കോവിഡ് പ്രതിരോധത്തിന് കെഎസ്ഡിപി,റെഡിമെയ്ഡ് ഐസലേഷൻ യൂണിറ്റ് ഉൾപ്പെടെ 4 സംവിധാനങ്ങൾ

Mail This Article
കലവൂർ ∙ റെഡിമെയ്ഡ് ഐസലേഷൻ യൂണിറ്റ് ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിന് 4 സംവിധാനങ്ങൾ ഒരുക്കി പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കി രോഗമുള്ളവരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇവ. 7500 രൂപ വില വരുന്ന പോർട്ടബിൾ വെന്റിലേറ്റർ ഉൽപാദനത്തിനുള്ള തയാറെടുപ്പിലാണ് കെഎസ്ഡിപി. കോഴിക്കോട് എൻഐടിയാണ് സാങ്കേതികവിദ്യ കൈമാറിയത്. നിലവിൽ ഒരുക്കിയ സംവിധാനങ്ങൾ:
∙ റെഡിമെയ്ഡ് ഐസലേഷൻ യൂണിറ്റ്
ഈസി ഐസലേഷൻ എന്നു പേരിട്ട യൂണിറ്റ് എവിടേക്കും എളുപ്പമായി കൊണ്ടുപോകാനും വലിയ ഹാളുകളിലോ മുറികളിലോ സ്ഥാപിച്ചു രോഗിയെ കിടത്താനും സാധിക്കും. പ്രത്യേക ഫിൽറ്ററുകളും അൾട്രാ വയലറ്റ് രശ്മികളുമുള്ള ഇതിനുള്ളിൽ സ്വാഭാവികമായ രീതിയിൽ അണുനശീകരണവും നടക്കും. റീട്ടെയിൽ വില 37000 രൂപയാണ്. കോഴിക്കോട് എൻഐടിയുടെ സാങ്കേതിക സഹായത്തോടെയാണിത് രൂപകൽപന ചെയ്തത്.
∙ പരിശോധന കിയോസ്ക്
രോഗമുള്ളവരെ പരിശോധിക്കുന്നതിനുള്ള കിയോസ്കാണ് മറ്റൊന്ന്. ഒരേസമയം 2 പേരെ വരെ ഇതിൽ ഇരുത്തി പരിശോധിക്കാം. അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനവുമുണ്ട്. ഇതിന് 2.34 ലക്ഷവും ചെറുതിന് 1.17 ലക്ഷവുമാണ് വില.
∙ സ്രവപരിശോധന ബൂത്ത്
സ്രവപരിശോധന സംവിധാനമുള്ള സാംപിൾ ശേഖരണ ബൂത്ത്. ഡോക്ടർക്കോ നഴ്സിനോ ഇതിനുള്ളിൽ ഇരുന്ന് സുരക്ഷിതമായി സ്രവ സാംപിളുകൾ ശേഖരിക്കാം. ഇതിന് 55000 രൂപയാണ് വില.
∙ മാസ്ക് സംസ്കരണ ബിൻ
റേഡിയേഷൻ സംവിധാനമുള്ള മാസ്ക് സംസ്കരണ ബിൻ. ശാസ്ത്രീയമായി മാസ്കുകൾ സംസ്കരിക്കുന്ന ഉപകരണത്തിന് 15000 രൂപയാണ് വില.