'അത് ചെയ്യൂ, ഇത് ചെയ്യൂ' നിരന്തരം ഇങ്ങനെ പറയുന്നവരാണോ? എങ്കിൽ ഓർത്തിരുന്നോളൂ ഇക്കാര്യം

Mail This Article
കുട്ടികളെ അടുക്കും ചിട്ടയുമുള്ളവരാക്കി വളർത്താനും, നേരായ വഴിക്ക് നയിക്കാനും മാതാപിതാക്കൾ പലപ്പോഴും കർക്കശക്കാരാകാറുണ്ട് ഈ കർക്കശ നിലപാടുകൾ അവരുടെ നല്ലതിനു വേണ്ടിയാണെങ്കിലും പലപ്പോഴും കുട്ടികളിൽ അത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. 'അത് ചെയ്യൂ, ഇത് ചെയ്യൂ' എന്നുപറഞ്ഞ് കുട്ടികളെ നിർബന്ധിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലാവരോടും നന്നായി പെരുമാറണം
ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എല്ലാവരോടും സംസാരിക്കാനും അടുത്ത് ഇടപഴകാനും മാതാപിതാക്കൾ കുട്ടികളെ നിർബന്ധിക്കാറുണ്ട്. എന്നാൽ ആരോട് സംസാരിക്കാണം എന്നതിനെക്കുറിച്ച് പല കുട്ടികൾക്കും വ്യക്തമായ ബോധ്യമുണ്ട്. കംഫർട്ട് സോണിൽ ഇരിക്കാനാണ് പല കുട്ടികൾക്കും താൽപര്യം. തങ്ങൾക്ക് താല്പര്യമുള്ളവരോട് മടികൂടാതെ കുട്ടികൾ ഇടപഴകുകയും ചെയ്യും. അനാവശ്യമായി കൂട്ടുകൂടാനും മറ്റും നിർബന്ധിക്കുന്നത് അവരുടെ വികാരങ്ങളെ അവഗണിക്കുന്നതിനും അനാരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാകുന്നതിനും ഇടയാക്കും. കുട്ടികളെ സമ്മർദത്തിലാക്കുന്നതിനുപകരം, എല്ലാവരോടും നന്നായി പെരുമാറാൻ മാത്രം പറയുക.
ഒരു സോറി പറഞ്ഞേക്ക്
ജീവിതത്തിന്റെ പലഘട്ടങ്ങളിലും നമുക്ക് ക്ഷമാപണം നടത്തേണ്ടി വരാറുണ്ട്. ചെറിയ കാര്യത്തിന് പോലും കുട്ടികളെ നിർബന്ധിച്ച് സോറി പറയിപ്പിക്കാതിരിക്കുക. നിർബന്ധിച്ച് പറയിക്കുന്നതിന് അർഥമില്ലാതെ വരും. സോറി പറയാൻ ആവശ്യപ്പെടുന്നതിന് പകരം, കുട്ടിയുടെ വാക്കോ പ്രവർത്തിയോ മറ്റൊരാളെ എങ്ങനെ ബാധിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞുകൊടുക്കാം.
കുറച്ചു കൂടെ കഴിക്ക്
കുട്ടികളുടെ ആരോഗ്യം മുൻനിർത്തി പലപ്പോഴും കൂടുതൽ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കാറുണ്ട്. അനാരോഗ്യകരമായ ശീലമായാണ് ആരോഗ്യ വിദഗ്ധർ ഇതിനെ കാണുന്നത്. അനാവശ്യമായി കുട്ടികളെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നത് ഈറ്റിംഗ് ഡിസോഡറർ, വിശപ്പ് തിരിച്ചറിയാൻ സാധിക്കാതെ വരിക തുടങ്ങിയവയ്ക്ക് കാരണമായേക്കാം. കൃത്യമായ സമയത്ത് പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം കഴിപ്പിക്കുന്നതാണ് ഉചിതം.
അവർക്ക് കൂടി കളിക്കാൻ കൊടുക്ക്
കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾ പരസ്പരം പങ്കുവയ്ക്കുന്നത് നല്ല ശീലമാണ്. അവിചാരിതമായായിരിക്കും ഇവ മറ്റുള്ളവർക്ക് നൽകാൻ അവരോട് മാതാപിതാക്കൾ പറയുന്നത്. ഇത് ഈ വസ്തുകൾ തങ്ങളുടേതല്ലെന്ന ചിന്ത കുട്ടികളിൽ ഉടലെടുക്കും. നിർബന്ധിച്ച് പങ്കുവയ്ക്കുന്നതിന് പകരം അതിന്റ നല്ല വശങ്ങളെ കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കാം.
ആവശ്യമില്ലാതെ കൈകടത്തരുത്
കുട്ടികൾക്ക് പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടേതായ രീതിയുണ്ട്. തങ്ങൾ പറയുന്ന മാർഗമാണ് ശരിയെന്നും അതിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാവൂവെന്ന് പറയുന്നത് കുട്ടികളുടെ ക്രിയേറ്റിവിറ്റിയെയും കോൺഫിഡൻസിനെയും ബാധിക്കും. ക്രിയേറ്റിവായി എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്നത് അവരുടെ പ്ലോബ്ലം സോൾവിഗ് സ്കിൽസ്, സ്വാതന്ത്ര്യം, പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങിയവയ്ക്ക് സഹായിക്കുന്നു.