തുടങ്ങി, ആഘോഷപ്പരീക്ഷ!

Mail This Article
ആലപ്പുഴ ∙ മാവേലിക്കര ആഞ്ഞിലിപ്ര ഗവ.യുപിഎസിലെ 2–ാം ക്ലാസ് വിദ്യാർഥി എസ്.സൗഭാഗ്യയ്ക്ക് ചോദ്യക്കടലാസ് കിട്ടിയപ്പോൾ എന്തു ചെയ്യണമെന്നറിയില്ല! ചുറ്റിനും നോക്കി. പിന്നീട് ചോദ്യക്കടലാസിലേക്ക്. ഒടുവിൽ നീട്ടിവിളിച്ചു – ടീച്ചറേ!!! 2–ാം ക്ലാസിലാണെങ്കിലും സൗഭാഗ്യയുടേത് സ്കൂളിലെത്തി എഴുതിയ ആദ്യ പരീക്ഷയായിരുന്നു. പേടി കാരണം 2 പുസ്തകങ്ങളും നന്നായി വായിച്ചു പഠിച്ചാണു വന്നതെന്നും ടീച്ചർ ചോദ്യങ്ങൾ വായിച്ചു തന്നതിനാൽ നന്നായി എഴുതാൻ കഴിഞ്ഞെന്നുമാണ് സൗഭാഗ്യ പറഞ്ഞത്.
ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വർഷാവസാന പരീക്ഷ തുടങ്ങിയ ഇന്നലെ, ആദ്യമായി സ്കൂളിലെത്തി പരീക്ഷയെഴുതിയ ചെറിയ ക്ലാസുകളിലെ കുട്ടികളിൽ പലരും സമാന അവസ്ഥയിലായിരുന്നു. ക്ലാസുകളിൽ കൃത്യസമയത്ത് എത്തിയ കുട്ടികൾ പരീക്ഷയെ പേടിക്കാതെ പതിവു കളികളിലേക്കു കടന്നു. പരീക്ഷ എന്തെന്നും എങ്ങനെ എഴുതണമെന്നും വീട്ടിൽനിന്നു പഠിപ്പിച്ച പാഠങ്ങൾ പലരും മറന്നു. പരസ്പരം കളർ പെൻസിലുകൾ കൈമാറി; ഒരാൾ വരച്ച പടം മറ്റുള്ളവരെ കാട്ടി.
അധ്യാപകർ ഓർമിപ്പിച്ചപ്പോൾ അവർ കളികൾ നിർത്തി ചോദ്യക്കടലാസ് വാങ്ങി ഗൗരവക്കാരായി. വാത്തിക്കുളം സെന്റ് ജോൺസ് എൽപിഎസിലെ 2–ാം ക്ലാസ് വിദ്യാർഥിയായ എസ്.ആദർശിന്റെ ആദ്യ പരീക്ഷയെപ്പറ്റി ഓർത്ത് ആശങ്കയായിരുന്നു അമ്മ ബിന്ദുവിന്. പരീക്ഷ കഴിഞ്ഞിറങ്ങിയ ആദർശ് പടം വരയ്ക്കാനുണ്ടായിരുന്നെന്നു പറഞ്ഞ് ചിരിച്ചപ്പോഴാണ് ആശ്വാസമായത്. പല രക്ഷിതാക്കളും പരീക്ഷ കഴിയുന്നതു വരെ സ്കൂൾ പരിസരത്തു കാത്തിരുന്നു.
പലതരം സംശയങ്ങളാണ് ടീച്ചർമാർ വിദ്യാർഥികളിൽനിന്നു കേട്ടത്. രണ്ടാം ക്ലാസിലെ ചോദ്യക്കടലാസിൽ ആദ്യം തന്നെ ചിത്രങ്ങൾക്കു നിറം കൊടുക്കാനുള്ള ചോദ്യമായിരുന്നു. പരീക്ഷയെപ്പറ്റി വലിയ ധാരണയില്ലാത്ത കൊച്ചുകുട്ടികൾക്ക് അതു വലിയ സന്തോഷമായെന്ന് കായംകുളം ഗവ.എൽപിഎസിലെ അധ്യാപിക ജെ.ഡി.സജനി പറഞ്ഞു.
മാറ്റിവച്ചെങ്കിൽ സന്തോഷം
‘ഇതുവരെ പ്രതീക്ഷയുണ്ടായിരുന്നു. അതും പോയി’ – പരീക്ഷ മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയായിരുന്നു മുതിർന്ന കുട്ടികളിൽ പലർക്കും. ഇന്നലെ അതു മാറി. മാറ്റിവയ്ക്കുമെന്ന പ്രത്യാശ പല കുട്ടികളും പറഞ്ഞിരുന്നെന്ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക റീന എൽ.ജോർജ് പറഞ്ഞു. എന്നാൽ, പരീക്ഷ നേരിട്ടാക്കിയതിൽ സന്തോഷിക്കുന്ന വിദ്യാർഥികളുമുണ്ടായിരുന്നു. സമയത്തിനുള്ളിൽ എഴുതിത്തീരുമോ എന്നതായിരുന്നു ചിലരുടെ ആശങ്കയെങ്കിലും സമയത്തു തന്നെ അവർ എഴുതിയെത്തിച്ചു.