ADVERTISEMENT

കണ്ണൂരിന്റെ മണ്ണിനെ വിമാനം തൊട്ടുണർത്തിയപ്പോൾ പയ്യന്നൂരിലെ കുട്ടനാടായി മാറിയ കായലാണ് കവ്വായ്. പറയാൻ ബ്രിട്ടീഷ് ഭരണത്തിനുമപ്പുറം ചരിത്ര വിശേഷങ്ങളുണ്ടെങ്കിലും എയ്റോപ്ലെയിന്റെ നിഴലു വീണപ്പോഴാണ് കവ്വായ് കായലിന്റെ ഭാഗ്യം തെളിഞ്ഞത്. വലിയപ്പറമ്പിലെ ദ്വീപുകളും കടൽത്തീരങ്ങളും തെയ്യത്തിന്റെ കോട്ടയിൽ ഇപ്പോൾ പുതിയൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നു. ആലപ്പുഴയിൽ തുഴഞ്ഞു നീങ്ങുന്ന വഞ്ചിവീടുകളുടെ ജൈത്രയാത്ര വരും കാലത്തു ശരിക്കും ആഘോഷിക്കപ്പെടാൻ പോകുന്നത് വടക്കേ മലബാറിലെ കവ്വായിലാണ്.

നന്മയുടെ സമൃദ്ധിയിൽ ഒരു നാട്ടിൻപുറം അതിഥികളെ വരവേൽക്കുന്നതു കവ്വായിൽ കണ്ടു. സ്നേഹിച്ചാൽ ചങ്കു പറിച്ചു നൽകാൻ മടിക്കാത്ത സൗഹൃദങ്ങളുടെ ശബ്ദം കേട്ടു. പാട്ടുപാടി നൃത്തം ചെയ്ത് മഴയെ വരവേൽക്കുന്ന രസകരമായ കൂട്ടായ്മയിൽ പങ്കാളിയായി. രസകരമായ രണ്ടു പകലിരവുകളുടെ അനുഭവത്തിൽ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. വൈകാതെ കവ്വായ് ദ്വീപ് ആലപ്പുഴയെ വെല്ലുവിളിക്കും.

Kavvayi-Backwaters4

ഒരു ഫോൺവിളിയുടെ പുറകെ കവ്വായ് സന്ദർശിക്കാൻ പയ്യന്നൂരിൽ ചെന്നിറങ്ങുമ്പോൾ കണ്ണൂരുകാർ സ്വന്തം നാട്ടിൽ വിമാനമിറങ്ങിയതിന്റെ  സന്തോഷത്തിലായിരുന്നു. ‘‘ഇഞ്ഞി ആടന്ന് ടാക്സി വിളിക്കണ്ടാലോ. ഈടെ തന്നെ എറങ്ങാലോ’’ റെയിൽവേ സ്റ്റേഷനിൽ നിന്നു കയറിയ ഓട്ടോയുടെ ഡ്രൈവർ റസല്‍ രാജ് ജന്മനാടിന്റെ സ്ലാങ്ങിൽ ചുരുക്കി പറഞ്ഞു. കവ്വായ് കായൽ കാണാൻ കോട്ടയത്തു നിന്നു വരികയാണെന്നു പറഞ്ഞപ്പോൾ റസലിന്റെ മുഖത്തൊരു സംശയം. ‘‘ആടെന്താണപ്പാ കാണാനുള്ളത്?’’ ഫൈബർ ബോട്ടുകൾ തുഴയാനും ടെന്റുകളിൽ രാപാർക്കാനും ബീച്ച് കാണാനും കവ്വായിലേക്ക് ആളുകൾ വരുമെന്നു പറഞ്ഞിട്ടും റസലിന്റെ നിഷ്കങ്കമായി മുഖത്ത് പുഞ്ചിരിയല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല.

കോക്കനട്ട് ഐലൻഡ്

രാവിലെ എട്ടിന് മാർക്കറ്റിന്റെ സമീപത്തു കാറുമായി കാത്തു നിന്ന രാഹുലിനും ജിതിനുമൊപ്പം  കാലിക്കടപ്പുറത്തേക്കു നീങ്ങി. വിസ്താരമേറിയ തെങ്ങിൻ തോപ്പുകൾക്കു നടുവിൽ പല ഡിസൈനുകളിൽ വലിയ വീടുകൾ. ‘‘മുഴുവൻ ഗൾഫുകാരാണ്. ആറു മാസത്തിലൊരിക്കൽ കുടുംബസമേതം നാട്ടിൽ വന്നു പോകുന്നവരുണ്ട്.’’അറേബ്യയിലെ പൊരിവെയിലിന്റെ ചൂട് കാലിക്കടപ്പുറത്തു പടർത്തിയ സമ്പന്നതയുടെ തണൽ ചൂണ്ടിക്കാണിച്ച് രാഹുൽ പറഞ്ഞു. 

കാലിക്കടപ്പുറം റോഡ് ബോട്ട് ജെട്ടിയിലാണ് അവസാനിക്കുന്നത്. സഞ്ചാരികളെ പ്രതീക്ഷിച്ച് നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനരികെ ബാരിക്കേഡ് കെട്ടിയ സിമന്റ് തിട്ടയുണ്ട്. ടൂറിസം വകുപ്പിന്റെ  നേതൃത്വത്തിൽ കയാക്കിങ് മേള നടത്തിയശേഷം ജനത്തിരക്കുണ്ടായിട്ടില്ല. ബോട്ട് കാത്തു നിൽക്കുന്നവരും ചൂണ്ടയിട്ടു മീൻ പിടിക്കുന്നവരും മാത്രം വന്നു പോകുന്ന നാട്ടിൻപുറം, ‘വെർജിൻ ഡെസ്റ്റിനേഷൻ’.

ബോട്ട് ജെട്ടിയിൽ നിന്നു കവ്വായ് കായലിലേക്കു നോക്കിയാൽ കുട്ടനാട്ടിലെ വട്ടക്കായലാണെന്നു തോന്നും. പിരിഞ്ഞു പോകുന്ന കൈത്തോടുകൾ കൈനകരിയുടെ തനി പകർപ്പ്. വല വീശാൻ പോകുന്നവരും ബോട്ടിന്റെ ഇരമ്പലും ചേരുമ്പോൾ ക്ലിയർ ആലപ്പുഴ സീൻ. പക്ഷേ, ദിക്കുകൾ തിരിച്ച് മനസ്സിലാക്കുമ്പോഴാണ് കവ്വായ് കായലിന്റെ ഭൂമിശാസ്ത്രപരമായ വിശേഷം വ്യക്തമാവുക. പിൽക്കാലത്ത് ബ്രിട്ടീഷുകാർ തന്ത്ര പ്രധാന കേന്ദ്രമായി നില നിർത്തിയ കവ്വായുടെ പ്രത്യേകത മലബാർ മാന്വൽ എന്ന വിഖ്യാത ഗ്രന്ഥത്തിൽ പറയുന്നുണ്ട്. 

ബ്രിട്ടീഷുകാരനായ സർ വില്യം ഹോഗൻ സ്ഥലപ്പേരു മാറ്റുന്നതു വരെ കാവിൽ പട്ടണം എന്നാണ് കവ്വായ് അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം തൊഴിലാക്കി ജീവിച്ചിരുന്നവരും കച്ചവടക്കാരുമായിരുന്നു നാട്ടുകാർ. തീചാമുണ്ഡിയേയും കതിവനൂർ വീരനെയും ആരാധിച്ചു മണ്ണിനോടു ചേർന്നു ജീവിച്ചിരുന്നവരുടെ നാടിന്റെ ‘ഐഡിയൽ പൊസിഷൻ’ ബ്രിട്ടീഷുകാരൻ അളന്നു തിട്ടപ്പെടുത്തി. കവ്വായ് കായൽ ഉൾപ്പെടുന്ന വലിയ പറമ്പിനെ മുന്നൂറ്റി ഇരുപതു സ്ക്വയർ കി. മീറ്ററാക്കി തിരിച്ച് അവർ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു മലബാറിൽ താവളമുണ്ടാക്കി. ഏതു രാജ്യത്തു നിന്നും നേരിട്ടു കപ്പലുകൾക്കു വന്നടുക്കാം. സൈന്യത്തിനും നാവികർക്കും സുരക്ഷിതമായി പരിശീലനം നൽകാം. കവ്വായിൽ സാധ്യതകൾ പലതുമുണ്ടായിരുന്നു. മലപ്പുറത്തും മധ്യകേരളത്തിലും മറ്റു സൈനിക കേന്ദ്രങ്ങൾ തുറക്കുന്നതു വരെ ഈസ്റ്റ് ഇന്ത്യ കമ്പനി ഹെഡ് ക്വാർട്ടേഴ്സായി വലിയ പറമ്പ് കായൽ ഉപയോഗിച്ചു.

ആധുനിക ലോകത്തെ ആദ്യ സഞ്ചാരികളായ സഞ്ചാരികളായ ഇബ്ൻ ബത്തൂത്തയും മാർക്കോ പോളോയും യാത്ര ചെയ്ത വഴികളിൽ കാവിൽ പട്ടണത്തെ കുറിച്ചു പറയുന്നുണ്ട്. അതായത് ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും അധികാരവുമായി വരുന്നതിനു മുൻപു തന്നെ ലാൻഡ് മാർക്കായി കവ്വായ് രേഖപ്പെടുത്തപ്പെട്ടിരുന്നു. പക്ഷേ, കേരളത്തിന്റെ വിനോദസഞ്ചാര രംഗം ലോകത്തിന്റെ നെറുകയിലേക്കു കുതിച്ചപ്പോൾ കവ്വായ് ദ്വീപ് അറിഞ്ഞോ അറിയാതെയോ മറഞ്ഞു നിന്നു, ഇക്കഴിഞ്ഞ വർഷം വരെ. 

Kavvayi-Backwaters

എല്ലാറ്റിനും അതിന്റേതായൊരു സമയമുണ്ടെന്നു പറയാറില്ലേ, കവ്വായ് ദ്വീപിന്റെ കാര്യത്തിൽ അതു വാസ്തവമാണ്. പയ്യന്നൂരിൽ ജനിച്ചു വളർന്ന നാലു ചെറുപ്പക്കാരുടെ പരിശ്രമത്തിൽ കവ്വായ് ദ്വീപിന്റെ തലവര തെളിയുകയാണ്. കയാക്കിങ്, വാട്ടർ വോളിബോൾ, ടെന്റ് ക്യാംപ്, ബീച്ച് യാത്ര, ബോട്ട് സവാരി, മാൻഗ്രൂവ് ഫോറസ്റ്റ് വിസിറ്റ്, ഫിഷിങ്– കവ്വായ് ആഘോഷങ്ങളുടെ ദ്വീപായി മാറിയിരിക്കുന്നു. 

കവ്വായ് ദ്വീപ്

വിളഞ്ഞു നിൽക്കുന്ന നൂറിലേറെ തെങ്ങുകളുള്ള പറമ്പാണ് ദ്വീപ്. കാൽപാദം മൂടുംവിധം പുൽപടർപ്പുള്ള നിരപ്പായ സ്ഥലം. അതിഥികൾക്കു വർത്തമാനം പറഞ്ഞിരിക്കാൻ ഓലപ്പുര. ഭക്ഷണം പാകം ചെയ്യാൻ കുടിൽ. ഇരുന്നുണ്ണാൻ തെങ്ങിന്റെ കുറ്റികൾ. അന്തിയുറങ്ങാൻ ടെന്റ്. പുൽമേടയ്ക്കു നടുവിൽ തെങ്ങുകളുടെ ഇയിലൂടെ തുരുത്തിന്റെ നടുവിലേക്കൊരു ചാലുണ്ട്. അവിടെയാണ് കയാക്കുകൾ (ഫൈബർ ബോട്ട്) നിർത്തിയിടുന്നത്. 

വെയിൽ കനക്കുന്നതിനു മുൻപ് കണ്ടൽക്കാട് കാണാമെന്നു തീരുമാനിച്ചു. ലൈഫ് ജാക്കറ്റുകൾ നെഞ്ചിനു കുറുകെ ചുറ്റി കയാക്കുകൾ വെള്ളത്തിലിറക്കി. 

അത്ര നേരം കണ്ടതുപോലെ ഭയപ്പെടുത്തുന്ന  ജലാശയമല്ല കവ്വായ് കായൽ. അരയ്ക്കൊപ്പം വെള്ളമേയുള്ളൂ. നീന്തൽ അറിയാത്തവർക്കും ഭയമില്ലാതെ വെള്ളം തുഴയാം. സൂര്യപ്രകാശത്തില്‍ കായലിന്റെ അടിത്തട്ടിലെ മണൽ സ്വർണം വിതറിയ പോലെ കാണാം. പതിനഞ്ചു മിനിറ്റ് തുഴഞ്ഞപ്പോഴേക്കും കണ്ടൽ ചെടികളുടെ സമീപത്തെത്തി. വെട്ടിയൊതുക്കി പ്രദർശനത്തിനു വച്ച് പൂച്ചെടികൾ പോലെ വെള്ളത്തിനു നടുവിൽ വട്ടമിട്ടു നിൽക്കുന്നു കണ്ടൽ ചെടികൾ. കവ്വായ് കായലിന്റെ നടുഭാഗത്ത് കണ്ടലുകൾ വച്ചു പിടിപ്പിച്ച് അത്രയും മനോഹരമായൊരു ഉദ്യാനം നിർമിച്ചയാളുടെ ദീർഘദർശനം അഭിനന്ദനാർഹം.

കണ്ടൽ കാടിന്റെ കിഴക്കുഭാഗം കണ്ണൂർ ജില്ലയാണ്. പടിഞ്ഞാറേ ചിറ കാസർകോട്. പടിഞ്ഞാറു ഭാഗത്തെ തിട്ട നിറയെ തെങ്ങിൻ തോപ്പുകളാണ്. തോട്ടങ്ങൾക്കു നടുവിൽ പഴയ വീടുകളുണ്ട്. ഈ വീടുകളിലെ താമസക്കാരുടെ ഗതാഗത മാർഗമാണ് കവ്വായിൽ നിന്നു സർവീസ് നടത്തുന്ന ബോട്ടുകൾ. ഇവിടത്തുകാരെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന മാടക്കാൽ ബണ്ട് കണ്ടൽ കാടിനടുത്താണ്. കണ്ടലിനടുത്തു നിന്നു പത്തു മിനിറ്റ് വള്ളം തുഴഞ്ഞാൽ ബണ്ടിലെത്താം. ബണ്ടിനു താഴെയാണ് കവ്വായ് ദ്വീപിൽ പണ്ടു മുതൽ മനുഷ്യ സാന്നിധ്യം അറിയിച്ച മത്സ്യബന്ധന തൊഴിലാളികളുടെ വീടുകൾ.

മുക്കുവ ചേരിയിലാണ് വീടെന്നു സ്വയം പരിചയപ്പെടുത്തി വർത്തമാനം പറയാനെത്തിയ സോമൻ കവ്വായ് കായലിന്റെ മുക്കും മൂലയിലും നീന്തിയിട്ടുണ്ടെന്നു പറഞ്ഞു. ‘‘വടക്കേ മലബാറിലെ ഏറ്റവും നീളമേറിയ കായലാണ് കവ്വായ്. കങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ അരുവികളിൽ നിന്നു വെള്ളം വന്നു ചേരുന്നു. കവ്വായ് നിറയെ കരിമീനും ഞണ്ടുമുണ്ട്. ആ കാണുന്ന തെങ്ങിൻ തോട്ടത്തിന്റെ അപ്പുറം കടലാണ്. തീരത്തിനു വീതി കുറവാണ്. ഇറങ്ങിയാൽ അപകടത്തിൽ പെടും. ‘‘ദ്വീപിൽ വിറകു പെറുക്കാനെത്തിയ സോമൻ തുഴഞ്ഞും നീന്തിയും ചൂണ്ടയിട്ടും മനസ്സിലാക്കിയ അറിവിന്റെ കലവറ തുറന്നു. കിഴക്കൊരു മലയിലേക്ക് വിരൽ ചൂണ്ടി ഏഴിമല നാവിക ആസ്ഥാനം കാണിച്ചു തന്നു.

വലിയ പറമ്പ് ബീച്ച്

സോമൻ പറഞ്ഞ വഴിയിലൂടെ കടൽതീരത്തു പോയി. പഞ്ചാരമണൽ വിരിച്ച നീളമേറിയ ബീച്ച്. കുറ്റിമുല്ല പൊഴിഞ്ഞതു പോലെ മണൽപരപ്പു നിറയെ വെളുത്ത കക്കകൾ. വാരിയെടുത്തു ചാക്കിൽ നിറച്ചു വീട്ടിൽ കൊണ്ടു പോകാൻ കൊതിയുണ്ടാക്കും വിധം ഭംഗിയുള്ള ദൃശ്യം. ഓരോ തവണ തിരമാലകൾ വന്നു കയറുമ്പോഴും അവയുടെ നിര പെരുകി. സോമൻ പറഞ്ഞതു സത്യം, കവ്വായിലെ തിരമാലകൾ അപകടകാരിയാണ്. ആർത്തലച്ചു വരുന്ന തിരയുടെ കുത്തിൽ തീരം ഇടിഞ്ഞിറങ്ങുന്നു. അതിന്റെ ഇരട്ടി ശക്തിയിൽ കടൽ കുലുങ്ങുന്നു. മീൻപിടുത്തക്കാരുടെ വള്ളങ്ങൾ ഓളപ്പരപ്പിനു മീതെ ആടുന്നതു കണ്ടപ്പോൾ ഭയം തോന്നി. കാറ്റാടി മരങ്ങളുടെ തണലിൽ നിന്നു കണ്ടാസ്വദിക്കുന്നതിനപ്പുറം ആ കടലിനോടു ചങ്ങാത്തം പാടില്ല. 

കായലും കടൽത്തീരവും കയാക്കിങ്ങും കഴിഞ്ഞ് ദ്വീപിൽ മടങ്ങിയെത്തി. വോളിബോളുമായി കായലിലിറങ്ങി പന്തു കളിച്ചു. പകലിന്റെ ക്ഷീണവുമായി ടെന്റിൽ തിരിച്ചെത്തിയപ്പോഴേക്കും ബാർബി ക്യൂ ചിക്കൻ തയാർ. ഉറക്കത്തിന്റെ പടിവാതിലിൽ എത്തുന്നതു വരെ പിന്നെ നാട്ടു വർത്തമാനങ്ങളും പാട്ടുമായിരുന്നു.....

ചിത്രങ്ങൾ : ശ്രീജിത് ദാമോദരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com