സാഹസികതയും സുന്ദരമായ ഗ്രാമീണ കാഴ്ചകളും ; വാട്ടർ സ്ട്രീറ്റ് എന്ന നവീന ആശയം
Mail This Article
തിരക്കു കുറഞ്ഞ സ്ഥലങ്ങളിൽ യാത്രചെയ്തു കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു പോകാൻ പറ്റിയ ഒരു സ്ഥലമുണ്ട്, വൈക്കം. വൈക്കത്ത് ഇപ്പോൾ എന്താ കാണാൻ ഉള്ളതെന്നാണെങ്കിൽ, ക്ഷേത്രവും കായലും കായൽബീച്ചുമൊന്നുമല്ലാതെ ഒരു കൊച്ചു ഗ്രാമം കൂടിയുണ്ട് വൈക്കത്ത്. റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി വാട്ടർ സ്ട്രീറ്റുകൾ വഴി ലോക ശ്രദ്ധയാകർഷിച്ച നാട്, അതാണ് മറവൻതുരുത്ത്. കോട്ടയം–എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന,മുവാറ്റുപുഴയാറിനോടും വേമ്പനാട്ടു കായലിനോടും ചേർന്നു കിടക്കുന്ന ഈ നാടിന്റെ ഭംഗി നമുക്ക് ആസ്വദിക്കാൻ കഴിയുന്നത് ഇവിടെയുള്ള കൊച്ചു തോടുകൾ വഴിയാണ്.
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി മറവൻതുരുത്തില്‍ ആരംഭിച്ച വാട്ടർ സ്ട്രീറ്റ് എന്ന നവീന ആശയം ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന വിനോദവും ഇതു തന്നെയാണ് മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ സുന്ദരമായ ഗ്രാമീണ കാഴ്ചകൾ നമുക്ക് കാണാം. മുവാറ്റു പുഴയാറിന്റ ഭംഗിയിൽ വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ തഴുകി അതിമനോഹരമായ കാഴ്ചകളിലൂടെ തുഴഞ്ഞു നീങ്ങുന്നൊരനുഭവമായിരിക്കും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നത്.
രാവിലെ 5.30 നാണ് ഇവിടെ ആദ്യ ബാച്ച് കയാക്കിങ് ആരംഭിക്കുന്നത്. രാവിലെയും വൈകിട്ടും കയാക്കിങ്ങ് ഉണ്ടെങ്കിലും പ്രഭാത കിരണങ്ങൾക്കിടയിലുടെയുള്ള മനോഹരമായ അനുഭവമാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ രാവിലെ പോകണം. 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനർമാരുമുണ്ടാകും. ആദ്യം ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവർ കൃത്യമായി പറഞ്ഞു മനസ്സിലാക്കും. പിന്നീട് അപകട സാധ്യത തീരെ കുറവുള്ള പ്രദേശത്തെ വെളളത്തിൽ ഇറക്കി ട്രെയിനിങ് നൽകും. രണ്ട് രീതിയിലുള്ള കയാക്കുകളാണുള്ളത്. സിംഗിൾ കയാക്കും ഡബിൾ കയാക്കും കുട്ടികളും ഫാമിലിയുമായി വരുന്നവർക്കുവേണ്ടിയാണ് ഡബിൾ കയാക്ക്. ട്രെയിനിങ്ങിനു ശേഷം നമ്മൾ തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്, ലൈഫ് ജാക്കറ്റും മുൻപിലും പിറകിലുമായ് ഇന്‍സ്ട്രക്ടർമാരുള്ളതുകൊണ്ടു നിർഭയമായി യാത്രചെയ്യാം. പോകുന്നതിന്റെ ഇരുവശവും പച്ചപ്പുനിറഞ്ഞ കാഴ്ചകളാണ്. ഉദിച്ചുവരുന്ന സൂര്യ കിരണങ്ങൾ വീഴുന്നതോടെ അതിന്റെ ഭംഗി ഇരട്ടിയാകും. പുഴയിലുടെ നീങ്ങുമ്പോൾ മറ്റൊരു മനോഹര അനുഭവം സൃഷ്ടിക്കുന്നത് തുരുത്തുമ്മൽ തൂക്കുപാലമാണ്. പുഴയ്ക്കു കുറുകെയുള്ള പാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്.
ഉൾതോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയിൽ കൂടുതൽ സാഹസികത നിറയുന്നു. ഗ്രാമത്തിലുള്ളവർ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ പാലങ്ങൾക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാൻ വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായയതിനാൽ തലകുനിച്ചു വേണം പാലം കടക്കാൻ. തോടിന്റെ ഇരു വശങ്ങളിലും പൂക്കളും ചെടികളും കൃഷികളുമാണ്. നാട്ടുകാർക്ക് കയാക്കുകൾ സുപരിചിതമായതുകൊണ്ട് പ്രത്യേകിച്ച് അദ്ഭുതങ്ങളൊന്നും ആരുടെയും മുഖത്തിലില്ലായിരുന്നു. ആദ്യത്തെ പാലം പോലെ നാലോളം ചെറിയ പാലങ്ങള്‍ കടന്നു മറ്റൊരു വഴിയിലൂടെ തിരികെ മുവാറ്റുപുഴയാറിലെത്തും. അവിടെ ചെറു വഞ്ചികളുമായി ജോലികളിലേർപ്പെട്ടിരിക്കുന്ന നാട്ടുകാരെ കാണം. തൂക്കു പാലത്തിനു ദൂരെയായി കടത്തു വഞ്ചിയും വെയിലിൽ തിളങ്ങുന്ന വേമ്പനാട്ടുകായലും കണ്ടു തിരികെ മടങ്ങിയെത്താം. രണ്ടര മണിക്കൂർ കൊണ്ടു നമുക്ക് കുറെയധികം കാഴ്ചകൾ മാത്രമല്ല ലഭിക്കുന്നത്, അധികം ആളുകൾ അറിയാത്ത നമ്മുടെ ഗ്രാമീണ ഭംഗിയിലേയ്ക്കുള്ള തിരിച്ചു പോക്കു കൂടിയായിരിക്കും ഈ യാത്ര
ലോക ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തിനടുത്തുള്ള മറവൻ തുരുത്തിനെക്കുറിച്ച് ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ. രണ്ട് വർഷത്തോളമായി ഇവിടെ കയാക്കിങ് ആരംഭിച്ചിട്ട്. കിഴക്ക് കയാക്കിങ് എന്ന പേരിൽ ഈ സംരഭം നടത്തുന്നത് വൈക്കം സ്വദേശി അജ്മലാണ്. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്കു വരുന്നത്. കൊച്ചിയിൽ നിന്നും 35 കിലോമീറ്ററും കോട്ടയത്തു നിന്നും 40 കിലോമീറ്ററും മാത്രമാണ് ഇവിടേയ്ക്കു ദൂരമുള്ളത് കൊച്ചിയിൽ നിന്നും വരുന്നവർക്ക് വൈക്കം ചെമ്പു വഴിയും കോട്ടയത്തു നിന്നും വരുന്നവർക്കു തലയോലപ്പറമ്പ് വഴിയും ഇവിടേക്കെത്താം.