നട്ടപാതിരായ്ക്ക് അഷ്ടമുടിക്കായലിന്റെ നടുക്ക്, വിഡിയോയുമായി അനുശ്രീ
Mail This Article
കടലും കായലും മാമലകളും ചോലകളും നിബിഢ വനങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് നമ്മുടേത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ സ്വന്തമായുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരിടം പരിചയപ്പെടുത്തുകയാണ് സിനിമാതാരം അനുശ്രീ. അഷ്ടമുടി കായലിന്റെ സൗന്ദര്യത്തിനൊപ്പം വള്ളത്തിലെ യാത്രയും സ്വാദിഷ്ടമായ മൽസ്യ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും തുടങ്ങി കുട്ടികളുടെ അവധിക്കാലമാസ്വദിക്കാൻ ഏറ്റവും ഉചിതമായൊരിടമാണ് കൊല്ലം സാമ്പ്രാണിക്കോടിയിലെ കായൽ കാഴ്ചകൾ എന്നാണ് അനുശ്രീ പറഞ്ഞു വയ്ക്കുന്നത്.
ശാന്തമായ കായലിലൂടെ യാത്ര ചെയ്യാന്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുള്ളവര്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഇടമാണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപാണിത്. 2 മുതല്‍ 4 കിലോ മീറ്റര്‍ വരെ ആഴം കുറഞ്ഞ തടാകത്തിലൂടെ നടക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത. കണ്ടലുകൾ വളർന്നു നിൽക്കുന്ന ഈ തുരുത്ത് അധികം കാലമായിട്ടില്ല സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായിട്ട്.
സാമ്പ്രാണിക്കോടി തീരത്തു നിന്നു 350 മീറ്ററോളം അകലെ അഷ്ടമുടിക്കായലിൽ ഏതാനും വർഷം മുൻപു രൂപം കൊണ്ടതാണു തുരുത്ത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായലിന്റെ ആഴം കൂട്ടുന്നതിനു ഡ്രജ് ചെയ്ത മണ്ണു കൂട്ടിയിട്ട സ്ഥലമാണ് പിന്നീട് കൂടുതൽ മണ്ണ് അടിഞ്ഞു തുരുത്തായി മാറിയത്. മഞ്ഞ കണ്ടൽ ഉൾപ്പെടെ ഇവിടെ അപൂർവയിനങ്ങളായ ഒമ്പതിനം കണ്ടൽ ചെടികളുണ്ട്. ചില മാസങ്ങളിൽ കര നികന്നു വരുമെങ്കിലും മിക്കപ്പോഴും തുരുത്തിൽ മുട്ടിനൊപ്പം വെള്ളമുണ്ടാകും. വേലിയേറ്റവും ഇറക്കവും അനുസരിച്ച് സാമ്പ്രാണിക്കോടി തുരുത്തിന്റെ സൗന്ദര്യം വർധിക്കും.
കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് സാമ്പ്രാണിക്കോടി. ആ തുരുത്തിന്റെ ഭംഗി ആസ്വദിക്കാനായി കായൽ വഴികളിലൂടെ ഡി ടി പി സി യുടെ 30 മിനിട്ട് നീളുന്ന ബോട്ട് യാത്രയുണ്ട്. ആ യാത്രയിൽ വിവിധ മൽസ്യ വിഭവങ്ങൾ ചേർന്ന രുചികളും ആസ്വദിക്കാവുന്നതാണ്. ഇതിനു സമീപത്തായി തന്നെ മത്സ്യത്തൊഴിലാളികളുടെ ഗ്രാമങ്ങളുണ്ട്. ആ ജീവിതങ്ങളെ കുറിച്ചും അടുത്തറിയാൻ ആ യാത്ര സഹായകരമാകും.
സന്ദർശകരായി ഈ തുരുത്തിലെത്തുന്നവർക്കു ചെറുവിനോദങ്ങളിൽ ഏർപ്പെടാം. മീനും ഞണ്ടും പിടിച്ചും കക്കയും ചിപ്പിയും പെറുക്കിയും യാത്ര ആനന്ദകരമാക്കാം. ഇപ്പോൾ ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഭാഗമാണ് സാമ്പ്രാണിക്കോടി തുരുത്ത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സന്ദർശകരാണ് ഇതിനകം സാമ്പ്രാണിക്കോടി തുരുത്ത് സന്ദർശനത്തിന് എത്തിയത്. സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ ബോട്ട് ജെട്ടി എന്നിവിടങ്ങളിലെ 3 കൗണ്ടറുകളിൽ നിന്നുമാണ് ഇപ്പോൾ ബോട്ട് സർവീസുകൾ ഉള്ളത്. ടിക്കറ്റുകൾ ഓൺലൈൻ ആക്കിയതോടെ സന്ദർശകർക്ക് ഇഷ്ടമുള്ള കൗണ്ടറുകളിലെത്തി ബോട്ട് യാത്ര തിരഞ്ഞെടുക്കാനും അവസരമുണ്ട്. നിലവിൽ 54 ബോട്ടുകളാണ് ടിഡിപിസിയുമായി സഹകരിച്ച് സർവീസ് നടത്തുന്നത്.