ADVERTISEMENT

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു വീസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുണ്ട്. എന്നാല്‍ സാധുതയുള്ള ഒരു അമേരിക്കന്‍ ടൂറിസ്റ്റ് വീസയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പം പോകാവുന്ന രാജ്യങ്ങളുടെ എണ്ണം കൂടും. അമേരിക്കന്‍ അധികൃതര്‍ കര്‍ശനമായ പരിശോധനയ്ക്കു ശേഷമാണ് യുഎസ് വീസ അനുവദിക്കുന്നത്. അതിനാലാണ് യുഎസ് വീസയുള്ളവരെ പല രാജ്യങ്ങളും സ്വാഗതം ചെയ്യുന്നത്. യുഎസ് ടൂറിസ്റ്റ് വീസയുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാവുന്ന ചില രാജ്യങ്ങള്‍ ഇതാ.

മെക്‌സിക്കോ

യുഎസ് ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാര്‍ക്ക് മെക്‌സിക്കോയിലേക്കു പറക്കാന്‍ പ്രത്യേകം വീസ വേണ്ട. യുകെ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വീസയോ ഷെങ്കന്‍ വീസയോ കൈവശമുള്ളവര്‍ക്കും 180 ദിവസം വരെ മെക്‌സിക്കോയില്‍ താമസിക്കാം. ഇവിടുത്തെ മായന്‍ സംസ്‌ക്കാരത്തിന്റെ കൂറ്റന്‍ നിര്‍മിതികളുടെ അവശേഷിപ്പുകള്‍ ഒരു പൗരാണിക സംസ്‌കൃതിയുടെ സമ്പന്നത നമ്മെ അറിയിക്കും.

ബെലീസെ

അമേരിക്കന്‍ വീസയോ ഷെങ്കന്‍ വീസയോ ഉള്ള ഇന്ത്യക്കാര്‍ക്ക് മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസെയിലേക്ക് വീസയില്ലാതെ പോകാം. ബെലീസെയില്‍ 30 ദിവസം വരെ താമസിക്കാനും സാധിക്കും. സ്‌കൂബ ഡൈവിങിനും മനോഹരമായ ബീച്ചുകള്‍ക്കും ചെറു ദ്വീപുകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കുമൊക്കെ പ്രസിദ്ധമാണിവിടം.

ഗ്വാട്ടിമാല

യുഎസ്, കനേഡിയന്‍, ഷെങ്കന്‍ വീസകള്‍ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് ഗ്വാട്ടിമാലയിലേക്കു വീസയില്ലാതെ പോകാം. 90 ദിവസം വരെ ഗ്വാട്ടിമാലയില്‍ താമസിക്കാനും അനുമതി ലഭിക്കും. അഗ്നിപര്‍വതങ്ങളും മായന്‍ സംസ്‌കാര കേന്ദ്രങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഗ്വാട്ടിമാല.

പനാമ

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ എവിടെ നിന്നെങ്കിലും വീസയുള്ള ഇന്ത്യക്കാരനാണ് നിങ്ങളെങ്കില്‍ പനാമ നിങ്ങളെ സ്വാഗതം ചെയ്യും. 30 ദിവസം വരെ ഈ രേഖകളുടെ അടിസ്ഥാനത്തില്‍ പനാമയില്‍ നിങ്ങള്‍ക്ക് കഴിയാം. ഒരു കനാലിന്റെ പേരില്‍ ഏറ്റവും പ്രസിദ്ധമായ രാജ്യമുണ്ടെങ്കില്‍ അത് പനാമയാണ്. റാഫ്റ്റിങ്, സ്‌നോര്‍ക്കലിങ് പോലുള്ള ജലവിനോദങ്ങള്‍ മാത്രമല്ല സമ്പന്നമായ ജൈവവൈധ്യമുള്ള നാടു കൂടിയാണ് പനാമ. അമേരിക്കയും കാനഡയും യൂറോപ്പും കൂട്ടിച്ചേര്‍ത്താലുള്ള ജൈവ വൈവിധ്യത്തിന്റെ മൂന്നിരട്ടിയുണ്ട് മധ്യ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയില്‍ പാലം പോലെ കിടക്കുന്ന ഈ രാജ്യത്തിന്.

ആന്‍ഗ്വില്ല

യുഎസ് ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്ന മറ്റൊരു രാജ്യമാണ് ആന്‍ഗ്വില്ല. യുകെ, കനേഡിയന്‍ വീസയുള്ള ഇന്ത്യക്കാര്‍ക്കും ഈ സുന്ദര കരീബിയന്‍ ദ്വീപിലേക്കു പോവാനാവും. 90 ദിവസം വരെ താമസിക്കുകയും ചെയ്യാം.

മലേഷ്യ

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്‌ളേഷ്യയുടെ നാട്, തനതായ നാട്ടു രുചികളുടെ കേന്ദ്രം, ഏറ്റവും പഴയ ഉഷ്ണമേഖലാ മഴക്കാടുകളുള്ള നാട്... എന്നിങ്ങനെ പോവുന്ന മലേഷ്യയുടെ വിശേഷണങ്ങള്‍. അമേരിക്കന്‍ വീസയുള്ള ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസം വരെ മലേഷ്യയില്‍ കഴിയാനാവും. ക്വാലലംപൂര്‍ വിമാനത്താവളം വഴി മലേഷ്യയിലേക്കെത്താം.

ഫിലിപ്പീന്‍സ്

തെളിഞ്ഞ ജലാശയങ്ങളും പച്ചപ്പാടങ്ങളും കരോക്കെ ബാറുകളുമൊക്കെയാണ് ഫിലിപ്പീന്‍സിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. യുഎസ് വീസയുള്ളവര്‍ക്ക് 14 ദിവസം വരെ ഫിലിപ്പീന്‍സില്‍ കഴിയാനാവും. സിംഗപ്പൂര്‍ വഴിയാണ് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലേക്കു പറക്കേണ്ടത്.

സിംഗപ്പൂര്‍

യുഎസ് വീസയുണ്ടെങ്കില്‍ നേരെ സിംഗപ്പൂരിലേക്കു പറക്കാം. നാലു ദിവസം വരെ ഇവിടെ കഴിയുന്നതിന് അനുമതിയുണ്ട്. സിംഗപ്പൂര്‍ സൂ, യൂനിവേഴ്‌സല്‍ സ്റ്റുഡിയോ, നൈറ്റ് സഫാരി എന്നിങ്ങനെ പോകുന്നു സിംഗപ്പൂരിലെ ആകര്‍ഷണങ്ങള്‍.

തയ്‌വാന്‍

രാത്രി ചന്തകളും മനോഹര ആരാധനാലയങ്ങളുമൊക്കെയുള്ള നാടാണ് തയ്‌വാന്‍. യുഎസ് വീസയുള്ളവര്‍ക്ക് 14 ദിവസം വരെ ഇവിടെ കഴിയാനാവും. എന്നാല്‍ റിപ്പബ്ലിക്ക് ഓഫ് ചൈന ട്രാവല്‍ ഓതറൈസേഷന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ചൈനീസ് വീസയല്ല ഇത്. ബാങ്കോക്ക് വഴിയാണ് തായ്‌പേയിലേക്കു പറക്കേണ്ടത്.

അര്‍മേനിയ

മധ്യകാല നിര്‍മിതികളും ബൈബിളില്‍ പറഞ്ഞിട്ടുള്ള അരാറാത്ത് പര്‍വതവും കാണാം ഒപ്പം കോണ്യാക്ക് രുചിക്കുകയുമാവാം. യുഎസ് വീസയുള്ള ഇന്ത്യക്കാര്‍ക്കു 120 ദിവസം വരെ അര്‍മേനിയയില്‍ താമസിക്കാന്‍ അനുമതി ലഭിക്കും.

ഈജിപ്ത്

പിരമിഡുകള്‍ അടക്കമുള്ള അതിശയിപ്പിക്കുന്ന പ്രാചീന നിര്‍മിതികള്‍, നൈല്‍ നദിയിലൂടെയുള്ള യാത്ര– ഇതു മാത്രം മതി ഈജിപ്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍. യുഎസ് വീസയുള്ള യാത്രികര്‍ക്ക് ഈജിപ്തിലേക്ക് സിംഗിള്‍ എന്‍ട്രി അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ അനുവദിക്കും. ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ അനുവദിക്കുമെന്ന് ഈജിപ്ത് അധികൃതർ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

അര്‍ജന്റീന

ഇഗ്വാസു വെള്ളച്ചാട്ടം, ബ്യൂനസ് ഐറിസിലെ ഭക്ഷണവൈവിധ്യം, ഒപ്പം ഫുട്‌ബോളിനെ നെഞ്ചേറ്റിയ ഒരു ജനതയും. യുഎസ് വീസയുള്ള ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ വഴി വീസയ്ക്ക് അപേക്ഷിക്കാം. മൂന്നു മാസം വരെ കാലാവധിയില്‍ വീസ ലഭിക്കും.

പെറു

ആമസോണും മാച്ചുപിച്ചുവുമാണ് പെറുവിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങള്‍. ആറു മാസം വരെ പെറുവില്‍ താമസിക്കാന്‍ യുഎസ് വീസയുള്ള ഇന്ത്യക്കാര്‍ക്കു സാധിക്കും.

തുര്‍ക്കി

ഇസ്തംബുളിലെ ബ്ലൂ മോസ്‌ക്, കപഡോഷ്യയിലെ ബലൂണ്‍ യാത്ര, തുര്‍ക്കിഷ് ബാത്ത്, തുര്‍ക്കിഷ് ഭക്ഷണം എന്നിങ്ങനെ പോവും ഏഷ്യയിലും യൂറോപ്പിലുമായി കിടക്കുന്ന ഈ രാജ്യത്തിലെ ആകര്‍ഷണങ്ങള്‍. യുഎസ് വീസയുള്ള ഇന്ത്യക്കാര്‍ക്ക് ഒരു മാസം വരെ തുര്‍ക്കിയില്‍ താമസിക്കാവുന്ന ഇ വീസ ലഭിക്കും.

യു.എസ് വീസയുള്ള ഇന്ത്യക്കാര്‍ക്ക് എളുപ്പം പോകാവുന്ന രാജ്യങ്ങളുടെ പട്ടിക നീണ്ടതാണ്. അര്‍മേനിയ, ഒമാന്‍, ഖത്തര്‍, ദുബായ്, ബഹ്‌റൈന്‍, സൗദി അറേബ്യ, മോണ്ടിനെഗ്രോ, അല്‍ബേനിയ, ബോസ്‌നിയ ആന്‍ഡ് ഹെസ്‌ഗോവിന, ജോര്‍ജിയ, സെര്‍ബിയ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, നിക്കരാഗ്വെ, ആന്റിഗ്വ ആൻഡ് ബര്‍മുഡ, അറൂബ, ബഹാമാസ്, ബൊണെയര്‍, കുറാക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, സെന്റ് മാര്‍ട്ടിന്‍, കൊളംബിയ, ബര്‍മുഡ, ടുര്‍ക്‌സ് ആൻഡ് കെയ്‌കോസ് ദ്വീപുകള്‍, കേമാന്‍ ദ്വീപുകള്‍ എന്നിങ്ങനെയുള്ള രാജ്യങ്ങളും യുഎസ് വീസയുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു.

 

Content Summary : International destinations Indians can visit with a US tourist visa.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com