ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) രണ്ടാം വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 2024 ഡിസംബറിൽ നിലവിൽ വന്ന 3 ഒഴിവ് പൊതുഭരണ വകുപ്പ് കഴിഞ്ഞയാഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയാറെടുക്കുന്നത്. 29 വകുപ്പിലെ 105 തസ്തികയിലേക്കായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം.

ഫെബ്രുവരി അവസാനമോ മാർച്ചിലോ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നിയമനം നടത്തണമെന്നാണ് കെഎഎസ് സ്പെഷൽ റൂൾസിലെ വ്യവസ്ഥയെങ്കിലും ആദ്യ വിജ്ഞാപനം വന്ന് 5 വർഷത്തിനു ശേഷമാണ് രണ്ടാം വിജ്ഞാപനം വരുന്നത്. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റ് റദ്ദായിട്ടുതന്നെ 3 വർഷം കഴിഞ്ഞു.

വിജ്ഞാപനം 3 സ്ട്രീമിൽ

മൂന്നു സ്ട്രീമുകളിലായാണു കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രബേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്നുള്ള നിയമനം. സ്ട്രീം 3 കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന പൊതു കാറ്റഗറിയിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവരോ ആയ സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനം.

തിരഞ്ഞെടുപ്പ് ഇങ്ങനെ

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു കെഎഎസ് തിരഞ്ഞെടുപ്പ് . 200 മാർക്കിന്റെ ഒഎംആർ പ്രിലിമിനറി പരീക്ഷ (100 മാർക്ക് വീതമുള്ള 2 പേപ്പറുകൾ, ഓരോ പേപ്പറിനും ഒന്നര മണിക്കൂർ വീതം), 300 മാർക്കിന്റെ മെയിൻ എഴുത്തു പരീക്ഷ (100 മാർക്ക് വീതമുള്ള 3 പേപ്പറുകൾ, ഓരോ പേപ്പറിനും 2 മണിക്കൂർ വീതം), 50 മാർക്കിന്റെ ഇന്റർവ്യൂ എന്നിവയായിരുന്നു ആദ്യ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രാഥമിക പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ മെയിൻ പരീക്ഷയുടെ 300 മാർക്ക്, ഇന്റർവ്യൂവിന്റെ 50 മാർക്ക് എന്നിങ്ങനെ 350 മാർക്കാണ് റാങ്ക് നിർണയിക്കാൻ പരിഗണിക്കുക. രണ്ടാം വിജ്ഞാപനത്തിലും ഇതേ രീതി തന്നെയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

105 ഒഴിവ്, 108 ശുപാർശ

ആദ്യ വിജ്ഞാപനത്തിൽ 105 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷമായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കു കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 3 സ്ട്രീമിലും 35 ഒഴിവു വീതമാണ് ഉണ്ടായിരുന്നത്. 3 എൻജെഡി ഒഴിവുകൂടി റിപ്പോർട്ട് ചെയ്തതിനാൽ സ്ട്രീം ഒന്നിൽ 37 പേർക്കും സ്ട്രീം 3ൽ 36 പേർക്കുമായി 108 പേർക്കു നിയമന ശുപാർശ ലഭിച്ചു. സ്ട്രീം രണ്ടിൽ 35 പേർക്കാണു ശുപാർശ ലഭിച്ചത്.

നിയമനനില:

∙സ്ട്രീം 1: ഓപ്പൺ മെറിറ്റ്–24, ഈഴവ–55, എസ്‌സി–സപ്ലിമെന്ററി 4, മുസ്‌ലിം–35, എൽസി/എഐ–സപ്ലിമെന്ററി 2, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–65. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

∙സ്ട്രീം 2: ഓപ്പൺ മെറിറ്റ്–21, ഈഴവ–40, എസ്‌സി–സപ്ലിമെന്ററി 3, മുസ്‌ലിം–38, എൽസി/എഐ–28, വിശ്വകർമ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

∙സ്ട്രീം 3: ഓപ്പൺ മെറിറ്റ്–22, ഈഴവ–42, മുസ്‌ലിം–33, എൽസി/എഐ–49, വിശ്വകർമ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

പ്രായപരിധി ഉയർത്തുമോ?

കെഎഎസ് പ്രായപരിധിയിൽ കാലോചിത വർധന വേണമെന്ന ആവശ്യം ശക്തമാണ്. സ്ട്രീം 1ൽ21–32, സ്ട്രീം 2ൽ 21–40, സ്ട്രീം 3ൽ 50 വയസ്സ് തികയരുത് എന്നിങ്ങനെയാണു പ്രായപരിധി.

ഒന്നും രണ്ടും സ്ട്രീമിന്റെ പ്രായപരിധി ഉയർത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

സർക്കാർ സർവീസിലെ ഭൂരിഭാഗം തസ്തികകളുടെയും ഉയർന്ന പ്രായപരിധി 36 വയസ്സാണ്. സ്ട്രീം ഒന്നിലെ ഉയർന്ന പ്രായപരിധി 32 വയസ്സായി നിശ്ചയിച്ചത് ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നാണു പരാതി. ജൂനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെയുള്ളവർക്ക് 40 വയസ്സു കഴിഞ്ഞാൽ സ്ട്രീം 2ൽ അപേക്ഷിക്കാനാവില്ല എന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ സ്ട്രീം 2ലെ പ്രായപരിധിയും ഉയർത്തണമെന്ന ആവശ്യമുയരുന്നുണ്ട്.

കെഎഎസ് പ്രായപരിധി ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ഉദ്യോഗാർഥികൾ നൽകിയ പരാതിക്കു പൊതുഭരണ വകുപ്പ് മറുപടി നൽകിയിട്ടുണ്ടെങ്കിലും പ്രായപരിധിയിൽ കാലോചിതമായ പരിഷ്കാരം ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നുണ്ട്.

പൊതുമേഖല ചേരുമോ?

പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കെഎഎസ് നിയമനം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒഴിവുകൾ കണ്ടെത്താൻ കഴിഞ്ഞോ എന്നതിൽ വ്യക്തതയില്ല.

പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനുയോജ്യ തസ്തികകൾ കണ്ടെത്തി അറിയിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു ചീഫ് സെക്രട്ടറി കത്തു നൽകിയിരുന്നു. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ മിഷനുകൾ, പ്രോജക്ടുകൾ എന്നിവയിലും ഡപ്യൂട്ടേഷൻ റിസർവിനായി മധ്യതല മാനേജീരിയൽ തസ്തികകൾ കണ്ടെത്താനായിരുന്നു നിർദേശം. എന്നാൽ, എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു എന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ തവണ സ്ട്രീം രണ്ടിലും മൂന്നിലും അപേക്ഷിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുവദിച്ചിരുന്നില്ല.

സംവരണം തുടരുമോ?

തസ്തികമാറ്റം വഴിയുള്ള നിയമനത്തിൽ സംസ്ഥാനത്തു സംവരണം ബാധകമാക്കിയിട്ടില്ലെങ്കിലും കെഎഎസ് സ്ട്രീം 2ലും 3ലും സംവരണം ബാധകമാക്കിയിരുന്നു. ഇതിനെതിരെ അന്നു പരാതി ഉയർന്നിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ഉറച്ചുനിന്നു. രണ്ടാം വിജ്ഞാപനത്തിലും സംവരണം തുടരുമോ എന്നു കാത്തിരിക്കുകയാണ് ഈ വിഭാഗത്തിലുള്ളവർ.

English Summary:

KAS Notification

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com