‘എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു’; ചിത്രത്തിൽ നോക്കി 'മുതുകാട് സാർ' എന്ന് വിളിച്ച് ഉമ്മ വയ്ക്കുന്ന കുട്ടി !
Mail This Article
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി ഒരുക്കിയ ഡിഫറൻറ് ആർട് സെന്ററിലെ പ്രവർത്തനങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാവില്ല. മാജിക് പ്ലാനറ്റിൽ ഒരുക്കിയ ഡിഫറൻറ് ആർട് സെന്ററിൽ ഹൈപ്പർ ആക്ടീവ്, ഓട്ടിസ്റ്റിക്, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥയിലുള്ള നൂറ് കുട്ടികളാണ് ഇപ്പോഴുള്ളത്. കൊറോണ വ്യാപനവും ലോക്ഡൗണും മൂലം ആർട് സെന്റർ കഴിഞ്ഞ ഏപ്രിൽ പതിനാല് മുതൽ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ഈ കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതിയാണ് സെന്റർ അടച്ചിടേണ്ടി വന്നത്.
അതോടെ തങ്ങളുടെ, മാജിക് അങ്കിളിനെ കാണാതെ പല കുട്ടികളും സങ്കടത്തിലാകുകാണ്. മാധവ് എന്ന കുട്ടി മാജിക് അങ്കിളിനെ കാണണമെന്ന് പറഞ്ഞ് അസ്വസ്ഥനായപ്പോൾ അവന്റെ അമ്മ അദ്ദേഹത്തിന്റെ വിഡിയോ ഫോണിൽ കാണിച്ചു കൊടുത്തതും അതിൽ നോക്കി അങ്കിളിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതും കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല. മാധവിന്റെ അമ്മ അദ്ദേഹത്തിന് അയച്ചു കൊടുത്ത ഈ വിഡിയോയാണ് തന്റെ സമൂഹമാധ്യമ പേജിൽ ഗോപിനാഥ് മുതുകാട് പങ്കുവച്ചിരിക്കുന്നത്. നല്ലൊരു പാട്ടുകാരനായ മാധവ് ഒട്ടിസ്റ്റിക്കാണ്.
ഗോപിനാഥ് മുതുകാടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
കഴിഞ്ഞ ലോക്ഡൗൺ സമയത്തെപ്പോലെ ഇത്തവണയും ഈ കുഞ്ഞുങ്ങളുടെ വീടുകൾ ഭക്ഷണക്കിറ്റുകൾ എത്തിച്ചുകൊണ്ട് മാതൃകയാകുകയാണ് ആ മാജിക് അങ്കിളും കൂട്ടരും. ആദ്യ ലോക്ഡൗണിനെത്തുടർന്ന് ഡിഎസി അടച്ചിട്ടപ്പോൾ അതിനെ അതിജീവിക്കാൻ കുട്ടികൾക്ക് നന്നെ പാടുപെട്ടു ഈ കുട്ടികൾ. വീടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരായതും, ആ ഘട്ടത്തിൽ ഈ കുട്ടികൾ വല്ലാത്തൊരു മാനസികാവസ്ഥയിലായി. ഒന്നു രണ്ടു കുട്ടികൾ ആത്മഹത്യാ ശ്രമം നടത്തുക പോലും നടത്തി. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയയുടൻ ശൈലജ ടീച്ചറെ ചെന്നു കാണുകയും ഈ അവസ്ഥയിലുള്ള കുട്ടികളെ മരണത്തിൽനിന്നു രക്ഷപ്പെടുത്താൻ സെന്റർ വീണ്ടും തുറക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്തിരുന്നു. അങ്ങനെയാണ് ആദ്യ ലോക്‌ഡൗണിനു ശേഷം കഴിഞ്ഞ നവംബർ 1 ന് സെന്ററുകളുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്.
ഈ കോവിഡ് കാലത്ത് അദ്ദേഹം പങ്കുവച്ച് മറ്റൊരു കുറിപ്പും ശ്രദ്ദേയമായിരുന്നു. ‘ഒരുകാലത്ത് ചുറ്റും എന്തൊക്കെ നിറങ്ങളായിരുന്നു!!! കിന്നരിത്തലപ്പാവും പട്ടുകുപ്പായവും മുന്നിലെ വിസ്മയം തുളുമ്പുന്ന കണ്ണുകളും. എല്ലാം ഇന്ന് ഓർമകളിലേക്ക് മറഞ്ഞുപോയി. പകരം നിഷ്കളങ്കമായി ചിരിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ കണ്ണീരൊഴുക്കുന്ന മാതാപിതാക്കളും അരികിലായി. ജീവിതം ഒരിന്ദ്രജാലമല്ലെന്നും പച്ചയായ യാഥാർഥ്യമാണെന്നും കാലം പഠിപ്പിച്ച പാഠമാണ്. എത്രയോ ആത്മസംതൃപ്തി തരുന്ന മഹത്തായ പാഠം...’
English Summary : Magician Gopinath Muthukad's social media post