ADVERTISEMENT

കാടിന്റെ ഹൃദയം കാണണമെങ്കില്‍ ചെമ്പ്രമലമുകളില്‍ പോകണം. തണുത്ത തെളിനീര് കെട്ടി നില്‍ക്കുന്ന ഹൃദയ തടാകം നെഞ്ചിലേറ്റി ആകാശം മുട്ടി ചെമ്പ്ര വളര്‍ന്നു നില്‍ക്കുന്നു. ആ മലയിലേക്കുള്ള വഴി സാഹസിക സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. വയനാട്ടിലെ കല്‍പറ്റയില്‍നിന്നു മേപ്പാടി എത്തി അവിടെനിന്നു ചെമ്പ്രമലയിലേക്കുള്ള വഴി പിടിക്കണം. മേപ്പാടിയില്‍നിന്ന് ഏഴ് കിലോമീറ്ററാണ് ചെമ്പ്ര മലയടിവാരത്തേക്ക്.

chembra-peak1
ചെമ്പ്രയുടെ താഴ്‌വാരത്തുനിന്നുള്ള കാഴ്ച

രാവിലെ ഏഴു മണി മുതല്‍ ടിക്കറ്റ് കൊടുക്കും. 200 പേരെയാണ് ഒരു ദിവസം പ്രവേശിപ്പിക്കുന്നത്. ടിക്കറ്റിന് 1770 രൂപയാണ്. ഈ ടിക്കറ്റില്‍ 5 പേര്‍ക്ക് വരെ പോകാം. അധികമുള്ള ഓരോ ആള്‍ക്കും 230 രൂപ വീതം നല്‍കണം. ടിക്കറ്റ് കൗണ്ടറില്‍നിന്ന് അല്‍പദൂരം കൂടി മുന്നോട്ട് പോയി വേണം വണ്ടി പാര്‍ക്ക് ചെയ്യാന്‍. അവിടെനിന്നു നടന്നു കയറണം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ അല്‍പദൂരം നടന്നാല്‍ വാച്ച് ടവര്‍ എത്തും. അവിടെനിന്നു മല തുടങ്ങുകയായി. 

chembra2
വ്യൂപോയന്റിലേക്കുള്ള വഴി

ചെറുമരങ്ങള്‍ തിങ്ങി നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ വേണം നടക്കാന്‍. കുറേ ദൂരം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് തെരുവപ്പുല്ലുകള്‍ മാത്രമാകും. അങ്ങിങ്ങായി മലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതും മേഘങ്ങള്‍ പറന്നുപോകുന്നതും കാണാം. രണ്ടു കിലോമീറ്റര്‍ ദൂരം കയറ്റമാണ്. മലയുടെ പകുതിയോളം കയറിയാല്‍ നിരപ്പായ സ്ഥലത്തെത്തും. ഇവിടെ ഒരു ചെറിയ തടാകമുണ്ട്. തെരുവപ്പുല്ലുകള്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ച് ഒന്നുരണ്ട് മരങ്ങള്‍ തടാകക്കരയില്‍ നില്‍ക്കുന്നു.

chembra1
ട്രെക്കിങ് പാത

പിന്നെയും കയറ്റമാണ്. മലയുടെ മധ്യഭാഗത്തെത്തുേേമ്പാള്‍ വീണ്ടും നിരപ്പായ സ്ഥലമാകും. ഇവിടേക്ക് കയറിച്ചെല്ലുമ്പോള്‍ വലിയൊരു തടാകം കാണാം. ഒറ്റനോട്ടത്തില്‍ സാധാരണ തടാകമായേ തോന്നൂ. എന്നാല്‍ മലയുടെ ഒരു കോണില്‍നിന്നു നോക്കിയാല്‍ ഈ തടാകത്തിന് ഹൃദയത്തിന്റെ ആകൃതിയാണ്. തണുത്ത വെള്ളം തളം കെട്ടിനില്‍ക്കുന്ന വിശാലമായ തടാകം. തടാകത്തിന്റെ ഓരം ചേര്‍ന്ന് നടന്നാല്‍ കാറ്റുകൊണ്ട്, കാഴ്ചകണ്ട് ഇരിക്കാന്‍ സാധിക്കുന്ന പാറപ്പുറത്തെത്താം. ഇവിടെയിരുന്നാല്‍ വയനാട് ജില്ലയുടെ പകുതിയിലേറെ കാണാം. 

chembra7
ഹൃദയതടാകം

മല പിന്നെയും ഉയര്‍ന്നു നില്‍ക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പു വരെ മലയുടെ അറ്റം വരെ പോകാന്‍ അനുവദിക്കുമായിരുന്നു. മലയുടെ മുകളിലെത്തിയാല്‍ ആകാശം തൊടുന്ന പ്രതീതിയാണ്. അപൂര്‍വമായി മാത്രം കാണുന്ന ചിലപ്പന്‍കിളികളുടെ സാന്നിധ്യം അടുത്തിടെ ഈ മലമുകളില്‍ കണ്ടെത്തി.

chembra8
ലേഖകൻ

വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷികള്‍ വലിയ മലകളുടെ മുകളിലാണ് സാധാരണ കാണാറ്. ആകാശ ദ്വീപുകള്‍ (sky island) എന്നാണ് ഇത്തരം അപൂര്‍വ പക്ഷികളുടെയും ജന്തു, സസ്യ ജാലങ്ങളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. 

chembra
ചെമ്പ്രമലയുടെ സമീപത്തെ ദൃശ്യം

അതുകൊണ്ടുതന്നെ വനംവകുപ്പ് മനുഷ്യ സാന്നിധ്യം ഒഴിവാക്കി സംരക്ഷിതമേഖലയാക്കി മാറ്റി. അവിടേക്ക് പ്രവേശനവും നിര്‍ത്തി. മലയുടെ മുകള്‍ ഭാഗത്ത് ധാരാളം നീലക്കുറിഞ്ഞിയുമുണ്ട്. ഏതാനും വര്‍ഷം മുന്‍പ് പുല്‍മേട് തീ പിടിച്ച് പൂര്‍ണമായും കത്തിനശിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയില്‍ പോയതോടെ ചെമ്പ്രയിലേക്കുള്ള പ്രവേശനം നിര്‍ത്തി.

chembra3
ചെമ്പ്രമലയുടെ സമീപത്തെ ദൃശ്യം

പിന്നീട് കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ സഞ്ചാരിളുടെ എണ്ണം പരിമിതമാക്കി. നിയന്ത്രണങ്ങളില്ലാതിരുന്ന സമയത്ത് ദിവസം രണ്ടായിരത്തോളം പേര്‍ വരെ മലകയറിയിരുന്നു. ടെന്റ് അടിച്ച് മലയില്‍ തങ്ങാനും സൗകര്യമുണ്ടായിരുന്നു. 

chembra-peak-travel
മലമുകളിൽ എത്തിയ സഞ്ചാരികൾ

ബ്രിട്ടിഷുകാരാണ് ചെമ്പ്രമലമുകളിലെ ഇത്രയും വിശാലവും മനോഹരവുമായ സ്ഥലത്ത് തമ്പടിക്കാന്‍ തുടങ്ങിയത്. അവര്‍ ഇവിടെ വലിയ ടെന്നിസ് കോര്‍ട്ടും ബംഗ്ലാവും നിര്‍മിച്ചു. കുതിരപ്പുറത്തായിരുന്നു അവര്‍ ഇവിടേക്ക് വന്നത്. ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതോടെ ബംഗ്ലാവും ടെന്നിസ് കോര്‍ട്ടും നശിച്ച് കാടുകയറി.

chembra-peak
ചെമ്പ്രയുടെ സമീപത്തെ തേയിലത്തോട്ടം

ബ്രിട്ടിഷുകാരുടെ കാലം മുതല്‍ക്കെ ചെമ്പ്ര മോഹിപ്പിക്കുന്ന മലയാണ്. ആ മലകയറാന്‍ ഇന്നും വിദേശികളുള്‍പ്പെടെയുള്ളവര്‍ എത്തുന്നു. ദിവസവും ഇവിടെ എത്തുന്നവരില്‍ പകുതിയിലധികവും ഇതര സംസ്ഥാനക്കാരാണ്. കോടമഞ്ഞും വെണ്‍മേഘക്കെട്ടുകളും അലിഞ്ഞു ചേരുന്ന സംഗമഭൂമികയാണ് ഈ മല. പശ്ചിമഘട്ടത്തില്‍ തലക്കനവും തരളഹൃദയവുമുള്ള ചെമ്പ്ര.

English Summary: chembra peak - ideal place for trekking in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com