ദേവസ്വം നിയമനങ്ങൾക്ക് സോഫ്റ്റ്‌വെയർ കുരുക്ക്

Mail This Article
ദേവസ്വം ബോർഡുകൾ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്താൻ കഴിയാത്ത ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ സമീപനം നിരുത്തരവാദപരമാണ്. സോഫ്റ്റ്‌വെയർ നവീകരണത്തിന്റെ പേരിലാണ് വിജ്ഞാപനങ്ങൾ വൈകുന്നതെന്നാണു വിവരം. സാങ്കേതികപ്രശ്നങ്ങൾ ഏറ്റവും വേഗം പരിഹരിച്ച് വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുനടപടി പുനരാരംഭിക്കാൻ റിക്രൂട്മെന്റ് ബോർഡ് ശ്രദ്ധിക്കണം.
ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലധികം ഒഴിവ് ദേവസ്വം റിക്രൂട്മെന്റ് ബോർഡിനു റിപ്പോർട്ട് ചെയ്തിട്ടു മാസങ്ങളായി. 43 തസ്തികകളിലായാണ് ഈ ഒഴിവുകൾ. ഇതിൽ 5 തസ്തികകളിൽ റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാൽ നിയമനത്തിനു തടസ്സമില്ല. ബാക്കി 38 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലേ നിയമനം നടത്താൻ കഴിയൂ.
കൂടുതൽ ഒഴിവുള്ള തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ, അപേക്ഷകരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ടാകും. കൂടുതലായി വരുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാൻ ബോർഡിന്റെ നിലവിലുള്ള സോഫ്റ്റ്‌വെയറിനു ശേഷിയില്ലാത്തതിനാൽ പുതിയ സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. സി–ഡിറ്റിനാണ് സോഫ്ട്‌വെയർ നവീകരണത്തിന്റെ ചുമതല. ഈ നടപടി പൂർത്തിയാക്കി ജനുവരി അവസാനം വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു ബോർഡ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, രണ്ടു മാസം പിന്നിട്ടിട്ടും സോഫ്റ്റ്‌വെയർ നവീകരണം നീണ്ടുപോവുകയാണ്. കഴിഞ്ഞ വർഷം അവസാനം വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ 2024ൽ പ്രായപരിധി അവസാനിച്ചവർക്കുകൂടി അപേക്ഷിക്കാൻ അവസരം ലഭിക്കുമായിരുന്നു.
വിവിധ ദേവസ്വം ബോർഡുകളിലേക്കുള്ള നിയമനം ഏറ്റവും സുതാര്യമായി നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണു സർക്കാർ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് സ്ഥാപിച്ചത്. മെറിറ്റും സംവരണവും പാലിച്ച് രണ്ടായിരത്തിലധികം പേർക്ക് വിവിധ ദേവസ്വം ബോർഡുകളിൽ ഇതുവരെ നിയമന ശുപാർശ നൽകാൻ ബോർഡിനു കഴിഞ്ഞു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സ്ഥിരമായി ഉയർന്നു കേട്ടിരുന്ന കോഴ വിവാദം ഏറെക്കുറെ അവസാനിപ്പിക്കാനും ബോർഡിനു കഴിഞ്ഞു. എന്നാൽ, വിജ്ഞാപനങ്ങളും നിയമനവും നീളുന്നത് ഈ മികവുകൾക്കു മങ്ങലാവാതെ നോക്കേണ്ടതുണ്ട്.
സോഫ്റ്റ്‌വെയർ നവീകരണം ഏറ്റവും വേഗം പൂർത്തീകരിച്ച് ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലേറെ ഒഴിവിലേക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാൻ നടപടിയുണ്ടാകണം. വിജ്ഞാപനങ്ങൾ വൈകിയതിനാൽ, 2024ൽ പ്രായപരിധി അവസാനിച്ചവർക്കുകൂടി അവസരം നൽകുന്നതും പരിഗണിക്കണം.
ലഭിക്കത്ത രീതിയിൽ ഉയർന്ന പ്രായപരിധിയിൽ ചെറിയ വർധന വരുത്താൻ കഴിയുമോ എന്നതും പരിശോധിക്കണം.