കെഎസ്ഡിപി ഇൻജക്ടബിൾ പ്ലാന്റ്: ജർമൻ യന്ത്രം നാളെ എത്തിക്കും

Mail This Article
കലവൂർ ∙ സർക്കാർ മരുന്ന് നിർമാണ കമ്പനിയായ കെഎസ്ഡിപിയുടെ ഇൻജക്ടബിൾ പ്ലാന്റിലേക്ക് ജർമനിയിൽ നിന്ന് 18 കോടിയോളം രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന യന്ത്രം കൊച്ചി തുറമുഖത്ത് എത്തി. നാളെ കമ്പനിയിലെത്തിക്കും.
ഫെബ്രുവരി പകുതിയോടെ ഇൻജക്ടബിൾ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തുവാനുള്ള പരിശ്രമത്തിലാണ് അധികൃതർ. യന്ത്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിട സൗകര്യങ്ങൾ കെഎസ്ഡിപിയിൽ ഒരുക്കിയിട്ടുണ്ട്. അര ലീറ്ററിന്റെയും 100 മില്ലിയുടെയും കുത്തിവയ്പ് മരുന്നുകൾ നിർമിക്കുന്ന യന്ത്രമാണിത്.
ഓട്ടമാറ്റിക്കായി പ്രവർത്തിക്കുന്ന യന്ത്രത്തിൽ തന്നെയാണ് പ്ലാസ്റ്റിക് കുപ്പിയും മരുന്നും നിർമിക്കുന്നത്. ഇവ നിറച്ച് സീൽ ചെയ്ത് അടപ്പിട്ട് കിട്ടും. 8 മണിക്കൂറിൽ 500 മില്ലിയുടെ 2000 കുപ്പികൾ നിർമിക്കാൻ ശേഷിയുണ്ട്. ഇതുമായി ബന്ധപ്പെട്ട 3 ചെറിയ യന്ത്രസാമഗ്രികൾ കൂടി എത്തുവാനുണ്ടെന്ന് എംഡി എസ്.ശ്യാമള പറഞ്ഞു.
ഓങ്കോളജി പാർക്ക് കലവൂരിൽ
കലവൂർ ∙ കെഎസ്ഡിപിയുടെ കീഴിൽ ആരംഭിക്കുന്ന കാൻസർ മരുന്ന് നിർമാണ യൂണിറ്റായ ഓങ്കോളജി പാർക്കും കലവൂരിൽ തന്നെ സ്ഥാപിക്കും. കമ്പനിയോടു ചേർന്നുള്ള 6.38 ഏക്കർ വസ്തുവാണ് ഏറ്റെടുക്കുക.
കാൻസർ മരുന്ന് നിർമാണം, ഇൻജക്‌ഷൻ പ്ലാന്റ് തുടങ്ങിയവയും ഉൾപ്പെടുന്ന പദ്ധതി കിഫ്ബിയിൽ 150 കോടി ചെലവിലാണ് നടപ്പാക്കുക. ഇതിന്റെ തറക്കല്ലിടലും അടുത്ത മാസം നടത്തും.
ഓങ്കോളജി പാർക്കിന് സ്ഥലം കണ്ടെത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ചെയർമാൻ സി.ബി.ചന്ദ്രബാബു പറഞ്ഞു.