പൈലറ്റ് സീറ്റിലേക്കു പോകും മുൻപെ അച്ഛന്റെ അനുഗ്രഹം വാങ്ങുന്ന മകൾ– വൈറലായി വിഡിയോ

Mail This Article
മക്കളുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മാതാപിതാക്കളായിരിക്കും. പലപ്പോഴും ഹൃദയസ്പർശിയായ ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. പൈലറ്റായി ആദ്യം വിമാനം പറത്താൻ പോകുന്നതിനു തൊട്ടുമുൻപ് അച്ഛന്റെ അനുഗ്രഹം വാങ്ങുന്ന മകളാണു വിഡിയോയിലെ താരം.
വിമാനത്തിനകത്തു നിന്നു തന്നെയാണ് മകൾ അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത്. മകൾ അനുഗ്രഹം വാങ്ങുമ്പോൾ അച്ഛന്റെ മുഖം സന്തോഷത്താൽ നിറയുന്നതും വിഡിയോയിൽ ഉണ്ട്. പൈലറ്റ് ക്രുതാദ്ന്യ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണു വിഡിയോ എത്തിയത്. ‘പൈലറ്റായ മകൾ അവളുടെ അച്ഛന്റെ ആഗ്രഹപ്രകാരം പറക്കാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദാശ്രു. ടേക്ക് ഓഫിനു മുൻപ് അനുഗ്രഹം തേടുന്നു. എന്റെ മാതാപിതാക്കളുടെ അനുഗ്രഹമില്ലാതെ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. പുലർച്ചെ 3 മണിക്കോ നാലു മണിക്കോ ആണെങ്കിൽ പോലും അവരുടെ അനുഗ്രഹം വാങ്ങാറുണ്ട്. ചിലപ്പോൾ അച്ഛനും അമ്മയും ഉറക്കത്തിലായിരിക്കും. അവരുടെ പാദത്തില്‍ സ്പർശിക്കാതെ പോകുമ്പോൾ ആ യാത്ര പൂർണമാകില്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
ഇൻസ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘നിങ്ങൾ ഉത്തരവാദിത്തമുള്ള ഒരു മകൾ മാത്രമല്ല. ഉത്തരവാദിത്തമുള്ള ഒരു പൈലറ്റ് കൂടിയാണ്. നിങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘സ്നേഹമാണ് അവള്‍ അച്ഛനു നൽകുന്ന പ്രതിഫലം.’– എന്നും പലരും കമന്റ് ചെയ്തു.
English Summary: Women Pilot Viral Video