ഒരു ലക്ഷം രൂപ മുടക്കാമോ? എന്നാൽ വാ, യൂറോപ്പിലെ ഈ രാജ്യങ്ങൾ സന്ദർശിക്കാം
Mail This Article
യാത്രാപ്രിയരുടെ ഏറ്റവും വലിയ ആഗ്രങ്ങളിൽ ഒന്നായിരിക്കും ഒരിക്കലെങ്കിലും യൂറോപ്പിൽ ഒന്നു പോകുകയെന്നത്. കാശ് ചെലവിന്റെ കാര്യം ഓർക്കുമ്പോൾ തന്നെ പലരും തങ്ങളുടെ ആഗ്രഹം അങ്ങ് മൂടിവയ്ക്കും. എന്നാൽ, ഒരു ലക്ഷം രൂപ എടുക്കാനുണ്ടെങ്കിൽ യൂറോപ്പിലെ ചില രാജ്യങ്ങളിലേക്ക് ഒരു അടിപൊളി യാത്ര പോകാം. യൂറോപ്പിലെ ചില മനോഹരമായ രാജ്യങ്ങളാണ് ഇതെല്ലാം. പോക്കറ്റ് കീറാതെ യൂറോപ്പിന്റെ പ്രകൃതിഭംഗിയും മനോഹരമായ തെരുവുകളും ഒക്കെ ആസ്വദിക്കാം. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിൽ താഴെ പണം ഉപയോഗിച്ച് യാത്ര ചെയ്തു വരാവുന്ന ചില യൂറോപ്യൻ രാജ്യങ്ങളിതാ.
ബൾഗേറിയ
ഒരു ലക്ഷത്തിന് താഴെ മാത്രം ചെലവിൽ ബൾഗേറിയയിലേക്ക് യാത്ര പോകാം. മനോഹരമായ കരിങ്കടൽ തീരങ്ങളും പർവതങ്ങളും ആ രാജ്യത്തിന്റെ സുവർണ ചരിത്രവും എല്ലാം സഞ്ചാരികൾക്ക് മനോഹരമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ട്രാവൽ ഏജൻസികളെല്ലാം ബൾഗേറിയ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 2000 - 4000 രൂപ റേഞ്ചിൽ താമസസൗകര്യം ലഭ്യമാണ്.
പോർച്ചുഗൽ
പോർച്ചുഗൽ എന്ന് കേൾക്കുമ്പോൾ തന്നെ ഫുട്ബോളും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഓർമയിൽ വരുന്നവരായിരിക്കും മിക്കവരും. ആ പോർച്ചുഗലിലേക്ക് തന്നെ ഒരു യാത്ര ആയാലോ. മനോഹരമായ ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഇഴ ചേർന്ന് കിടക്കുന്ന നാടാണ് പോർച്ചുഗൽ. ലിസ്ബണിലെ മനോഹരമായ തെരുവുകളും മധ്യകാല നഗരമായ സിൻട്രയും സഞ്ചാരികളെ ആകർഷിക്കുന്നു. അൽഗാർവ് തീരത്തെ മനോഹരമായ ബീച്ചുകളും ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട ഇടങ്ങളാണ്. 4000 രൂപ മുതൽ താമസത്തിനായി നല്ല ഹോട്ടലുകൾ ലഭിക്കുന്നത് ആയിരിക്കും.
റൊമാനിയ
ഡ്രാക്കുളയുടെ ഭവനം എന്നറിയപ്പെടുന്ന ബ്രാൻ കാസിൽ ഉൾപ്പെടെ നിരവധി കാഴ്ചകളാണ് റൊമാനിയയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബ്രാൻ കാസിൽ ഉൾപ്പെടെ നിരവധി കോട്ടകൾ ഉൾക്കൊള്ളുന്ന മധ്യ റൊമാനിയയിലെ ഭൂപ്രദേശമാണ് ട്രാൻസിൽവാനിയ. വ്ലാഡ് ദ ഇംപാലർ അഥവാ വ്ലാദ് മൂന്നാമൻ അഥവാ വ്ലാദ് ഡ്രാക്കുള എന്നറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ രാജകുമാരന്റെ ജന്മസ്ഥലമായ സിഗിസോരയും സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. വളരെ നേരത്തെ പ്ലാൻ ചെയ്യുകയും ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ചെയ്താൽ ഈ പറഞ്ഞ ചിലവിനുള്ളിൽ റൊമാനിയ കണ്ട് തിരികെ വരാം.
ചെക്ക് റിപ്പബ്ലിക്ക്
നിരവധി കാര്യങ്ങളാണ് ചെക്ക് റിപ്പബ്ലിക്കിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മനോഹരമായ ചെറിയ പട്ടണങ്ങൾ, യക്ഷിക്കഥകൾ, ബിയർ സംസ്കാരം എന്നിവയാണവ. പ്രാഗിലെ ചരിത്രപരമായ തെരുവുകളും പ്രാഗ് കോട്ടയും ചാൾസ് ബ്രിഡ്ജുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു. പ്രാദേശിക മാർക്കറ്റുകളിൽ എത്തിയാൽ സഞ്ചാരികൾക്ക് തനതായ ചെക്ക് ഭക്ഷണങ്ങൾ ആസ്വദിക്കാൻ കഴിയും. 4000 രൂപ മുതൽ താമസ സൌകര്യം ലഭ്യമാണ്.
ഹംഗറി
ബുഡാപെസ്റ്റിന്റെ വർണാഭമായ തെരുവുകളും ബലാറ്റൺ തടാകത്തിന്റെ തീരങ്ങളും ഉൾപ്പെടെ ഹംഗറിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരമായ നിരവധി കാഴ്ചകളാണ്. സഞ്ചാരികൾക്ക് ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. ചരിത്രപരമായ ബുഡാ കോട്ടയും തെർമൽ ബാത്തും ഡാന്യൂബ് നദിയിലെ ക്രൂയിസും എല്ലാം മനോഹരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. 4000 രൂപ മുതലാണ് ഹോട്ടൽ നിരക്കുകൾ.
സ്ലോവാക്യ
വളരെ മനോഹരമായ ഒരു രാജ്യമാണ് സ്ലോവാക്യ. ഓഫ് ബീറ്റ് സാഹസികത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരിടമാണ് സ്ലോവാക്യ. പ്രേതകഥകളിലെ സുന്ദരിയായ ബ്രാറ്റിസ്ലാവയുടെ പഴയ നഗരം മുതൽ താത്ര പർവതം വരെ മനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 4000 രൂപ മുതൽ താമസസൌകര്യം ലഭ്യമാണ്. കോട്ടകൾ, ഗുഹകൾ, ചൂടു നീരുറവകൾ, യൂറോപ്യൻ ചാവുകടൽ, നാടോടി വാസ്തുവിദ്യ എന്നിങ്ങനെ തുടങ്ങി വളരെ വിസ്മയകരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.