ശക്തിചൈതന്യമായി ചെട്ടികുളങ്ങര ഭഗവതി
Mail This Article
കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളിൽ പ്രധാനമാണ് ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം . ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളീ ഭാവത്തിൽ കിഴക്കോട്ടു ദർശനമായാണ് ദേവി വാണരുളുന്നത്. പതിമൂന്നു കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിലായി ആയിരത്തിയൊന്ന് തിരികള്‍ കത്തിക്കാവുന്ന പതിമൂന്നുതട്ടുള്ള ആല്‍വിളക്ക് നിൽക്കുന്നു. നെയ്യ് ഒഴിച്ചാണ് ഈ വിളക്കുകൾ തെളിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഈ ഓരോ തട്ടും ഓരോ കരകളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.
ദേവി പ്രഭാതത്തിൽ വിദ്യാദേവതയായ സരസ്വതീ ദേവിയായും മധ്യാഹ്നത്തിൽ ഐശ്വര്യപ്രദായിനിയായ മഹാലക്ഷ്മിയായും സായാഹ്നത്തിൽ ദുഃഖനിവാരണിയായ ശ്രീ പാർവതീദേവിയായും വിളങ്ങുന്നു എന്നാണ് സങ്കൽപ്പം . അതിനാൽ മൂന്ന് നേരങ്ങളിലും മൂന്നു രീതിയിലുള്ള പൂജകളാണ് നടത്തുന്നത് .
ചാന്താട്ടവും കുത്തിയോട്ടവുമാണ് പ്രധാന വഴിപാടുകൾ . ഉച്ചപൂജാനേരത്ത് ഒന്‍പതു കുടങ്ങളിലാക്കി പൂജിച്ച ദ്രാവകം ഭഗവതിയുടെ ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ചാന്താട്ടം. ദേവിക്ക് നിത്യവും സമർപ്പിക്കുന്ന വഴിപാടാണിത്.
കുംഭമാസത്തിലെ ഭരണി നാളാണ് ദേവിക്ക് ഏറ്റവും പ്രധാനം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചെട്ടികുളങ്ങരയമ്മയുടെ തിരുനടയിലേക്കു പതിമൂന്നു കരകൾ മാത്രമല്ല, ലോകം മുഴുവനും ഒന്നായി ഒഴുകിയെത്തുന്ന ദിനമാണ് കുംഭഭരണി. അന്നാണ് അഭീഷ്ടസിദ്ധിക്കും സർവൈശ്വര്യത്തിനുമായി ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം സമർപ്പിക്കപ്പെടുന്നത്. ദാരിക നിഗ്രഹ സമയത്ത് അമ്മയുടെ കോപം ശമിപ്പിക്കാൻ ഭൂതഗണങ്ങൾ അമ്മയ്ക്കു മുന്നിൽ നൃത്തം ചെയ്തതിന്റെ പുനരാവിഷ്കാരമാണത്രേ കുത്തിയോട്ടം. ഭക്തജങ്ങളാൽ നടത്തപ്പെടുന്ന വഴിപാട് എന്ന പ്രത്യേകതയുമുണ്ടിതിന്. അതിനായി വ്രതാനുഷ്ഠാനത്തോടെ ബാലന്മാർ കുംഭത്തിലെ ശിവരാത്രി മുതൽ ഭരണിവരെ ചടങ്ങുകൾ പരിശീലിപ്പിക്കുന്നു . ഭരണിദിവസം രാവിലെ ബാലന്മാരെ തൊപ്പി , മണിമാല എന്നിവ അണിഞ്ഞും ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ചു അരയിൽ സ്വർണമോ വെള്ളിയോ കൊണ്ടുള്ള നൂൽ കോർത്ത് ഒരുക്കി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ഇരുകൈകളും ചേർത്തു പിടിച്ച് കയ്യിൽ അടക്കാ തറച്ച കത്തി പിടിച്ചുകൊണ്ടാണ് ബാലന്മാർ വരുന്നത്. ലോഹനൂൽ അഴിച്ചെടുത്തു ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിക്കും.