ADVERTISEMENT

ആദ്യം വയനാട്ടില്‍ പോകാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. തേയിലത്തോട്ടത്തിനു മുകളിലൂടെ സിപ്‌ലൈൻ യാത്രയായിരുന്നു ഉദ്ദേശം. അന്ന് കുറച്ചു വയ്യാവേലികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കയറിവന്നത് കാരണം പോകാന്‍ പറ്റിയില്ല. എന്തായാലും ഇക്കൊല്ലം തീരുംമുന്നേ വയനാട് പോയി വരണം എന്നൊരു ചിന്ത ഉണ്ടായിരുന്നു മനസ്സില്‍. ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കി, രണ്ടു ദിവസത്തിനുള്ളില്‍ നാലു തവണ ക്യാന്‍സല്‍ ചെയ്തെങ്കിലും അവസാനം വയനാടിന് ഞങ്ങളെ കാണാന്‍ ഉള്ള ഭാഗ്യദിനം വന്നു എന്ന് തന്നെ പറയാം. 

രാവിലെ ആറരയോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ വന്ന ആദ്യത്തെ ആനവണ്ടിയില്‍ ഞങ്ങള്‍ കയറി. സൂപ്പര്‍ഫാസ്റ്റില്‍ കയറുന്നതിനു പകരം ഓര്‍ഡിനറിയിലാണ് കയറിയത്. രാവിലെയല്ലേ, പെട്ടെന്നെത്തും എന്നു കരുതിയെങ്കിലും ആ ചിന്ത തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലായി. 

ഒന്‍പതു മണിയോടെ, കല്‍പ്പറ്റയിലെത്തി. ആദ്യം കാറ്റുകുന്നില്‍ ട്രെക്കിങ് ചെയ്ത ശേഷം, വൈകുന്നേരം സിപ്‌ലൈനിന് പോകാം എന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. കാറ്റുകുന്ന് എന്നാല്‍ എന്താണെന്നു അല്‍പ്പമെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില്‍ ആ പ്ലാന്‍ എത്രത്തോളം മണ്ടത്തരമായിരുന്നു എന്ന് മനസ്സിലാകുമായിരുന്നു.   

കല്‍പ്പറ്റ സ്റ്റാന്‍ഡില്‍ നിന്നും പ്രാതല്‍ കഴിച്ചു. ട്രെക്കിങ് പോകുന്ന സമയത്ത് നല്ല പ്രോട്ടീന്‍ ഉള്ള ഭക്ഷണം കഴിച്ചാല്‍ കുറേ നേരത്തേക്ക് വിശക്കില്ല. വയറു നിറച്ച് കഴിക്കാനും പാടില്ല. ഞങ്ങള്‍ക്ക് കിട്ടിയത് ഇടിയപ്പം ആയത് കൊണ്ടു തൽക്കാലം അതങ്ങ് തട്ടി. 

കാറ്റുകുന്ന്, ബാണാസുര സാഗര്‍, മീന്‍മുട്ടി മുതലായ സ്ഥലങ്ങളിലേക്കു പോകുമ്പോള്‍ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് പടിഞ്ഞാറത്തറയാണ്. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അവിടെ ബ്ലാക്ക് മാജിക്കിന്‍റെ സ്ഥലമാണെന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.  അപ്പോള്‍ ഞാന്‍ ആസാമിലെ മയോങ്ങ് ഗ്രാമത്തെക്കുറിച്ചോര്‍ത്തു. നൂറ്റാണ്ടുകളായി മന്ത്രവാദത്തിന്‍റെ തറവാടായി അറിയപ്പെടുന്ന, ഭൂതപ്രേത വിശ്വാസങ്ങളുടെ കുരുക്കുകള്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയുടെ നാട്. ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടാകുമോ?

രാവിലെ പത്തു മണിയോടെ പടിഞ്ഞാറത്തറ എത്തി. ബസ്‌ സ്റ്റാന്‍ഡിനടുത്ത് നിന്നും 120 രൂപ കൊടുത്താല്‍ ഓട്ടോ പിടിച്ച് വനംവകുപ്പിന്‍റെ കല്‍പ്പറ്റ റേഞ്ചിന് കീഴിലുള്ള ഇക്കോടൂറിസം സെന്‍ററില്‍ എത്താം. അവിടെ നിന്നും ടിക്കറ്റ് എടുത്ത് കാറ്റുകുന്നില്‍ ട്രെക്കിങ് തുടങ്ങാം. അഞ്ചുപേര്‍ക്ക് ഒരു ഗൈഡ് എന്ന രീതിയിലാണ് ട്രെക്കിങ്.

വയനാട്ടില്‍ നിന്നുള്ള രണ്ടു സുഹൃത്തുക്കളും പിന്നെ ഞങ്ങള്‍ മൂന്നുപേരുമായിരുന്നു ട്രെക്കിങ് ടീമില്‍ ഉണ്ടായിരുന്നത്. ഗൈഡ് വിജയന്‍ ചേട്ടന്‍ ഞങ്ങളുടെ മുന്നില്‍ നടന്നു. ആദ്യത്തെ കുറച്ചു ദൂരം കാടിനുള്ളിലൂടെയാണ്. വള്ളിപ്പടര്‍പ്പും യൂക്കാലി മരങ്ങളും നിറഞ്ഞ ചോലയിലൂടെ പാറകളില്‍ ചവിട്ടി മുകളിലേക്ക് കയറണം. മുന്നേ കുറെ 'വള്ളി പിടിച്ച' മുന്‍പരിചയം ഉണ്ടായിരുന്നത് കാരണം ഞാന്‍ വള്ളികളില്‍ തൂങ്ങിയാടാന്‍ നോക്കിയെങ്കിലും കാട്ടിലെ വള്ളി പിടി തന്നില്ല, മരക്കൊമ്പ് മുഴുവനും ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നായപ്പോള്‍ പിടിവിട്ട് മുന്നോട്ട് നടന്നു.

വഴി നീളെ ആനപ്പിണ്ടം കണ്ടു. അതിന്‍റെ പഴക്കം ഏകദേശം എത്രയായിരിക്കും എന്ന് ഊഹിക്കാന്‍ ശ്രമിക്കുകയായിരുന്നു അടുത്ത വിനോദം. ഗൈഡ് പറഞ്ഞതനുസരിച്ച് ഒരാഴ്ചയില്‍ താഴെ വരെ പഴക്കമുള്ള ആനപ്പിണ്ടം വഴിയുടെ തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. വൈദ്യുതവേലി ഉള്ളത് കാരണം ഇപ്പുറത്തേക്ക് ആന കടക്കില്ല.

കാട് കഴിഞ്ഞ്, അല്‍പ്പം മുകളിലേക്കു കയറിച്ചെല്ലുമ്പോള്‍ വിശാലമായ പുല്‍മേടും പാറക്കെട്ടുകളുമാണ്. ചുറ്റും പച്ചപ്പാര്‍ന്ന കുന്നുകളും വിശാലമായ ആകാശവും ചേര്‍ന്ന കാഴ്ച ഒരു വലിയ സ്ക്രീനിലെന്ന പോലെ തെളിഞ്ഞുവന്നു. 

wayanad-tourist-places-009-mob_gif
കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങൾക്ക് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ
wayanad-tourist-places-009-mob_gif
കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങൾക്ക് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ഇടയ്ക്കിടെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും വിശ്രമിച്ചാണ് മുകളിലേക്ക് കയറിയത്. കുറച്ചു നേരത്തെ എത്തേണ്ടതായിരുന്നു. ഞങ്ങള്‍ കയറിത്തുടങ്ങുമ്പോഴേക്കും വെയിലായിരുന്നു. നല്ല തെളിച്ചമുണ്ടായിരുന്നെങ്കിലും വലിയ ചൂടില്ലാത്തത് ഭാഗ്യമായി. ഇടയ്ക്കിടെ തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചെറുതായി കേക്കും മധുരപലഹാരങ്ങളുമെല്ലാം കഴിച്ചു. വെള്ളം തീര്‍ന്നപ്പോള്‍ ചെറിയ വെള്ളച്ചാട്ടത്തില്‍ നിന്നും നൂല്‍ പോലെ ഒഴുകി വന്ന വെള്ളം കുപ്പിയില്‍ ശേഖരിച്ച് കുടിച്ചു. 

കുത്തനെയുള്ള പാറക്കെട്ടുകളും കുന്നുകളുമാണ് മിക്കതും. ഞങ്ങള്‍ വടിയൊക്കെ കുത്തിപ്പിടിച്ച് അപ്പൂപ്പന്മാരെപ്പോലെ നടന്നുകയറി. ഗൈഡാകട്ടെ അണ്ണാന്‍ മരം കേറുന്നതു പോലെ ഒരു കുന്നില്‍ നിന്നും അടുത്ത കുന്നിലേക്ക് ഓടിയോടിക്കയറുന്നുണ്ടായിരുന്നു. പെട്ടെന്ന് ബോധം കെട്ടു വീണു അവിടെങ്ങാനും കിടന്നാലോ എന്നോര്‍ത്തെങ്കിലും ഗൈഡ് ചേട്ടന്‍ കയറിപ്പോകുന്നത് കണ്ടിട്ട് എങ്ങനെയെങ്കിലും ഇത് പൂര്‍ത്തിയാക്കിയേ പറ്റൂ എന്നൊരു ചിന്ത കയറിക്കയറി വന്നു. 

യാത്ര പോകുമ്പോള്‍ എന്തിനും തയ്യാറായിട്ടുള്ള ആളുകളുടെ കൂടെ വേണം പോകാന്‍. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറയുന്ന ആളുകള്‍ ആണ് കൂടെ ഉള്ളതെങ്കില്‍ ഒരുപാട് മനോഹരമായ അനുഭവങ്ങള്‍ നമുക്ക് നഷ്ടമാകും. നമ്മള്‍ ചെറുതായി മടി ഉള്ള ആളുകള്‍ കൂടി ആണെങ്കില്‍, തീര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുക, റീല്‍സ് എടുക്കുക എന്നതിലുപരി, യാത്ര എന്നത് ഒരു അനുഭവമായും അതിലൂടെ കിട്ടുന്ന ഓരോ  അറിവുകളും വിലമതിക്കാനാവാത്ത സമ്പത്തായും കാണാന്‍ പറ്റുന്നവരുടെ കൂടെയുള്ള യാത്രകള്‍ എപ്പോഴും എന്നും ഓര്‍ക്കാന്‍ പറ്റുന്നതായിരിക്കും. കൂടെയുള്ളത് അടിപൊളി ടീം ആയിരുന്നതുകൊണ്ട്, ഒരു മിനിറ്റ് പോലും ബോറടിച്ചില്ലെന്നു മാത്രമല്ല, പരമാവധി ആഘോഷമായാണ്‌ ഞങ്ങള്‍ നടന്നത്. കണ്ട പാറക്കെട്ടിനു മുകളില്‍ മുഴുവന്‍ വലിഞ്ഞുകയറി.

മുകളില്‍ നിന്നും നോക്കുമ്പോള്‍ ദൂരെയായി ബാണാസുര സാഗര്‍ അണക്കെട്ട് കാണാം. വെള്ളത്തിന്‌ മുകളിലായി വരച്ചുവച്ചത് പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍. അവയിലേറെയും റിസോര്‍ട്ടുകളാണ്. ദ്വീപുകള്‍ക്ക് ചുറ്റിനും ഇരമ്പിപ്പായുന്ന സ്പീഡ് ബോട്ടുകളും വെളുത്ത വര പോലെ ഇടയ്ക്ക് കാണാമായിരുന്നു. 

ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും മുകളിലത്തെ പാറക്കെട്ടില്‍ എത്തിയപ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ ആരംഭിച്ചു. ഇടയ്ക്ക് അക്കരെയുള്ള വനങ്ങളില്‍ നിന്നും ആനകളുടെ ചിന്നംവിളി കേട്ടു. എവിടെയെങ്കിലും കാണും എന്ന് പ്രതീക്ഷിച്ചെങ്കിലും ഇക്കുറി അവയെ കാണാന്‍ പറ്റിയില്ല. സാരമില്ല, ഇനിയും വരാമല്ലോ എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാറ്റുകുന്നില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി.

കാറ്റുകുന്ന് ട്രെക്കിങ്

വനംവകുപ്പിന്‍റെ കല്‍പ്പറ്റ ഡിവിഷന് കീഴിലുള്ളതാണ് കാറ്റുകുന്നും മീന്‍മുട്ടിയും ബാണാസുര സാഗര്‍ ഡാമും. ഈ ഭാഗം ശരിക്കും കാണണം എങ്കില്‍ ഒരു മൂന്നു ദിവസമെങ്കിലും വേണം. ട്രെക്കിംഗിന് പോയാല്‍ പിന്നെ മറ്റു കാഴ്ചകള്‍ കാണുക എന്നത് അത്ര എളുപ്പമല്ല. 

ടിക്കറ്റ് നിരക്ക്  5 പേര്‍ അടങ്ങുന്ന ടീമിന് 3110 രൂപ

ബുക്കിങ് സമയം : രാവിലെ  7:30 മുതല്‍ വൈകീട്ട് 1:00 മണി വരെ 

ഫോണ്‍ : 8547602722, 8547602723

ട്രെക്കിങ്ങിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പരമാവധി നേരത്തെ തന്നെ ട്രെക്കിങ് തുടങ്ങാന്‍ ശ്രദ്ധിക്കുക. 

∙  അധികം വേഗതയില്‍ ട്രെക്ക് ചെയ്യേണ്ട ആവശ്യമില്ല. ക്ഷീണം തോന്നുമ്പോള്‍ ഇരുന്ന് വിശ്രമിക്കാം. ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണങ്ങളും കരുതുക.

∙ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ തിരികെ കൊണ്ടു പോരുക. 

∙  സണ്‍സ്ക്രീന്‍, സണ്‍ഗ്ലാസ്, തൊപ്പി മുതലായവ എടുക്കാന്‍ മറക്കരുത്. 

∙  ഗൈഡിന്‍റെ നിര്‍ദ്ദേശം അനുസരിക്കുക.

വനംവകുപ്പിന്‍റെ കല്‍പ്പറ്റ ഡിവിഷന് കീഴിലുള്ളതാണ് കാറ്റുകുന്നും മീന്‍മുട്ടിയും ബാണാസുര സാഗര്‍ ഡാമും. ഈ ഭാഗം ശരിക്കും കാണണം എങ്കില്‍ ഒരു മൂന്നു ദിവസമെങ്കിലും വേണം. ട്രെക്കിംഗിന് പോയാല്‍ പിന്നെ മറ്റു കാഴ്ചകള്‍ കാണുക എന്നത് അത്ര എളുപ്പമല്ല. 

ടിക്കറ്റ് നിരക്ക്  5 പേര്‍ അടങ്ങുന്ന ടീമിന് 3110 രൂപ

ബുക്കിങ് സമയം : രാവിലെ  7:30 മുതല്‍ വൈകീട്ട് 1:00 മണി വരെ 

wayanad-travel-2
ട്രെക്കിങ് ടീം

ഫോണ്‍ : 8547602722, 8547602723

ട്രെക്കിങ്ങിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പരമാവധി നേരത്തെ തന്നെ ട്രെക്കിങ് തുടങ്ങാന്‍ ശ്രദ്ധിക്കുക. 

∙  അധികം വേഗതയില്‍ ട്രെക്ക് ചെയ്യേണ്ട ആവശ്യമില്ല. ക്ഷീണം തോന്നുമ്പോള്‍ ഇരുന്ന് വിശ്രമിക്കാം. ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണങ്ങളും കരുതുക.

∙ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ തിരികെ കൊണ്ടു പോരുക. 

∙  സണ്‍സ്ക്രീന്‍, സണ്‍ഗ്ലാസ്, തൊപ്പി മുതലായവ എടുക്കാന്‍ മറക്കരുത്. 

∙  ഗൈഡിന്‍റെ നിര്‍ദ്ദേശം അനുസരിക്കുക.

English Summary:

Experience the thrill of Wayanad trekking to Kaattukunnu (Windswept Hill), witnessing stunning views and the possibility of elephant sightings. Plan your adventure now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com