നാവില്‍ കപ്പലോടിക്കും മീന്‍ രുചികളുമായി കൊച്ചിയുടെ സുന്ദരി 'കുമ്പളങ്ങി'
Mail This Article
'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമ ഇറങ്ങിയ ശേഷമാണ് കേരളത്തിലെ കൊച്ചിയിലുള്ള കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തെ തേടി കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും മയക്കാന്‍ കഴിവുള്ള ഒരു സുന്ദരിയാണ്. സ്വര്‍ണക്കതിരുകള്‍ വിളഞ്ഞുകിടക്കുന്ന വയലുകളും ചുറ്റും കുഞ്ഞോളങ്ങള്‍ വീഴുന്ന കായൽപ്പരപ്പും അവയ്ക്കു മുകളില്‍ കൗതുകമുണര്‍ത്തുന്ന ചീനവലയുടെ കാഴ്ചയും കുളങ്ങളും തോടുകളും മാത്രമല്ല, ഗ്രാമീണതയുടെ നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യരും ഈ നാടിന്‍റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.
കുമ്പളങ്ങി എന്ന പേരിനു പിന്നില്‍
കുമ്പളങ്ങിക്ക് മുമ്പ് ഈ പ്രദേശത്ത് കുമ്പളം എന്നൊരു ദ്വീപുണ്ടായിരുന്നു. കടലിൽ നിന്ന് പൊന്തിവന്ന ഈ ദ്വീപില്‍ ഉപ്പ് വിളയിച്ചിരുന്ന അളങ്ങൾ ഉണ്ടായിരുന്നു. കാലക്രമേണ, കിഴക്കുനിന്ന് പടിഞ്ഞാറേക്ക് കടൽ മാറിയ സമയത്ത് കുമ്പളത്തിന് പടിഞ്ഞാറ് ഭാഗത്തായി പുതിയൊരു ദ്വീപുണ്ടായി. കുമ്പളത്തിന് മുന്നിൽ ഒരു വിലങ്ങു പോലെ ഉണ്ടായിവന്ന ഈ ദ്വീപിനെ നാട്ടുകാര്‍ ‘കുമ്പളം വിലങ്ങി’ എന്ന് വിളിച്ചു. കാലക്രമേണ അത് ലോപിച്ച് കുമ്പളങ്ങിയായി മാറി. പതിനാറു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപില്‍ ഇന്ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ വസിക്കുന്നു എന്നാണ് കണക്ക്.
കായല്‍പ്പരപ്പിലെ ചീനവലകള്‍
കുമ്പളങ്ങിക്കാരുടെ പ്രധാന ജീവിതമാര്‍ഗ്ഗമാണ് മത്സ്യബന്ധനം. ഈ നാടിന്‍റെ മുഖമുദ്രയാണ് ചീനവലകള്‍. ഏകദേശം നൂറോളം ചീനവലകള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് കണക്ക്. ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകകരമാണ് ഇവയുടെ കാഴ്ച.
മത്സ്യത്തൊഴിലാളികളും ബോട്ട്മാൻമാരും വിനോദസഞ്ചാരികൾക്കായി വിവിധ മത്സ്യബന്ധന വിദ്യകൾ പ്രദർശിപ്പിക്കുന്നു. കുമ്പളങ്ങിയുടെ കരഭാഗത്തെ കായലില്‍ നിന്ന് വേര്‍തിരിക്കുന്ന കണ്ടൽക്കാടുകള്‍ ചെമ്മീൻ, ഞണ്ട്, മുത്തുച്ചിപ്പി, ചെറിയ മത്സ്യങ്ങൾ എന്നിവയുടെ പ്രജനന കേന്ദ്രമാണ്. മത്സ്യത്തൊഴിലാളികളും ബോട്ട്മാൻമാരും വിനോദസഞ്ചാരികൾക്കായി വിവിധ മത്സ്യബന്ധന വിദ്യകൾ പ്രദർശിപ്പിക്കുന്നതും പതിവാണ്.
നാവില്‍ ഉത്സവമേളമൊരുക്കുന്ന മീന്‍രുചി
നല്ല എരിവുള്ള ഫ്രഷ് മീന്‍കറിയും കപ്പയും ബീഫ്റോസ്റ്റുമെല്ലാം കൂട്ടി ഒരു പിടിയങ്ങു പിടിച്ചാലോ? അല്ലെങ്കില്‍ കരിമീന്‍ പൊള്ളിച്ചതും കൊഞ്ച് ഉലര്‍ത്തിയതും വേണോ? കുമ്പളങ്ങിയുടെ മെനുവില്‍ ആവി പറക്കുന്ന കിടിലന്‍ രുചികള്‍ സദാ റെഡിയാണ്... നേരെ അങ്ങു ചെന്നാല്‍ മതി, വയറും മനസ്സും ഒരേപോലെ നിറച്ച് തിരിച്ചു പോരാം! ചുറ്റുമുള്ള കായൽഭംഗി കൺനിറയെ കണ്ട് രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന നിരവധി ‘ഹോം സ്റ്റേ’കളുമുണ്ട് ഇവിടെ.
സഞ്ചാരികള്‍ക്കായി മോഡല്‍ ടൂറിസം വില്ലേജ്
2003 ൽ കേരള സർക്കാർ നിരവധി ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളായി തിരഞ്ഞെടുത്തിരുന്നു. അവയിലൊന്നാണ് കുമ്പളങ്ങി. ഈ നാടിനെ ഒരു മാതൃകാ മത്സ്യബന്ധന ഗ്രാമമായും ടൂറിസം കേന്ദ്രമായും മാറ്റുന്നതിനായി 'കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പദ്ധതി'യും ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതോടൊപ്പം തന്നെ വിനോദസഞ്ചാരത്തിലൂടെ പ്രദേശവാസികളെയും സമ്പദ്‌വ്യവസ്ഥയെയും സഹായിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി നിരവധി വീടുകള്‍ ഹോംസ്റ്റേകളായി മാറി. അറ്റാച്ചുചെയ്‌ത കുളിമുറികള്‍ ഉള്ള രണ്ടോ അതിലധികമോ മുറികൾ ഉള്ള വീടുകളിലാണ് ഹോംസ്റ്റേ. സഞ്ചാരികൾക്ക് ആതിഥേയ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും ഗ്രാമത്തിലൂടെ നടക്കാനും മത്സ്യബന്ധനം കാണാനും ഒപ്പം തന്നെ മീന്‍ പിടിക്കാനും ബോട്ടിംഗിനും ഫാമുകൾ സന്ദർശിക്കാനുമൊക്കെ സൗകര്യമുണ്ട്.
English Summary: Kumbalangi Eco Tourism Destination