ADVERTISEMENT

വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് 900 കണ്ടി. ഈയിടെയായി ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളില്‍ ഒന്നുകൂടിയാണ് മനോഹരമായ ഈ വനപ്രദേശം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അനവധി ചെറിയ തോട്ടങ്ങളും മറ്റുമുള്ള ഈ മേഖലയില്‍ കാണാനും അറിയാനുമായി ഒത്തിരി അപൂര്‍വ അനുഭവങ്ങളുണ്ട്...

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിനടുത്തായാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. മേപ്പാടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയില്‍, 10 കിലോമീറ്റർ പോയാൽ തൊള്ളായിരം കണ്ടിയിലേക്കുള്ള വഴിയെത്തും. രാത്രിയായാൽ ആനയും മറ്റു മൃഗങ്ങളും സ്വതന്ത്രരായി വിഹരിക്കുന്ന പ്രദേശമായതിനാല്‍ യാത്ര ചെയ്യുമ്പോള്‍ നന്നായി ശ്രദ്ധിക്കണം.

വനത്തിനു നടുവിലൂടെയുളള ഓഫ് റോഡ് യാത്രയാണ് ഈ ട്രിപ്പിന്‍റെ  ഹൈലൈറ്റ്. ജീപ്പോ ബൈക്കോ യാത്രക്കായി ഉപയോഗിക്കാം. ഇടതൂര്‍ന്ന മരങ്ങളും കുന്നുകളും മേഘങ്ങളുടെ മേലാപ്പുമുള്ള കാട്ടുവഴിയിലൂടെ പാട്ടുംപാടിപ്പോകാം. വേണമെങ്കില്‍ വിശാലമായ കാട്ടിനുള്ളിലൂടെ ഇറങ്ങി നടക്കാം. ഇരുവശങ്ങളിലും ഏലവും കാപ്പിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന ഒട്ടേറെ കൃഷിയിടങ്ങള്‍ യാത്രക്കിടെ കാണാം. ചെറിയ വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളും കാട്ടുചോലകളും, കിളികളുടെ ശബ്ദവുമൊക്കെ ആസ്വദിക്കാം.

ചില്ലുപാലത്തിലൂടെ നടക്കാം

തൊള്ളായിരം കണ്ടിയിലെ ഏറ്റവും മനോഹരമായ മറ്റൊരു അനുഭവമാണ്, വായുവില്‍ നടക്കുന്ന പോലെയുള്ള അനുഭൂതി പകരുന്ന ചില്ലുപാലം. സോഷ്യല്‍മീഡിയയിലെ സ്ഥിരം താരങ്ങളില്‍ ഒന്നാണ് ഈ പാലം. 100 അടി ഉയരത്തില്‍ നിര്‍മിച്ച പാലത്തിനു മുകളിലൂടെ നടക്കുമ്പോള്‍, നേരെ താഴേക്ക് നോക്കിയാല്‍ കാട് കാണാം. ചുറ്റും നോക്കിയാലോ, മഞ്ഞില്‍ പൊതിഞ്ഞ മലനിരകളും പച്ചത്താഴ്വാരങ്ങളും മനംകവരും. അവയെത്തഴുകി വരുന്ന കുളിരുള്ള കാറ്റു കൂടിയാകുമ്പോള്‍ സംഭവം ഉഷാറാകും! ചൈനയിലെ ഷാങ്ജിയാജിയിലാണ് ഇത്തരമൊരു സ്കൈവാക്ക് പാലം ആദ്യം വന്നതെങ്കിലും, ഇപ്പോള്‍ കേരളത്തിലുള്ളവര്‍ക്കും ഈ മനോഹര അനുഭവം ആസ്വദിക്കാനുള്ള അവസരമുണ്ട്.  

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പാലം, ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക തരം ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരു സമയത്ത് മൂന്ന് പേര്‍ക്ക് ഇതിനു മുകളില്‍ കയറാം. പാലത്തിലൂടെ നടക്കാന്‍ ഒരാള്‍ക്ക് നൂറ് രൂപയാണ് നിരക്ക് ഈടാക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണിത്. രാവിലെ 09 മുതൽ വൈകിട്ട് 06 വരെ പാലത്തിലൂടെ നടക്കാം. ഒരാള്‍ക്ക് ഏകദേശം അര മണിക്കൂര്‍ വരെ പാലത്തില്‍ ചിലവഴിക്കാം. ഒരേസമയം മൂന്നോ നാലോ പേർക്ക് മാത്രമേ പാലത്തിലൂടെ നടക്കാനാവൂ.

കൂടാതെ, പച്ചക്കുന്നുകളുടെ സുന്ദരകാഴ്ചയൊരുക്കുന്ന സീനറിപ്പാറ, ചെമ്പ്ര കുന്നിനരികില്‍ നിന്നും ഒഴുകിയെത്തുന്ന കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയെല്ലാം തൊള്ളായിരം കണ്ടിക്കരികില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റു ചില മനോഹര കാഴ്ചകളാണ്.

 English Summary: 900 kandi Sky park Glass bridge in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com