റിപ്പയറിങ്ങിനിടെ ഫോൺ പൊട്ടിത്തെറിച്ചു, കടയുടമ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് – വിഡിയോ

Mail This Article
ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഫോൺ റിപ്പയർ ഷോപ്പിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ഒരു ഉപഭോക്താവും കടയുടമയും ഫോൺ പൊട്ടിത്തെറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് വിഡിയോയിൽ കാണിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.
നന്നാക്കാനായി കൊണ്ടുവന്ന ഫോൺ ശരിയാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ബാറ്ററിയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നു. ഭദോഹി വല്ല എന്ന ട്വിറ്റർ ഉപയോക്താവാണ് കഴിഞ്ഞ ആഴ്ച ഈ വിഡിയോ പങ്കുവെച്ചത്. 'ഉത്തർപ്രദേശിലെ ലളിത്പൂരിൽ റിപ്പയറിങ്ങിനിടെ ഫോൺ ബോംബ് പോലെ പൊട്ടിത്തെറിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരുന്നത്.
13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കടയുടമ ഫോണിൽ നിന്ന് ബാറ്ററി നീക്കംചെയ്യുന്നത് കാണാൻ കഴിയും, തൊട്ടുപിന്നാലെ ഫോൺ പൊട്ടിത്തെറിക്കുന്നും കാണാം. കൗണ്ടറിൽ നിന്നിരുന്ന കടയുടമയും ഉപഭോക്താവും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെങ്കിലും പുറത്തുവന്ന ദൃശ്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്.
ഈ സംഭവം മനസ്സിൽ വച്ചുകൊണ്ട് സ്മാർട് ഫോണുകൾ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററികൾ ചാർജ് ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുന്നത് നല്ലതെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
English Summary: Mobile phone blasts like a bomb in UP's repair shop