ADVERTISEMENT

ദേവീദേവന്മാരെ പൊതുവെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. സത്വഗുണപ്രധാനികളായ ദേവീദേവന്മാർ ശാന്തരും രജോഗുണ പ്രധാനരായവർ ഉഗ്രസ്വരൂപികളും തമോഗുണ പ്രധാനരായവർ അത്യുഗ്രന്മാരുമാണ്.

ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ ആലയങ്ങളുടെ മുൻദിക്കിലും വലത് വശത്തും ഗൃഹം നിർമ്മിച്ച് താമസിക്കുന്നത് ഉത്തമമാണ്. ഉഗ്രം, അത്യുഗ്രം എന്നീ സ്വരൂപങ്ങളോടുകൂടിയ ദേവീദേവന്മാരുടെ ആലയങ്ങൾക്കു പിറകിലും ഇടതുവശത്തും വീടുനിർമ്മിക്കാമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ദേവത സ്വയംഭുവാണെങ്കിൽ ഒരു മൈലകലെയാണ് മനുഷ്യവാസ യോഗ്യമായ ഗൃഹത്തിന്റെ സ്ഥാനം.

ദേവാലയങ്ങളേക്കാൾ ഉയരത്തിൽ സമീപമുള്ള ഗൃഹങ്ങൾ നിൽക്കാൻ പാടില്ല. ക്ഷേത്രത്തിനടുത്ത് ബഹുനിലക്കെട്ടിടങ്ങൾ വയ്ക്കുമ്പോൾ ശാസ്ത്രപ്രകാരം അകലം നിശ്ചയിച്ചായിരിക്കണം നിർമിക്കേണ്ടത്. അല്ലെങ്കിൽ മുകളിലത്തെ നിലകളിലെ താമസം അസ്വസ്ഥമായിത്തീരും. ഇന്നത്തെ ചുറ്റുപാടിൽ സ്ഥലസൗകര്യങ്ങളും മറ്റും നോക്കുമ്പോൾ വാസഗൃഹം ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കുറഞ്ഞത് 250 അടിയെങ്കിലും അകലെയായിരിക്കണം. ഇതായിരിക്കും ഉത്തമം. 

കിഴക്ക്, അഗ്നികോണ്‍ ഇവകളുടെ മധ്യം ഉയർന്നും അതിന് വിപരീതമായി വരുന്ന പടിഞ്ഞാറ്, വായുകോണ്‍ എന്നിവകളുടെ മധ്യം താണുമിരിക്കുന്ന വാസ്തു ഗൃഹനിർമിതിക്ക് ശുഭകരമാണ്. അഗ്നികോണ്‍, തെക്ക് ഈ ദിക്കുകളുടെ മധ്യഭാഗം ഉയർന്നും അതിനെതിരെ വരുന്ന വടക്ക്, വായുകോണ്‍ എന്നിവകളുടെ മധ്യം താഴ്ന്നും ഇരിക്കുന്ന ഭൂമി ശുഭകരമാകുന്നു.

പടിഞ്ഞാറ് ദിക്കിന്റേയും വായുകോണിന്റേയും മധ്യം ഉയർന്നും കിഴക്കിന്റേയും അഗ്നികോണിന്റേയും മധ്യം താഴ്ന്നും ആയ ഭൂമിയിലെ താമസം വൈരാഗ്യ വർധനവിനും കലഹത്തിനും കാരണമാകുന്നു. വായുകോൺ, വടക്ക് എന്നീ ദിക്കുകളുടെ മധ്യം ഉയർന്നും അഗ്നികോൺ, തെക്ക് എന്നിവകളുടെ മധ്യം താണുമിരിക്കുന്ന പറമ്പ് രോഗകാരിണിയാണ്.

ഈശാനകോൺ, വടക്ക് ദിക്ക് എന്നിവയുടെ മധ്യം ഉയർന്നും തെക്ക് ദിക്ക്, നിര്യതികോൺ ഇവയുടെ മധ്യം താണുമിരുന്നാൽ അവിടെ താമസിക്കുന്നവർക്ക് ആത്മഹത്യപ്രവണതകൾ ഫലമായ് വരും.

വായുകോൺ, ഈശാനകോൺ, നിര്യതികോൺ എന്നിവകൾക്ക് താഴ്ചയുള്ളതും എന്നാൽ അഗ്നികോൺ ഉയർന്നുമിരിക്കുന്നതായ ഭൂമി ഗൃഹവാസികൾക്ക് അത്യന്തം ശുഭഫലദായകമാണ്. അതുപോലെതന്നെയാണ് നിര്യതികോണുയർന്നതും മറ്റ് മൂന്ന് കോണുകൾ താണും ഇരിക്കുന്ന വസ്തുവിന്റെ ഫലം.

തെക്ക് കിഴക്കേ കോൺ മുതൽ വടക്കു പടിഞ്ഞാറേ കോൺ വരെ മുഴുവനും താഴ്ചയുള്ളതായാൽ കടുത്ത ദാരിദ്ര്യവും രോഗാരിഷ്ടതകളും ദ്രവ്യനാശവും ഫലമാകുന്നു. അഗ്നികോൺ മുതല്‍ പടിഞ്ഞാറ് ദിക്കിന്റെ മധ്യം വരെ മാത്രമാണ് താഴ്ചയുള്ളതെങ്കിലും ഈ ഫലങ്ങള്‍ തന്നെ ഉണ്ടാകുന്നതാണ്.

മുൻകാലങ്ങളിൽ ശ്മശാനഭൂമിയായി ഉപയോഗിച്ചിരുന്നതും ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളെകൊണ്ട് നാശം സംഭവിച്ച ഭൂമിയും ബ്രാഹ്മണഗൃഹങ്ങൾ നശിച്ച ഭൂമിയും താമസയോഗ്യങ്ങളല്ല. ഇത്തരത്തിൽ ദോഷങ്ങളില്ല എന്ന് ജ്യോത്സ്യനെ കണ്ട് പ്രശ്നവിചാരം നടത്തി ഉറപ്പുവരുത്തുകയും ദോഷങ്ങളുണ്ടെങ്കിൽ അത് പരിഹരിയ്ക്കാവുന്ന ദോഷങ്ങളാണെങ്കില്‍ വാസ്തുപൂജയും വാസ്തുബലിയും നടത്തുകയും ഉത്തമ മന്ത്രങ്ങളാൽ സ്ഥലശുദ്ധിയും മറ്റും വരുത്തുകയും വാസ്തുയന്ത്രവും ലക്ഷ്മീയന്ത്രവും സ്ഥാപിക്കുകയും അതിനുശേഷം ഗൃഹനിർമാണാദികൾ ആരംഭിക്കുകയും ചെയ്യുന്നത് ഗൃഹനാഥനും കുടുംബാദികൾക്കും ആയുരാരോഗ്യ വർധനവിനും കുടുംബശ്രേയസ്സിനും നല്ലതാണ്.

ജ്യോത്സ്യൻ
ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്
പെരിങ്ങോട് പി.ഒ, കൂറ്റനാട് വഴി
പാലക്കാട് ജില്ല
Ph: 9846309646
Email: astronetpgd100@gmail.com

English Summary:

Harness Peaceful Energy: Vastu Shastra Tips for Building Near Temples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com