വെള്ളത്തിനടിയില്‍ അന്തിയുറങ്ങാം; കുമ്പളങ്ങിയിലുണ്ട് ഒരു അടിപൊളി സ്ഥലം
Mail This Article
ലോകം മുഴുവന്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കുമ്പളങ്ങി. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമം കൂടിയായ കുമ്പളങ്ങി അതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. നിറയെ നെല്ല് വിളഞ്ഞുകിടക്കുന്ന പാടങ്ങളും മീന്‍കൂട്ടങ്ങള്‍ തുള്ളിക്കളിക്കുന്ന ശാന്തമായ കായൽപ്പരപ്പും കൗതുകമുണര്‍ത്തുന്ന ചീനവലയുടെ കാഴ്ചയും മാത്രമല്ല, ഗ്രാമീണതയുടെ നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യരും ഈ നാടിന്‍റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രഭാതങ്ങളും സായാഹ്ന ദൃശ്യങ്ങളുമൊക്കെ സഞ്ചാരികള്‍ക്ക് അവിസ്മരണീയമാണ്. കായൽക്കരയില്‍ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന ചീനവലകളുടെ വലുപ്പവും സുന്ദരമായ നിർമിതിയും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. വലകള്‍ ഉയർത്തുന്നതും താഴ്ത്തുന്നതും മാസ്മരികമായ ഒരു കാഴ്ചയാണ്. സന്ധ്യമയങ്ങുമ്പോൾ ചീനവലകൾ മീൻകൂട്ടങ്ങളെ തേടി കായലില്‍ കൂപ്പ്കുത്തുന്നു.
കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് എത്തിച്ചേരുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും അവധി ദിവസം കുടുംബവുമെത്ത് ആഘോഷമാക്കാൻ എത്തുന്നവരും കുറവല്ല. കുമ്പളങ്ങിയിലെ കാഴ്ചകൾക്കൊപ്പം സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഈ യാത്രയ്ക്ക് മാറ്റു കൂട്ടുകയാണ് അക്വാട്ടിക് ഐലന്‍ഡ്.
ഫ്ലോട്ടല്‍ എന്നു കേട്ടിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ തോന്നുന്നതു പോലെ തന്നെ, ഒഴുകി നടക്കുന്ന ഒരു ഹോട്ടലാണ്. ഈ ഒരു ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, പരമാവധി സൗന്ദര്യാത്മകമായി രൂപകല്‍പന ചെയ്തിരിക്കുന്ന ഒരിടമാണ് കൊച്ചി നഗരത്തിനടുത്തുള്ള കുമ്പളങ്ങിയിലെ അക്വാട്ടിക് ഐലന്‍ഡ്.
കണ്ടൽക്കാടുകളുടെ ശാന്തമായ പച്ചപ്പും ഉയരമുള്ള തെങ്ങുകളുടെ സാന്നിധ്യവും കൊണ്ട് ചുറ്റപ്പെട്ട 30 ഏക്കർ സ്ഥലത്താണ് അക്വാട്ടിക് ഐലന്‍ഡ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ജലത്തിന് മുകളില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ചോളം ഫ്ലോട്ടിങ് യൂണിറ്റുകള്‍ അടങ്ങിയ ഒരു റിസോര്‍ട്ടാണ് ഇത്. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത്, ജലനിരപ്പിനു താഴെയായി ഒരുക്കിയിരിക്കുന്ന കിടപ്പുമുറികളാണ്.
തിരക്കേറിയ ജോലികള്‍ മൂലം മടുപ്പനുഭവിക്കുന്ന പ്രൊഫഷനലുകള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കുമെല്ലാം ഏറ്റവും മികച്ച ഓപ്ഷനാണ് ഈ റിസോര്‍ട്ട്. സ്വകാര്യ കുടുംബ യോഗങ്ങളും മറ്റും നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.വെറുതേ താമസം മാത്രമല്ല, വൈവിധ്യമാര്‍ന്നതും ത്രില്ലിംഗുമായ നിരവധി ആക്ടിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഇന്‍ഫിനിറ്റി പൂള്‍ ഇവിടെയാണ് ഉള്ളത്.
ഉത്തരവാദിത്ത ടൂറിസമാണ് റിസോര്‍ട്ടില്‍ നടപ്പിലാക്കുന്നത്. കായലിനും ചുറ്റുമുള്ള പരിസ്ഥിതിക്കും യാതൊരുവിധ കോട്ടവും ഏല്‍ക്കാതെയാണ് ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാലിന്യ സംസ്കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
English Summary: Visit Aquatic Island Kumbalangi