്പിള്‍ ഇന്ന് പുറത്തിറക്കിയേക്കാം. ഇതിന് മിനി-എല്‍ഇഡി പാനലായിരിക്കില്ല. ഇതൊന്നും കൂടാതെ അതിശക്തമായ ഒരു മാക് മിനി കംപ്യൂട്ടര്‍ അവതരിപ്പിച്ചേക്കാമെന്നും പറയുന്നു. ഇത് ആപ്പിള്‍ സിലിക്കന്‍ എം2 അല്ലെങ്കില്‍ എം1ല്‍ കേന്ദ്രീകരിച്ചായിരിക്കും നിര്‍മിക്കുക. പുതിയ ചിപ്പുമായി, ഒന്നിലേറെ മാക്കുകള്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഐപാഡ് എയര്‍, കൂടാതെ 14 അല്ലെങ്കില്‍ 15-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഐപാഡുകള്‍ തുടങ്ങിയവയും ഇന്ന് അവതരിപ്പിച്ചേക്കാം. അതേസമയം, മാക് ഒഎസ് 12.3 ഉടന്‍ പുറത്തിറക്കിയേക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍, ഇന്ന് പുറത്തിറക്കാനിരിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐഫോണ്‍ എസ്ഇ 2022 തന്നെ ആയിരിക്കുമെന്നു കരുതുന്നു.

 

English Summary: Submission on the Social Media (Anti-trolling) Bill 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com