ഓണാട്ടുകരയുടെ മണ്ണില്‍ ഓണമുണ്ണാന്‍ ഒരുങ്ങിക്കോ
Mail This Article
ഈ നാടിന്റെ പേരില്‍ തന്നെയുണ്ട് ഓണം. അപ്പോള്‍ പിന്നെ ഓണത്തിന് ഇവിടേക്ക് അല്ലാതെ പിന്നെ എവിടെ പോകാന്‍. മഹാബലിയെ പോലും ഊട്ടിയ പൈകൃതസമ്പത്ത് ഏറെയുള്ള അറിയാത്ത അനേകം ചരിത്രങ്ങള്‍ ഉറങ്ങുന്ന ഓണാട്ടുകരയിലേക്ക് ഇത്തവണ ഓണാവധിക്ക് പോയിനോക്കാം. കണ്ടറിയാന്‍ ഒരുപിടി വിശേഷങ്ങളുണ്ട് ഈ നാടിന്. മാവേലിക്കരയുടെ ഹൃദയമായ ഓണാട്ടുകരയ്‌ക്കൊപ്പം ചുറ്റുമുള്ള ചില ക്ഷേത്രദര്‍ശനങ്ങളും നടത്താം.
ചരിത്രത്തിലെ മാവേലിയുടെ നാട്
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമായിരുന്നു ഓണാട്ടുകര. ഓണാട്ടക്കരയുടെ തലസ്ഥാനമായി അറിയപ്പെടുന്ന മാവേലിക്കര ഒരു കാലത്ത് മുഴുവന്‍ മലയാളത്തിന് ഓണമുണ്ണാനുള്ള വിഭവങ്ങള്‍ വിളഞ്ഞിരുന്ന കേരളത്തിന്റെ കാര്‍ഷിക തലസ്ഥാനമായിരുന്നു. മാവേലിയ്ക്ക് ഓണസദ്യ നല്‍കിയ നാട്ടുകാരുടെ നാടായാതിനാലാവാം മാവേലിക്കര എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
ബുദ്ധ വിശ്വാസിയായിരുന്നു മാവേലി എന്നും അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു മാവേലിക്കര എന്നും പറയുന്നു. ഏതായാലും എല്ലാ ഓണത്തിനും മാവേലിക്കരയെയും ഓണാട്ടുകരയെയും ഓര്‍ക്കാതെ മലയാളിയ്ക്ക് ഓണാഘോഷമുണ്ടാകില്ല. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടുള്ള ബുദ്ധപ്രതിമകളില്‍ ഒന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. മാവേലിക്കരയ്ക്കടുത്തുള്ള കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ബുദ്ധ ജംഗ്ഷനിലാണ് ബുദ്ധപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രതിമ പഴയ കേരളത്തിലെ ബുദ്ധമത നാഗരികതയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു. ഇതിനൊപ്പം ചില സുപ്രധാനക്ഷേത്രങ്ങളുടെ ആത്മീയഭൂമികൂടിയാണി നാട്.
കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം
കേരളത്തില്‍ ആദ്യത്തെ ശിവക്ഷേത്രമെന്ന ഖ്യാതിയുള്ള അമ്പലമാണിത്. ശിവനെ കിരാതരൂപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം പഴയ ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ചരിത്രരൂപീകരണത്തിനു പ്രധാന പങ്കുവഹിച്ചിട്ടുള്ള ക്ഷേത്രമാണിത്.
മാവേലിക്കരയിലുള്ള ദേവദാസികള്‍ക്കായിരുന്നു ഈ ക്ഷേത്രത്തിന്റെ ആദ്യകാല അവകാശം. ഉണ്ണുനീലി ചരിതം, ഉണ്ണിയാടി ചരിതം തുടങ്ങിയ മണിപ്രവാള കവിതകള്‍ ഈ ക്ഷേത്രത്തെ പരാമര്‍ശിച്ച് ഉടലെടുത്തവയാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. വിഷ്ണു, ഗണപതി, മൂല ഗണപതി, അന്നപൂര്‍ണേശ്വരി, സുബ്രഹ്മണ്യന്‍ തുടങ്ങിയ 12 ഉപദേവതകളെ ഇവിടെ ആരാധിക്കുന്നു. ഒപ്പം 6 ശിവലിംഗ പ്രതിഷ്ഠകളും ഉണ്ട്. ലോകത്തിലെ പ്രശസ്തമായ 108 ശിവക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.
ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം
ചെട്ടിക്കുളങ്ങര ഭരണി നാളില്‍ എന്ന സിനിമാപ്പാട്ട് കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഓര്‍ത്തിരിക്കുന്ന ആ സിനിമാഗാനത്തേക്കാള്‍ ഏത്രയോ മടങ്ങ് പ്രശസ്തമാണ് ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രവും അവിടുത്തെ ഭരണി ആഘോഷവും കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നായാണ് ചെട്ടികുളങ്ങരയെയും അറിയപ്പെടുന്നത്.
വര്‍ഷാവര്‍ഷം ചെട്ടിക്കുളങ്ങര ഭരണിയ്ക്ക് ഇവിടെയെത്തുന്നത് നാനാജാതി മതസ്ഥരായ അനേകായിരങ്ങളാണ്. കുത്തിയോട്ടം, രഥയോട്ടം, കെട്ടുകാഴ്ച തുടങ്ങി കേരളത്തിലെ അപൂര്‍വമായ അനുഷ്ഠാന ചടങ്ങുകള്‍ നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത്. 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഭഗവതിയെ മൂന്ന് ഭാവത്തിലാണ് ഇവിടെ പൂജിക്കുന്നത.് പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരത്തോടെ ശ്രീ ദുര്‍ഗയായും ദേവി മാറുന്നുവെന്നും വിശ്വസിക്കുന്നു.
പടനിലം പരബ്രഹ്മ ക്ഷേത്രം
പ്രശസ്തമായ പടനിലം പടയണി നടക്കുന്ന ഈ ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്. ഓണാട്ടുകരയുടെ തനത് പാരമ്പര്യം വിളിച്ചോതുന്ന നന്ദികേശ കെട്ടുത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഇവിടെ എഴുന്നള്ളിക്കുന്ന 50 അടി വരെ ഉയരമുള്ള നന്ദികേശന്മാര്‍ ശിവരാത്രി നാളിലെ വിസ്മയക്കാഴ്ചയാണ്. നൂറനാട്ടെ 16 കരകളില്‍നിന്നും ശിവരാത്രിയ്ക്ക് പല വലുപ്പത്തിലുള്ള പടയണികള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഈ കെട്ടുകാഴ്ച്ചകള്‍ ക്ഷേത്രത്തിന് വലം വെക്കുന്നു എന്ന അപൂര്‍വതയും പടനിലം ശിവരാത്രിക്കുണ്ട്.
ഇനിയുമുണ്ട് മാവേലിക്കരക്കും ഓണാട്ടുകരയ്ക്കും പറയാന്‍ വിശേഷങ്ങള്‍. ഓണം കഴിഞ്ഞ് 28-ാം ദിവസം നടത്തുന്ന ഓണമഹോത്സവവും, കാളകെട്ടും വേലകളിയുമെല്ലാം ഈ നാട് കൊണ്ടാടുന്ന അനേകം ഓണാഘോഷങ്ങളില്‍ ചിലത് മാത്രം. ഓണത്തിന്റെ അവധികള്‍ വീട്ടിലിരുന്ന് സദ്യയുണ്ട് മാത്രം ആഘോഷിക്കാതെ ഇതുപോലെ നാടുകള്‍ കണ്ട് തന്നെ കൊണ്ടാടാം.