ADVERTISEMENT

ഉയരം കൂടും തോറും മൂന്നാറിലെ ചായയുടെ രുചിയും കൂടും എന്നാണല്ലോ... എന്നാൽ ദൂരം കൂടുംതോറും യാത്രയുടെ രസവും ഏറുന്ന ഒരു പുതിയ മൂന്നാർ റൂട്ട് പരിചയപ്പെട്ടാലോ? സ്ഥിരം പോകുന്ന തിരക്കേറിയ പാതയിൽ നിന്നു വഴിമാറി കാഴ്ചകളും കൗതുകങ്ങളും നിറഞ്ഞ പുതുവഴി നിങ്ങൾക്ക് ഇഷ്ടമാകുമെന്നുറപ്പ്.

വളഞ്ഞ് വളഞ്ഞ് ‘മൂന്നാർ’ പിടിക്കാം

സഞ്ചാരികൾ കൂടുതലും മൂന്നാറിലേക്കു പോകുന്നത് അടിമാലി, പള്ളിവാസൽ വഴിയാണ്. ഇതിലും മനോഹരമായ റൂട്ടാണ് അടിമാലിയിൽ നിന്നു രാജകുമാരി പൂപ്പാറ വഴിയുള്ള മൂന്നാർ യാത്ര. മണ്ണിടിച്ചിലിൽ തകർന്ന മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷമാണ് ഈ വഴി വീണ്ടും ഹിറ്റായിത്തുടങ്ങിയത്. 30 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുമെങ്കിലും 30 തവണ മൂന്നാറിൽ പോയവർക്കും ആദ്യതവണ പോയതുപോലുള്ള അനുഭവം ഉറപ്പ്.

അടിമാലിയിൽനിന്നു സാധാരണ മൂന്നാർ പോകുന്ന വഴിയിലൂടെ പോകാതെ ലെഫ്റ്റ് അടിച്ചു രാജകുമാരി റോഡ് പിടിക്കുക. രാജകുമാരിയിൽനിന്നു പൂപ്പാറ. അവിടെനിന്നു കൊച്ചി – ധനുഷ്കോടി ദേശീയപാതയിലേക്കു കയറുമ്പോഴാണു യാത്രയുടെ ശരിക്കുള്ള ഫീൽ കിട്ടുന്നത്.

തേയിലത്തോട്ടങ്ങൾക്ക് നടുവിൽ സ്വിമ്മിങ് പൂൾ

കണ്ണാടിപോലുള്ള പുത്തൻ റോഡിലൂടെ വാഹനം ഓടിച്ചുപോകുമ്പോൾ താഴെ ഒരു കുഞ്ഞു ഭൂപടം പോലെ ആനയിറങ്കൽ ജലാശയം കാണാം. തേയിലത്തോട്ടങ്ങൾക്കു നടുവിൽ ഒരു കൂറ്റൻ സ്വിമ്മിങ് പൂൾ പോലെയാണ് ആനയിറങ്കൽ. അവിടെ നിന്നു വിട്ടാൽ അടുത്ത സ്റ്റോപ് പവർഹൗസ് വെള്ളച്ചാട്ടമാണ്. ഈ റൂട്ടിലെ കാഴ്ചയുടെ ‘പവർ പാക്’ ആണ് ഈ വെള്ളച്ചാട്ടം. വിദൂരദൃശ്യത്തിൽ ഗോവയിലെ ദുത് സാഗർ വെള്ളച്ചാട്ടത്തെ ഓർമിപ്പിക്കുന്ന മനോഹര കാഴ്ച. കൂറ്റൻ വെള്ളച്ചാട്ടത്തിനരികിലൂടെ വാഹനങ്ങൾ ചെറുപൊട്ടുപോലെ പോകുന്നത് 2 കിലോമീറ്റർ അകലെനിന്നേ കാണാം. വെള്ളച്ചാട്ടത്തിനു സമീപം വണ്ടി നിർത്താനും ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. അവിടെ നിന്നു കോടമഞ്ഞു മൂടിയ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ വീണ്ടും മുന്നോട്ട്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ ചെന്നെത്തുന്നതു ദേവികുളത്ത്. ഇതിനിടയിൽ വഴിയരികിൽ ഒട്ടേറെ ഫോട്ടോ പോയിന്റുകളുണ്ട്. ദേവികുളം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ 2 കിലോമീറ്റർ റോഡ് അൽപം മോശമാണ്. ദേവികുളത്തു നിന്നു മൂന്നാറിലേക്കു ദൂരം 10 കിലോമീറ്റർ മാത്രം.

English Summary: Munnar Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com