കണ്ണിൽ ചോരയില്ലാത്ത ചില വീട്ടുടമകൾ: ബെംഗളൂരുവിലെ അനുഭവം പങ്കുവച്ച് യുവാവ്
![flat-maintenance flat-maintenance](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2025/1/28/flat-maintenance.jpg?w=1120&h=583)
Mail This Article
ബെംഗളൂരു നഗരത്തിൽ വാടക വീടുകൾക്ക് അനുദിനം ആവശ്യക്കാരേറുകയാണ്. ഏത് സാഹചര്യത്തിലും വാടകക്കാരെ കിട്ടുമെന്ന അവസ്ഥ വന്നതോടെ സമാനതകളില്ലാത്ത ഡിമാന്റുകളാണ് വീട്ടുടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഈ മാനദണ്ഡങ്ങൾക്കെല്ലാം ചേർന്ന വാടകക്കാരെ കിട്ടിയാലും അവരെ വീണ്ടും ചൂഷണം ചെയ്യാൻ യാതൊരു മടിയുമില്ലാത്ത ഉടമകളുമുണ്ട്.
ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുത്ത ഒരു കുടുംബത്തിന് നേരിടേണ്ടിവന്ന ദുരവസ്ഥയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. വൻതുക വാടക നൽകുന്നതിന് പുറമേ വീടിന്റെ കേടുപാടുകൾ പരിഹരിക്കാനുള്ള തുക സ്വന്തം പോക്കറ്റിൽനിന്ന് മുടക്കേണ്ട അവസ്ഥയിലായിരുന്നു ഇവർ.
സ്റ്റാർട്ടപ്പ് സ്ഥാപകനായ ശ്രാവൺ ടിക്കു എന്ന വ്യക്തിയാണ് തനിക്ക് പരിചയമുള്ള ദമ്പതികളുടെ ബുദ്ധിമുട്ട് ലിങ്ക്ഡ്-ഇൻ പോസ്റ്റിൽ കൂടി വെളിവാക്കിയത്. രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റ് പ്രതിമാസം 55,000 രൂപ വാടകയ്ക്കാണ് കുടുംബം സ്വന്തമാക്കിയത്. ബെംഗളൂരുവിലെ മുൻനിര സൊസൈറ്റികളിൽ ഒന്നിലായിരുന്നു വീട്. അതിനാൽ ഉയർന്ന വാടക കൊടുക്കാൻ ഇവർ നിർബന്ധിതരായി. 1.75 ലക്ഷം രൂപ സെക്യൂരിറ്റി ഇനത്തിലും കെട്ടിവച്ചു. മാസം കൃത്യമായി വാടക തുക ഉടമയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
![apartment apartment](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2025/1/28/apartment.jpg?w=845&h=440)
എന്നാൽ താമസം തുടങ്ങി അധികം കഴിയും മുൻപുതന്നെ വീടിന് കേടുപാടുകൾ ഉണ്ടെന്ന് ഇവർ മനസ്സിലാക്കി. ചോർച്ചയും പ്ലമിങ്ങിലെ പ്രശ്നങ്ങളും പതിവായി. നിവൃത്തിയില്ലാതെ വന്നതോടെ ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാടകക്കാർ ഉടമയെ സമീപിച്ചു. എന്നാൽ ഇവരുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഉടമ തയാറായില്ല. കേടുപാടുകൾ നന്നാക്കുന്ന വ്യക്തിയെ സ്വയം കണ്ടെത്തി അവ പരിഹരിക്കാൻ ഉടമ ആവശ്യപ്പെട്ടു. വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾ താമസിക്കുന്നവരുടെ ഉത്തരവാദിത്തമാണ് എന്ന നിലപാടിലായിരുന്നു ഉടമ.
മറ്റൊരു വീട് പെട്ടെന്നു വാടകയ്ക്ക് കണ്ടെത്തുന്നത് പ്രയാസമായതിനാൽ റിപ്പയറിന് ചെലവാകുന്ന തുക പിന്നീട് ലഭിക്കും എന്ന ധാരണയിൽ ഇവർ ജോലിക്കാരെ വരുത്തി കേടുപാടുകൾ പരിഹരിച്ചു. ഏതാണ്ട് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായി. എന്നാൽ ഉടമ ആ തുക മടക്കി നൽകാൻ തയാറായില്ല.
കുറച്ചുകാലത്തിനുശേഷം വീട് ഒഴിയാൻ ദമ്പതികൾ തീരുമാനിച്ചു. അപ്പോഴാണ് ഉടമ വീണ്ടും തനിനിറം കാട്ടിയത്. ഫ്ലാറ്റിന് മെയിന്റനൻസ് ആവശ്യമാണെന്നും അതിനാൽ സെക്യൂരിറ്റി തുക തിരികെ തരാൻ സാധിക്കില്ല എന്നും ഉടമ അറിയിച്ചു. ഇക്കാര്യം ടെക്സ്റ്റ് മെസ്സേജ് രൂപത്തിലാണ് ഉടമ അറിയിച്ചത്. ഒരു മാസത്തെ വാടക തുക പിടിച്ച ശേഷം ബാക്കി തുകയെങ്കിലും നൽകണമെന്ന് വാടകക്കാർ ആവശ്യപ്പെട്ടെങ്കിലും അതിനും ഉടമ വഴങ്ങിയില്ല.
ദമ്പതികൾ നിയമോപദേശം തേടിയെങ്കിലും പണം തിരികെ കിട്ടാൻ സാധ്യതയില്ല എന്നാണ് അറിഞ്ഞത്. ഒടുവിൽ നിവൃത്തിയില്ലാതെ കേടുപാടുകൾ പരിഹരിക്കാൻ മുടക്കിയ തുകയും സെക്യൂരിറ്റി തുകയും എല്ലാം ഉപേക്ഷിച്ച് ഇവർക്ക് വീടുവിട്ട് ഒഴിയേണ്ടി വന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി അന്യനാടുകളിൽ നിന്നും ബെംഗളുരുവിലെത്തി ജീവിക്കുന്ന ധാരാളം ആളുകളുടെ അവസ്ഥ ഇതാണെന്ന് ശ്രാവൺ തന്റെ പോസ്റ്റിൽ കുറിക്കുന്നു. അതേസമയം കൃത്യമായ ഇടവേളകളിൽ വാടക വർധിപ്പിക്കാൻ വീട്ടുടമസ്ഥർ ഒരുമടിയും കാണിക്കാറുമില്ല. ഇത്തരത്തിൽ മോശപ്പെട്ട അനുഭവങ്ങൾ നേരിടേണ്ടി വന്ന ധാരാളം ആളുകൾ കമന്റ് ബോക്സിൽ പ്രതികരിക്കുന്നുണ്ട്.