ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ മകൾ; ഐതിഹ്യം, കെട്ടുകാഴ്ച, ഉത്സവം

Mail This Article
ഓണാട്ടുകരയിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ കാറ്റ് പോലും കാതിൽ ഐതിഹ്യ കഥകളുടെ മാധുര്യം പങ്കുവയ്‌ക്കും. കുംഭം പുലരുന്നതോടെ ഓരോ മൺതരികളിലും താനവട്ടത്തിന്റെ ശീലുകൾ പുളകം കൊള്ളിക്കും. ശിവരാത്രിനാളിലെ തൃസന്ധ്യയിൽ ചുവടുവച്ചു തുടങ്ങി ഭരണി നാളിൽ അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുംവരെ ഓരോ കുത്തിയോട്ടഭവനത്തിലേക്കും നാടൊന്നായി ഒഴുകിയെത്തും. അതാണ് ചെട്ടികുളങ്ങര... ഓണാട്ടുകരയുടെ പരദേവതാംബ വാഴുന്ന മണ്ണ്.

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ അമ്മയുടെ മകളാണെന്നാണു വിശ്വാസം. പണ്ട് ഈരേഴ തെക്ക് കരയിലെ ചെമ്പോലിൽ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടത്തെ കരപ്രമാണിമാർ അവരെ അപമാനിച്ചു. ദുഃഖിതരായി മടങ്ങിയെത്തിയ അവർ ചെട്ടികുളങ്ങരയിൽ ക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ചാലോചിച്ചു. പല ക്ഷേത്രങ്ങളും സന്ദർശിച്ച അവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ എത്തി ഭജനം പാർത്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്കു സ്വപ്‌നത്തിൽ ദർശനമേകി.

വെളിച്ചപ്പാട് തുള്ളിയുറഞ്ഞു ചെട്ടികുളങ്ങരയിൽ ദേവീ സാന്നിധ്യമുണ്ടാകുമെന്ന് അരുളിച്ചെയ്‌തു. ദിവസങ്ങൾ കഴിഞ്ഞു. ഒരു രാത്രി കരിപ്പുഴ തോട്ടിലെ കടവിനക്കരെ വൃദ്ധയായ സ്‌ത്രീ തോണിക്കായി കാത്തുനിൽക്കുകയാണ്. വള്ളക്കാരൻ വൃദ്ധയായ സ്‌ത്രീയെ ഇക്കരെയെത്തിച്ചു. അമ്മ എങ്ങോട്ടുപോവുകയാണ് എന്നു ചോദിച്ചപ്പോൾ ചെട്ടികുളങ്ങരയ്‌ക്കാണെന്ന് മറുപടി നൽകി. ആ വൃദ്ധ വഴിയരികിലെ ആഞ്ഞിലിച്ചുവട്ടിൽ വിശ്രമിച്ചു.
അടുത്തദിവസം ചെട്ടികുളങ്ങര ക്ഷേത്രം നിൽക്കുന്ന സ്‌ഥലത്തിനടുത്തുള്ള ബ്രാഹ്‌മണ ഗൃഹത്തിൽ മേച്ചിൽ ജോലികൾ നടന്നുകൊണ്ടിരിക്കേ അപരിചിതയായ ഒരു സ്‌ത്രീ ഉച്ചഭക്ഷണ സമയത്തെത്തി കഞ്ഞിയും മുതിരപ്പുഴുക്കും വാങ്ങി കഴിച്ചശേഷം അപ്രത്യക്ഷയായി. തുടർന്ന് ജ്യോത്സ്യരെ വരുത്തി പ്രശ്‌നം വയ്‌പിച്ചു. ഇക്കണ്ടതെല്ലാം ദേവീ ആഗമനത്തിന്റെ സൂചനകളാണെന്നു മനസ്സിലാക്കി നാട്ടുകാർ ഒത്തുചേർന്നു ക്ഷേത്രം നിർമിച്ചു ദേവിയെ പ്രതിഷ്‌ഠിച്ചുവെന്നാണു വിശ്വാസം. അന്ന് അമ്മയ്‌ക്കു തണലേകിയ ആഞ്ഞിലിമരം നിന്ന സ്‌ഥാനത്താണ് ഇപ്പോൾ ആഞ്ഞിലിപ്ര പുതുശേരി അമ്പലം നിൽക്കുന്നതത്രേ.

ഭഗവതിയുടെ പുറത്തെഴുന്നള്ളത്തു മുതൽ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാടു വരെയാണു ചെട്ടികുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകൾ, അമ്മയ്ക്കു ഭക്തർ വഴിപാടായി സമർപ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്
മികവോടെ കെട്ടുകാഴ്ച
13 കരകളിൽനിന്ന് അമ്മയുടെ മുന്നിലേക്കു പുറപ്പെടുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണി നാളിൽ നാട്ടിലെ ഏറ്റവും വലിയ ആകർഷണം.

ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്ക്കാവ് കരകളിൽനിന്നു കുതിരകൾ വരും. കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞിലിപ്ര, മേനാംപള്ളി കരകളിൽനിന്നു തേരുകൾ. മറ്റം തെക്കുനിന്നു ഹനുമാനും പാഞ്ചാലിയമ്മയും. മറ്റം വടക്കുനിന്നു ഭീമൻ.
പോത്തുവണ്ടിയിൽ ബകനു ചോറുമായി പോകുന്നതായാണു ഭീമസേനന്റെ ശിൽപം.ഭീമനെയും ഹനുമാനെയും പാഞ്ചാലിയമ്മയെയും എല്ലാ വർഷവും ചായം നൽകി പുതുക്കുന്നുണ്ട്. ഉടയാടകളും മാറ്റും.

എണ്ണം പറഞ്ഞ തച്ചുശാസ്‌ത്ര വിദഗ്‌ധരുടെ നാടാണ് ഓണാട്ടുകര. കരവിരുതിന്റെയും ഒരുമയുടെയും സർഗവൈഭവത്തിന്റെയും മകുടോദാഹരണങ്ങളായ കെട്ടുകാഴ്‌ചകളാണു ചെട്ടികുളങ്ങര കുംഭഭരണിയുടെ മാറ്റു വർധിപ്പിക്കുന്നത്. ഏറെ ഭക്‌തിയോടെയാണു പതിമൂന്നു ദേശക്കാരും കെട്ടുകാഴ്‌ചയൊരുക്കുന്നത്. പണി തുടങ്ങുന്ന ദിവസം രാവിലെ ക്ഷേത്രത്തിലെത്തി അമ്മയ്‌ക്കു പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ക്ഷേത്രത്തിലെ പുണ്യാഹവുമായെത്തി കെട്ടുസാമഗ്രികൾ ശുദ്ധിയാക്കുന്നു.
നിശ്‌ചയിച്ച മുഹൂർത്തത്തിൽ പണി തുടങ്ങുന്നു. ശിവരാത്രി മുതൽ രാപകലുകൾ വിയർപ്പൊഴുക്കി കൈമെയ് മറന്ന് ഓണാട്ടുകരക്കാർ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന കെട്ടുകാഴ്‌ച ഉച്ചയ്ക്കുശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. പ്രായഭേദമന്യേ ഒരുമയുടെ സന്ദേശം വിളിച്ചോതി ക്ഷേത്രനടയിൽ എത്തിച്ചു ദേവിയെ വണങ്ങി കരക്രമമനുസരിച്ച് കിഴക്കുവശത്തെ കാഴ്‌ചക്കണ്ടത്തിൽ അണിനിരക്കുന്ന കാഴ്‌ചയാണു ചേതോഹരം.
യഥാർഥ കുതിരയുമായി രൂപസാമ്യമില്ലാത്ത കെട്ടുകാഴ്‌ച കുതിരകൾക്കു സമകോണാകൃതിയിലുള്ള മധ്യഭാഗത്തിനു താഴെ അഞ്ചുനിര എടുപ്പുകളും മുകളിൽ ഏഴുനിര എടുപ്പുകളുമുണ്ട്. മറ്റം വടക്ക് കരക്കാരുടെ കെട്ടുകാഴ്‌ചയായ ഭീമനു മുപ്പതടിയിലേറെ പൊക്കമുണ്ട്. പഞ്ചതലത്തിൽ നിർമിച്ച ദാരുശിൽപമാണിത്. മുഖത്തിന്റെ അളവിന്റെ അഞ്ചിരട്ടിയാണു ശരീരം എന്നതാണു പഞ്ചതല ശിൽപത്തിന്റെ പ്രത്യേകത. കെട്ടുകാഴ്‌ചകളായ തേരിന്റെയും, കുതിരയുടെയും അലകുകളും മറ്റും കൂട്ടിയോജിപ്പിച്ചു കെട്ടുവാൻ ഇന്ന് ഇഴക്കയറുകളാണുപയോഗിക്കുന്നത്. പക്ഷേ, പണ്ടുകാലങ്ങളിൽ അതിന്റെ സ്‌ഥാനത്തു പന്നൽച്ചെടി വള്ളികളും, കൈതവേരും, പനങ്കുലയുടെ വള്ളികളുമാണ് ഉപയോഗിച്ചിരുന്നത്. ഗ്രാമീണതയുടെ ശാലീനതയിൽ വിജയിച്ചുനിൽക്കുന്നത് ഒരുമയുടെ നന്മയാണ്.
നാവിനും ഉത്സവം, രുചിയുടെ മേളപ്പെരുക്കം
കുംഭഭരണി നാവിൽ നാട്ടുരുചിയുടെ മേളപ്പെരുക്കം നടത്തുന്ന ആഘോഷം കൂടിയാണ്. അധ്വാനിക്കുന്നവനൊപ്പം അമ്മ ഭക്ഷണം പങ്കിടാനെത്തുമെന്നാണു വിശ്വാസം. കുതിരമൂട്ടിൽക്കഞ്ഞി, അസ്‌ത്രം, കൊഞ്ചും മാങ്ങയും തുടങ്ങിയ മറ്റെങ്ങുമില്ലാത്ത ഭക്ഷണക്രമത്തിന് രുചിയുമേറെയാണ്.
സ്വന്തം മണ്ണിൽ വിത്തെറിഞ്ഞു വാനോളം കൃഷി പടർത്തി ഓണാട്ടുകരക്കാർ വിളയിച്ചെടുത്തതാണ് ഓരോ വിഭവവും. കുതിരമൂട്ടിൽ കഞ്ഞിക്കിരുന്നാൽ ഓലത്തടുക്ക്, തൂശനില, കീറ്റില, പ്ലാവിലക്കുമ്പിൾ എന്നിങ്ങനെ പാത്രങ്ങളുടെ വിതരണമാണ് ആദ്യം. പിന്നാലെ ഓരോരുത്തരായി ഉണ്ണിയപ്പം, അവിൽ, പഴം, പർപ്പടകം, മുതിരപ്പുഴുക്ക്, കടുമാങ്ങ, അസ്‌ത്രം, കഞ്ഞി എന്നിവ വിളമ്പും.
പതിമൂന്നു കരകളിലെ കുതിരമൂട്ടിലും ദിവസം രണ്ടിലേറെ കഞ്ഞി. വട്ടത്തിൽ കുത്തിയ ഓലക്കാലിന്റെ തടുക്കിലേക്കു കഞ്ഞിയുടെ ചൂടിൽ വാടി തൂശനില വഴങ്ങിയിറങ്ങുന്നു. കീറ്റിലയിൽ വിഭവങ്ങൾ. കോരിയെടുക്കാൻ പ്ലാവിലക്കുമ്പിൾ. ചേന, കാച്ചിൽ, വെട്ടുചേമ്പ്, വെള്ളരി, തടിയൻ, പടറ്റി, കാരറ്റ്, ശീമക്കിഴങ്ങ്, മധുരക്കിഴങ്ങ്, പച്ചമുളക്, മാങ്ങ, തൈര്. കഷണങ്ങൾ വേവിച്ച്, തേങ്ങ അരച്ചതും മുളകുപൊടിയും, മഞ്ഞൾപ്പൊടിയും മറ്റു ചേരുവകളും ചേർത്തു കഴിഞ്ഞാൽ അസ്‌ത്രം തയാർ. കുംഭഭരണി നാളിൽ ദേശത്തെ വീടുകളിൽ ഒരുക്കുന്ന പ്രധാനവിഭവമാണു കൊഞ്ചും മാങ്ങയും.
ഒരിക്കൽ കുത്തിയോട്ട ഘോഷയാത്ര ക്ഷേത്രത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ ഒരു വീട്ടമ്മയ്‌ക്ക് അതു കാണണമെന്ന മോഹം ഉദിച്ചു. ഉച്ചസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്ന വീട്ടമ്മ ഭഗവതിയെ മനസ്സിൽ ധ്യാനിച്ചു കൊഞ്ചും മാങ്ങയും കരിയാതെ നോക്കണമെന്നു പറഞ്ഞശേഷം ഘോഷയാത്ര കാണാൻ പോയി. ഘോഷയാത്ര കണ്ടു വൈകി മടങ്ങിയെത്തുമ്പോൾ കൊഞ്ചും മാങ്ങയും പാകമായിരിക്കുന്നതു കണ്ടു. ഇക്കഥ നാട്ടിൽ പ്രചരിച്ചതോടെയാണു കൊഞ്ചും മാങ്ങയും പ്രധാന വിഭവമായത്.