വലിച്ചിളക്കല്ലേ, നനച്ചു തുടയ്ക്കല്ലേ; വേനൽക്കാലത്ത് ചുണ്ടുകളെ സംരക്ഷിക്കാൻ 6 സൂപ്പർ ടിപ്സ്
![lip-care lip-care](https://img-mm.manoramaonline.com/content/dam/mm/mo/style/hair-n-beauty/images/2025/1/29/lip-care.jpg?w=1120&h=583)
Mail This Article
‘അയ്യോ! ചുണ്ടിലെ തൊലിയടർന്നു വല്ലാതെ നീറുന്നുണ്ട്, എരിവുള്ളതൊന്നും കഴിക്കാൻ പറ്റുന്നില്ല’. –കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വേനൽക്കാലത്ത് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. ചുണ്ടിനു വല്ലാതെ വരൾച്ച തോന്നുമ്പോൾ ചിലർ നാവുകൊണ്ട് ചുണ്ട് നനച്ചു കൊടുക്കും. മറ്റു ചിലരാകട്ടെ ചുണ്ടിലെ തൊലി വലിച്ചിളക്കാനാകും ശ്രമിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നത് ചുണ്ടിന്റെ ആരോഗ്യവും ഭംഗിയും നശിപ്പിക്കും. കുറച്ചൊന്നു ശ്രദ്ധിച്ചാൽ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് ചുണ്ടിനെ വരൾച്ചയിൽനിന്നു രക്ഷിക്കാം.
വെള്ളംകുടിക്കാൻ മടി വേണ്ട
പൊതുവെ വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. ഈ മടി വേനൽക്കാലത്ത് കൂടുതൽ ദോഷം ചെയ്യും. ദാഹിച്ചാലും ഇല്ലെങ്കിലും വേനൽക്കാലത്ത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെറുതെ വെള്ളം കുടിച്ചാൽ ചിലർക്ക് ഛർദ്ദിക്കാൻ തോന്നുമെന്ന് പറയാറുണ്ട്. അത്തരക്കാർക്ക് നാരങ്ങാവെള്ളം, മോരുംവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നിവ കുടിക്കാം. പക്ഷേ മധുരമുള്ള ജൂസുകളും കൃത്രിമ പാനീയങ്ങളും തീർച്ചയായും ഒഴിവാക്കണം. വെള്ളം കുടിക്കാൻ തീരെ താൽപര്യമില്ലാത്തവർ കൂടുതൽ ജലാംശമടങ്ങിയ വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച് പോലെയുള്ള ഫലവർഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വൈറ്റമിൻ സി അടങ്ങിയ ഫലങ്ങൾ ശരീരത്തിന്റെ ഇലാസ്തികത നിലനിർത്താനും അതുവഴി ചർമത്തിന്റെയും ചുണ്ടുകളുടെയും വരൾച്ച നിയന്ത്രിക്കാനും സഹായിക്കും.
സൺസ്ക്രീനിൽ മാത്രം പോരാ, ലിപ് ബാമിലും നോക്കണം എസ്പിഎഫ്
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ എസ്പിഎഫ് 50 നു മുകളിലുള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നവരിൽ പലരും ലിപ്ബാമിന്റെ കാര്യം വരുമ്പോൾ അശ്രദ്ധ കാട്ടാറാണ് പതിവ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച എസ്പിഎഫ് സുരക്ഷ പ്രധാനം ചെയ്യുന്ന ലിപ്ബാമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷിയ ബട്ടറടങ്ങിയ ലിപ് ബാമുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം. ലിപ് ബാമുകൾ പുരട്ടാൻ താൽപര്യമില്ലാത്തവർ വെയിലത്ത് പുറത്തു പോകും മുൻപ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടിയാൽ മതി.
വലിച്ചിളക്കല്ലേ, പകരം സ്ക്രബ് ചെയ്യാം
വരണ്ട ചുണ്ടിലെ തൊലി വലിച്ചിളക്കി അവിടെ മുറിവുകളുണ്ടാകുന്നത് വേനൽക്കാലത്തു പതിവാണ്. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ വേദനയില്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. വീട്ടിലും തൊടിയിലുമുള്ള പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് സ്ക്രബ് ചെയ്താൽ ചുണ്ടിലെ മൃതകോശങ്ങളെ അനായാസം അകറ്റാം. പാൽ, തേൻ, പഞ്ചസാര, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാർവാഴ തുടങ്ങിയ വസ്തുക്കൾ ചുണ്ടിൽ പുരട്ടി സാവധാനം സ്ക്രബ് ചെയ്താൽ മൃതകോശങ്ങളിളകി മനോഹരമായ ചുണ്ടുകൾ ലഭിക്കും. പാൽപ്പാടയും നാരങ്ങാനീരും ചേർന്ന മിശ്രിതവും നല്ലൊരു സ്ക്രബിങ് ഏജന്റാണ്. ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിൽ ഒരിക്കലോ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ചുണ്ടുകൾ നനച്ചു തുടയ്ക്കല്ലേ
നാവുകൊണ്ട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുന്നത് ചുണ്ടുകളുടെ വരൾച്ച കുറയാൻ നല്ലതാണെന്ന് ചിലരെങ്കിലും ധരിച്ചു വച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഉമിനീരു കൊണ്ട് ചുണ്ടുകൾ നനയ്ക്കുമ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുകയാണ്. പകൽ വെളിച്ചെണ്ണ പുരട്ടിയോ രാത്രി കിടക്കുമ്പോൾ കറ്റാർവാഴനീരു പുരട്ടിയോ ചുണ്ടിന്റെ വരൾച്ച തടയാം. പ്രകൃതിദത്തമാർഗങ്ങൾ ഇഷ്ടമില്ലാത്തവർ ഗുണനിലവാരമുള്ള ലിപ് ബാം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ചുണ്ടിനെ കാക്കും ഗ്രീൻ ടീ
ഗ്രീൻ ടീയിൽ നിറയെ ആന്റി ഓക്സിഡന്റുകൾ ഉണ്ടെന്നറിയാമെങ്കിലും അതിന്റെ രുചിയിഷ്ടപ്പെടാത്തതുകൊണ്ടു മാത്രം ഗ്രീൻ ടീയെ അടുക്കളയുടെ പടി കടത്താത്തവരുണ്ട്. എന്നാൽ ചുണ്ടുകളുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ ഗ്രീൻ ടീയ്ക്കു കഴിയും. ഗ്രീൻ ടീയിൽ കുറച്ച് ഒലിവ് ഓയിലും പഞ്ചസാരയും ചേർത്ത് ആ മിശ്രിതം ചുണ്ടിൽ പുരട്ടി സ്ക്രബ് ചെയ്താൽ ചുണ്ടിന്റെ വരൾച്ച മാറും, തിളക്കവും വർധിക്കും.
ഗ്ലിസറിനുണ്ടോ സഖാവേ, അൽപം വെളിച്ചെണ്ണയെടുക്കാൻ?
കുറച്ച് വെളിച്ചെണ്ണയും അൽപം ഗ്ലിസറിനും ഇത്തിരി പഞ്ചസാരപ്പൊടിയും കൂടിയുണ്ടെങ്കിൽ ചുണ്ടുകളുടെ വരൾച്ച പമ്പ കടക്കുമെന്ന് എത്ര പേർക്കറിയാം. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി നന്നായി സ്ക്രബ് ചെയ്ത് പത്തു മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ നല്ല മിനുസമുള്ള ചുണ്ടുകൾ ആർക്കും സ്വന്തമാക്കാം.