ADVERTISEMENT

തമിഴ്നാട്ടിലെ ചിദംബരത്ത് ഹൈവേ വഴി കടന്നു പോകുന്നവര്‍ ഒരിക്കലെങ്കിലും ആ കാഴ്ച കണ്ടുകാണും, ഉച്ചസമയത്ത് ഓലമേഞ്ഞ ഒരു കൊച്ചു കെട്ടിടത്തിനു മുന്നില്‍ ക്ഷമയോടെ വരിനില്‍ക്കുന്ന ആളുകള്‍. കാറ്റില്‍ ഒഴുകിവരുന്ന, പലവിധ മസാലകളുടെയും കറികളുടെയും സുഗന്ധം മൂക്കില്‍ വന്ന് മുട്ടി, നാവിലൊരു കപ്പല്‍പ്പടയൊരുക്കുമ്പോള്‍ ആരായാലും ഒന്ന് കയറിപ്പോകും! പോണ്ടിച്ചേരിയിലേക്കും വേളാങ്കണ്ണിയിലേക്കുമുള്ള യാത്രയിൽ ഇൗ ഹോട്ടൽ സന്ദർശിക്കുന്ന രുചിപ്രേമികളുമുണ്ട്. 

ഇത് പുത്തൂര്‍ ജയറാം ഹോട്ടല്‍. കാണുമ്പോള്‍ പറയത്തക്ക ഗാംഭീര്യമോ അലങ്കാരമോ ഒന്നുമില്ല. എന്നാല്‍ ഒരിക്കല്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാല്‍, പിന്നീട് രുചി എന്നതിനുള്ള നിര്‍വചനം തന്നെ മാറിപ്പോകും, ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധത്തില്‍. കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തുന്ന ഭക്ഷണപ്രേമികള്‍ തന്നെ അതിനുള്ള തെളിവ്. അര നൂറ്റാണ്ടോളമായി ഇവിടം രുചികളുടെ സ്വര്‍ഗലോകമായി തുടരുന്നു.

puthur-jayaram-hotel3
Image Source: Balram Menon

അടുക്കളഭാഗത്തേക്ക് കയറുമ്പോള്‍ വലിയ ടാര്‍ വീപ്പകള്‍ക്കുള്ളില്‍ തീ കത്തിച്ച്, അവയ്ക്ക് മുകളില്‍ വച്ച പരന്ന ഇരുമ്പ് പാത്രങ്ങളില്‍ ഒരുക്കുന്ന സ്പെഷ്യല്‍ വിഭവങ്ങള്‍ നേരിട്ട് കാണാം. മസാല തേച്ച് കറിവേപ്പിലക്കൊപ്പം കളിവിളയാടുന്ന ചെമ്മീനും നേരിയ കഷണങ്ങളാക്കിയ അയക്കൂറയും ഉള്ളിക്കൊപ്പമിട്ട കോഴിക്കാലുമെല്ലാം മൊരിഞ്ഞങ്ങനെ വരുന്നത് കണ്ടുനില്‍ക്കാന്‍ തന്നെ രസമാണ്. ഒരു ദിവസം ഇരുനൂറ്റിയമ്പതോളം കിലോ ചെമ്മീനാണ് രസികന്‍ ഫ്രൈയായി ഈ കൊച്ചുഹോട്ടലില്‍ വിറ്റുതീരുന്നത് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ ജനപ്രീതി. മീന്‍കറിയും മറ്റു കറികളും എല്ലാം തയാറാക്കുന്നത് വിറകടുപ്പില്‍. ഗ്യാസ് അടുപ്പെന്നൊരു പരിപാടിയേ ഇവിടെയില്ല. 

puthur-jayaram-hotel2
Image Source: Balram Menon

ഉച്ചയൂണാണ് ജയറാം ഹോട്ടലിലെ താരം. ഇലയിലാണ് ചോറ് വിളമ്പുന്നത്. കോഴിക്കാല്‍ ഫ്രൈയും ചെമ്മീന്‍ ഫ്രൈയും മീന്‍ പൊരിച്ചതും പോലുള്ള സ്പെഷ്യല്‍ വിഭവങ്ങള്‍ക്കൊപ്പം ചീരക്കറിയും മീന്‍കറിയും കോഴിക്കറിയും രസവും ഒക്കെയുണ്ട്. ചോറും കറികളും വേണമെങ്കില്‍ രണ്ടാമതും വിളമ്പും. ചോറിനവസാനം നല്ല തണുത്ത കട്ടത്തൈരും വിളമ്പും, അത് കഴിച്ചു കഴിയുമ്പോള്‍ ഉള്ളിലെത്തിയ എരിവെല്ലാം, ഒരു ഊട്ടിയുടെ തണുപ്പിന്‍റെ ഓര്‍മ്മയിലേയ്ക്ക് പറന്നുപോകും! പാര്‍സലായി കൊണ്ടുപോകേണ്ടവര്‍ക്ക് ചൂടോടെ ഇലയില്‍ വിളമ്പി, വൃത്തിയായി പാക്ക് ചെയ്ത് നല്‍കും. 

ഊണിന്‍റെ സമയം കഴിഞ്ഞു ചെന്നാലും കുഴപ്പമൊന്നുമില്ല. പുറമേ നല്ല മൊരിഞ്ഞ അടിപൊളി പൊറോട്ട കഴിച്ചു പോരാം. ചിക്കന്‍ഫ്രൈയും ചിക്കന്‍ കറിയും ചെമ്മീന്‍ ഫ്രൈയും അയക്കൂറ പൊരിച്ചതും കൂട്ടി, സ്വര്‍ണനിറത്തിലുള്ള പൊറോട്ട ഒരു പിടിയങ്ങു പിടിക്കാം!

puthur-jayaram-hotel1
Image Source: Balram Menon

കടയില്‍ നിറയെ ജോലിക്കാര്‍ ഉണ്ടെങ്കിലും ഉടമയായ ജയറാം തന്നെയാണ് ഇത്രയും കാലമായി ഈ ഹോട്ടല്‍ നേരിട്ട് നോക്കിനടത്തുന്നത്. കഴുത്തറുപ്പന്‍ ബില്ലും കൊടുത്ത്, കാശിനു കൊള്ളാത്ത ഭക്ഷണം വിളമ്പുന്ന എസി റസ്റ്ററന്‍റുകളുടെ കാലത്ത്, മിതമായ നിരക്കില്‍ അതീവരുചികരമായ ഭക്ഷണം നല്‍കുന്ന ജയറാം ഹോട്ടല്‍ ഒരു അത്ഭുതം തന്നെയാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ഇവിടുത്തെ ഭക്ഷണത്തിന്‍റെ രുചി കേട്ടറിഞ്ഞ് എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നതും. 

English Summary: Eatouts, Puthur Jayaram Hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com