പാറക്കെട്ടിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍; അദ്ഭുതം ഇൗ കാഴ്ചകള്‍
Mail This Article
മെറ്റിയോറ എന്നാല്‍ ’വായുവില്‍ തൂക്കിയിട്ടത്’ എന്നാണര്‍ത്ഥം. പേരിനോട് നീതി പുലര്‍ത്തുന്ന രൂപവും ഘടനയുമാണ് മധ്യ ഗ്രീസിലെ മെറ്റിയോറപാറനഗരത്തിനുള്ളത്. തെസ്സലി സമതലത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള കലബാക്ക പട്ടണത്തിനടുത്തായി, പിനിയോസ് നദിക്കും പിൻഡസ് പർവതനിരകൾക്കും സമീപത്തായി ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളിലായി നിര്‍മിച്ച മനോഹരമായ കെട്ടിടങ്ങളാണ് ഇവിടുത്തെ കാഴ്ച. ഒരു സ്വപ്നം പോലെ അതിശയകരമായ ഈ കാഴ്ച കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.
ഗ്രീസിലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ സന്യാസിമഠ സമുച്ചയങ്ങളാണ് ഇവിടെയുള്ള കെട്ടിടങ്ങള്‍. പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ചെങ്കുത്തായ ശിലകളുടെ ഉച്ചിയിലാണ് ഇവ പടുത്തുയർത്തിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി തടാകത്തിന്‍റെ അരികിലുള്ള ഡെൽറ്റയിലേക്ക് ഒഴുകുന്ന അരുവികളിൽ നിന്നുള്ള കല്ല്, മണൽ, ചെളി എന്നിവയുടെ നിക്ഷേപങ്ങളിൽ നിന്നാണ് ഈ കെട്ടിടങ്ങള്‍ നില്‍ക്കുന്ന പാറകള്‍ രൂപപ്പെട്ടത്. പിന്നീട് കാലാവസ്ഥാവ്യതിയാനങ്ങള്‍ മൂലം ഇവ ഉറപ്പുള്ളതായി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ
ബൈസന്റൈൻ കാലഘട്ടത്തിൽ ഈ പാറക്കെട്ടുകള്‍ ഓർത്തഡോക്സ് വിശ്വാസത്തിന്‍റെ കേന്ദ്രങ്ങളായി മാറി. നൂറ്റാണ്ടുകൾക്കിടയിൽ, ഇരുപത്തിനാല് ആശ്രമങ്ങൾ ഈ പാറകൾക്ക് മുകളിൽ സ്ഥാപിക്കപ്പെട്ടു. അവയിൽ 6 എണ്ണം ഇപ്പോഴും സന്ദർശകർക്കായി തുറന്നിരിക്കുന്നുണ്ട്. മതപരവും കലാപരവുമായ പ്രാധാന്യത്തിന് പുറമെ സമുച്ചയത്തിന്‍റെ മികച്ച വാസ്തുവിദ്യയും സൗന്ദര്യവും കാരണം 1988 ൽ മെറ്റിയോറയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഇവിടെ കാണുന്ന അപൂർവയിനം പക്ഷികളുടെയും പൂക്കളുടെയും സംരക്ഷണത്തിനായി ഗ്രീക്ക് പരിസ്ഥിതി മന്ത്രാലയം നാച്ചുറ 2000 ഇക്കോളജിക്കൽ സോണായി മെറ്റിയോറ-ആന്റിച്ചാസിയ മേഖലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ പ്രദേശത്ത് 170 ലധികം കൊടുമുടികളും 600 ബോൾഡ് ക്ലൈബിങ് റൂട്ടുകളും ഉണ്ട്. പ്രാദേശിക പുസ്തകശാലകളിൽ വഴികള്‍ കാണിക്കുന്ന ഗൈഡ്ബുക്കുകൾ വാങ്ങാം. കൂടാതെ 20 കിലോമീറ്ററിലധികം ഹൈക്കിങ് പാതകൾ മെറ്റിയോറയ്ക്ക് ചുറ്റുമുണ്ട്. ഇവയില്‍ മിക്കതും ആശ്രമങ്ങളിലേക്കുള്ള വഴിയാണ്. ഇവ നടന്ന് 4 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ആശ്രമങ്ങൾക്ക് ചുറ്റും ഗൈഡഡ് ടൂറുകൾ സംഘടിപ്പിക്കുന്ന ട്രാവൽ ഏജൻസികളുമുണ്ട്.
ആശ്രമങ്ങളില്‍ കയറുന്നവര്‍ക്ക് പ്രത്യേക ഡ്രെസ്കോഡ് ഉണ്ട്. സ്ത്രീകൾ കാൽമുട്ടുകൾ മറയ്ക്കുന്ന പാവാട ധരിക്കണം. പുരുഷന്മാർ കാൽമുട്ടുകൾ മറയ്ക്കുന്ന ട്രൗസറുകളും ധരിക്കേണ്ടതുണ്ട്. ഇവ ഇവിടെ വാടകയ്ക്ക് ലഭിക്കും.
English Summary: A Guide to Visit Meteora in Greece