മനുഷ്യബുദ്ധി പാരമ്യത്തിലെത്തി; ഇനി പോംവഴി എഐയെന്ന് വിദഗ്ധർ
Mail This Article
ലോകമാകെ മനുഷ്യബുദ്ധി അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇനി പോംവഴി നിർമിതബുദ്ധിയാണെന്നും (എഐ) മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ വിദഗ്ധർ. ലോകതലത്തിൽ ജനനനിരക്ക് കുറയുന്നത് മനുഷ്യബുദ്ധിയുടെ ഉപയോഗത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കെയ്റെറ്റ്സു ഫോറം പ്രസിഡന്റും സിഇഒയുമായ ഡെന്നി കുര്യൻ പറഞ്ഞു. ‘എഐയുടെ ഈ കാലഘട്ടത്തിലെ സ്മാർട്ട് ബിസിനസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭിക്കുന്നതിലെ കുറവ് പരിഹരിക്കുകയാണ് കമ്പനികൾ എഐയുടെ ഉപയോഗത്തിലൂടെ. ലോകത്തെ പ്രമുഖ കമ്പനികളെല്ലാം എഐ ഉപയോഗിച്ചു തുടങ്ങി. എഐ ഉപയോഗിക്കുന്നതിലൂടെ മക്കൻസിയുടെ റിപ്പോർട്ട് പ്രകാരം കമ്പനികളുടെ ഉൽപാദനക്ഷമത വർധിച്ചത് 40 ശതമാനമാണ്. അക്സഞ്ചറിന്റെ റിപ്പോർട്ട് പ്രകാരം കമ്പനികളുടെ സാമ്പത്തികച്ചെലവുകൾ 30 ശതമാനം കുറഞ്ഞു.
ഗൂഗിൾ അടുത്തിടെ വില്ലോ (Willow) എന്ന കമ്പ്യൂട്ടിങ് ചിപ്പ് അവതരിപ്പിച്ചു. ഇന്നത്തെ സൂപ്പർഫാസ്റ്റ് കമ്പ്യൂട്ടറുകൾ അനേകം വർഷങ്ങളെടുത്ത് ചെയ്യുന്ന ജോലി വെറും 5 മിനിട്ടിൽ തീർക്കാൻ ഈ ചിപ്പിന് കഴിയും. സാധാരണക്കാരന്റെ ഓരോ ചിന്തയെയും പ്രവർത്തനത്തെയും വരെ ഇപ്പോൾ എഐ സ്വാധീനിക്കുന്നു. നമ്മൾ സാമൂഹികമാധ്യമങ്ങളിൽ കാണുന്ന വാർത്തകൾ, പരസ്യങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. നമ്മൾ വാങ്ങാനാഗ്രഹിക്കുന്ന, വായിക്കാൻ കൊതിക്കുന്ന കാര്യങ്ങൾ സോഷ്യൽമീഡിയ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും എഐ വഴി മനസ്സിലാക്കിയതിലൂടെയാണത്.
എഐ തന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു എന്ന് ജൻറോബോട്ടിക്സ് എംഡി വിമൽ ഗോവിന്ദ് പറഞ്ഞു. പഠനത്തിന് വേണ്ടിയാണ് എഐ ആദ്യം ഉപയോഗിച്ചത്. ‘ലേണിങ്’ ഏറെ എളുപ്പമാക്കാൻ അതുവഴി കഴിഞ്ഞു. ‘‘എനിക്ക് സ്വന്തമായി ചാറ്റ്ബോട്ട് ഉണ്ട്. സോഷ്യൽ മീഡിയയിൽ ആളുകളുമായി സംവദിക്കാൻ ചാറ്റ്ബോട്ടാണ് ഉപയോഗിക്കുന്നത്. കമ്പനിയിൽ കോഡിങ്, പ്രോട്ടോടൈപ്പ് ടെസ്റ്റിങ് എന്നിവയ്ക്കെല്ലാം എഐ ഉപയോഗിക്കുന്നു. 24*7 കസ്റ്റമർ കെയർ സേവനം നൽകാനും എഐയാണ് പ്രയോജനപ്പെടുത്തുന്നത്’’, അദ്ദേഹം പറഞ്ഞു.
ജൻറോബോട്ടിക്സിന്റെ രണ്ട് റോബട്ട് പ്രോഡക്ടുകളും എഐ അധിഷ്ഠിതമാണ്. മാൻഹോൾ വൃത്തിയാക്കാനും രോഗമുക്തി എളുപ്പമാക്കാനും ഉപയോഗിക്കുന്ന അവ, ഇരു കാര്യങ്ങളും ഏറെ സുഗമമാക്കി. എഐ ഉപയോഗിക്കുന്നതിലൂടെ ലോകോത്തര ഉൽപന്നങ്ങൾ സജ്ജമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എഐ ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ രാമനുണ്ണി പറഞ്ഞു. അറിഞ്ഞോ അറിയാതെയോ നാം എഐ ഉപയോഗിക്കുന്നു. ഫോണിൽ ഫോട്ടോ എടുക്കുമ്പോൾ പോലും എഐയുടെ സ്വാധീനമുണ്ട്. ചാർജ്മോഡിന്റെ ചാർജിങ് സ്റ്റേഷനുകളിൽ ഒരു ജോലിക്കാരൻ പോലുമില്ല. എല്ലാ ജോലികളും സോഫ്റ്റ് വെയർ അധിഷ്ഠിതമാണ്. കസ്റ്റമർ സർവീസിനും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നു. എഐ വന്നതോടെ ഹാർഡ് വെയർ ചെലവ് വളരെയധികം കുറഞ്ഞു.
എഐയെ എല്ലാ മേഖലയിലും ഉപയോഗിക്കുന്നില്ല. പ്രാദേശികഭാഷകളിൽ കൂടി എഐ വ്യാപകമായാൽ അത് കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.