ADVERTISEMENT

ഭാഗം– 1

രാജ്യത്ത് സേവന മേഖല കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പ്രാഥമിക മേഖലയായ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. കൃഷി അഗ്രി ബിസിനസ്സിലേക്കു മാറുന്ന പ്രവണത സേവനമേഖലയിലുള്ള വളർച്ചലക്ഷ്യമിട്ടാണ്. രാജ്യത്തു കൃഷി ഒരു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ മൃഗസംരക്ഷണ, ക്ഷീര വികസന, ഫിഷറീസ് മേഖല 2.25 ശതമാനം വളർച്ച കൈവരിക്കണം. എന്നാൽ പ്രസ്തുത മേഖലകളിൽ വളർച്ച കൈവരിക്കുന്നത് കാർഷിക മേഖലയെക്കാൾ എളുപ്പമാണ്. കാർഷിക അനുബന്ധ മേഖലകളിലെ വളർച്ചയാണ് കാർഷിക മേഖലയുടെ വളർച്ചയ്ക്കുതകുന്നത്.

വർധിച്ചു വരുന്ന ഉൽപാദനച്ചെലവും, വിപണ മാന്ദ്യവും കാർഷിക മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതുതന്നെയാണ് കൃഷി നഷ്ടത്തിലാകാൻ കാരണം. 2015-16 ബജറ്റിൽ കർഷകന്റെ വരുമാനം അഞ്ചു വർഷംകൊണ്ട്  ഇരട്ടിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതുതായി ചുമതലയേറ്റ എൻഡിഎ സർക്കാരിലെ കൃഷിവകുപ്പുമന്ത്രിയും 2024ൽ പ്രഖ്യാപിച്ചത് കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എന്നാൽ വരുമാനം ഇരട്ടിയാകുമെന്ന് പറയുന്നത് കേവലം പ്രസ്താവനയിൽ മാത്രം!

ലോകത്തിൽ കൂടുതൽ പാൽ ഉൽദിപ്പിക്കുന്ന, ലോകജനസംഖ്യയിൽ മുന്നിലുള്ള  ഇന്ത്യ സുസ്ഥിര പാലുൽപാദനത്തിനും, പോഷക സമ്പുഷ്ടമായ പാലുൽപന്നങ്ങൾ, പോഷണം, ജീവസന്ധാരണം എന്നിവയ്ക്കുമായി ക്ഷീര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിവരുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ആറു ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്. എട്ടു കോടിയോളം ക്ഷീരകർഷകർ ഇന്ത്യയിലുണ്ട്. മൊത്തം കാർഷിക വരുമാനത്തിന്റെ 12-14  ശതമാനത്തോളം ക്ഷീരമേഖലയിൽ നിന്നാണ്. ആഗോളതലത്തിൽ പാലുൽപാദനത്തിൽ 24.64 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്. കാർഷിക മേഖലയിലെ മൊത്തം ആഭ്യന്തര ഉൽപാദനം ഒരു ശതമാനം വളർച്ചയ്ക്ക്, ക്ഷീരമേഖല 2.25  ശതമാനത്തോളം വളർച്ച കൈവരിക്കേണ്ടതുണ്ട്. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം  പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണ്. ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ച കാർഷിക മേഖലയ്ക്ക് കരുത്തേകുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങൾ

ലോകത്താകമാനം ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ പഴിചാരപ്പെടുത്തുന്നത് ക്ഷീരമേഖലയാണ്. മൊത്തം 16 ശതമാനത്തോളമുള്ള കാർഷിക മേഖലയിൽനിന്നുള്ള മീഥേനിൽ 75 ശതമാനവും കന്നുകാലികളിൽ നിന്നാണെന്നാണു കണക്ക്. എന്നാൽ രാജ്യത്തെ നെൽപ്പാടങ്ങൾ, കരിമ്പിൻ തോട്ടങ്ങൾ, ഗോതമ്പ്, കൽക്കരി പാടങ്ങൾ എന്നിവ കാർബൺ പുറന്തള്ളലിൽ മുന്നിലാണ്. രാജ്യത്തെ ക്ഷീര, കാർഷിക മേഖലയിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. അതിനാൽ ഇതിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഫോസിൽ ഇന്ധനങ്ങൾ, വ്യവസായ മേഖല, കൽക്കരി, ഖനനം എന്നിവയെ അപേക്ഷിച്ചു തുലോം കുറവാണ്. മാത്രമല്ല രാജ്യം 2070 ആകുമ്പോഴേക്ക് കാർബണിന്റെ പുറന്തള്ളലിന്റെ അളവ്‌ പൂജ്യത്തിലെത്തിക്കാനാണ്  ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി കാർബൺ നൂട്രൽ പദ്ധതികളും കാർഷിക മേഖലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തുടങ്ങിയീട്ടുണ്ട്.

വർധിച്ചുവരുന്ന ഉൽപാദനച്ചെലവ്

ഉൽപാദനച്ചെലവ് അനുദിനം ക്ഷീരമേഖലയിൽ വർധിച്ചു വരുന്നു. കാലിത്തീറ്റയുടെ വിലയിലുണ്ടാകുന്ന വർധന പാലിന്റെ വിലയെ അപേക്ഷിച്ചു കൂടുതലാണ്. പാലിന്റെ വിലയിലുണ്ടാകുന്ന വർധന 65 ശതമാനവും, കാലിത്തീറ്റയുടെ വിലയിൽ 260 ശതമാനവുമാണ്. വർധിച്ച ജനസാന്ദ്രത, ജലസേചന പരിമിതി മുതലായവ തീറ്റപ്പുൽ കൃഷി മേഖലയിലെ പ്രതിസന്ധികളിൽ ചിലതാണ്. പാലിന്റെ വിപണിയിൽ 28  ശതമാനത്തിൽ താഴെ മാത്രമാണ് സംഘടിത മേഖല വിപണനം നടത്തുന്നത്. 70 ശതമാനത്തിലേറെ വിപണി അസംഘടിത മേഖലയിലാണ്. മെച്ചപ്പെട്ട വിപണി ലക്ഷ്യമിട്ടാണ് അസംഘടിത മേഖല പ്രവർത്തിക്കുന്നതെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ പിറകിലാണ്. ക്ഷീരമേഖലയിൽ സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്.

dairy-farm-feeder-cow

തനതു ജനുസ്സുകളുടെ പരിരക്ഷയും, രോഗങ്ങളും

96 ശതമാനത്തിലധികം സങ്കരയിനം കന്നുകാലികൾ കേരളത്തിലുണ്ട്‌. രാജ്യത്തിത് 30 ശതമാനത്തിൽ താഴെ മാത്രമാണ്. ഇന്ത്യ തനത് ഇന്ത്യൻ കന്നുകാലി ജനുസ്സുകളുടെ പരിരക്ഷയ്ക്ക് പ്രാധാന്യം നൽകി വരുന്നു. കേരളത്തിലെ വെച്ചൂർ പശു സംരക്ഷണ പദ്ധതി ഏറെ ശ്രദ്ധേയമാണ്. തനത് ഇന്ത്യൻ ജനുസ്സുകളുടെ പരിരക്ഷയ്ക്കു വിദേശ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചു വരുന്നു. അവയുടെ സങ്കര ജനുസ്സുകളെ ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ ഇറച്ചിക്കും, പാലിനും വേണ്ടി  വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് മൊത്തം കാലിസമ്പത്തിന്റെ മൂന്നിലൊന്നോളം വരുന്ന എരുമകളാണ് 46 ശതമാനത്തോളം പാലും ഉൽപാദിപ്പിക്കുന്നത്.

കന്നുകാലികളിലെ രോഗങ്ങൾ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചർമമുഴ രോഗം രാജ്യത്തെ പാലുൽപാദനത്തിൽ 2023-24ൽ 12  ശതമാനത്തിന്റെ കുറവ് വരുത്തിയീട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളും പാലുൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. സാംക്രമിക രോഗങ്ങളായ കുളമ്പ് രോഗം, കുരലടപ്പൻ എന്നിവയും പാലുൽപാദനത്തെ ബാധിക്കുന്നു. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14,000 കോടി രൂപയിലധികമാണ്. ക്ഷീരസന്നി, വന്ധ്യത, പോഷക ന്യുനത, ത്വക്ക് രോഗങ്ങൾ, അസിഡോസിസ് മുതലായ രോഗങ്ങൾ പാലുല്പാദനത്തെ പ്രതികൂലമായി ബാധിച്ചു വരുന്നു.

ക്ലീൻ, ഗ്രീൻ, എത്തിക്കൽ രീതികൾ 

സുസ്ഥിര പാലുൽപാദനത്തിൽ പരിസ്ഥിതിക്കിണങ്ങിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. കാർബണിന്റെ അളവ് കുറച്ചുള്ള, ശാസ്ത്രീയ മാലിന്യ സംവിധാനങ്ങളുള്ള പരിചരണ രീതികൾക്ക് പ്രാമുഖ്യം നൽകണം. ഉൽപാദനച്ചെലവ് കുറയ്ക്കുന്നതോടൊപ്പം രോഗ പ്രതിരോധശേഷി ഉയർത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. തനതു ജനുസ്സുകളുടെ പരിരക്ഷ ഉറപ്പുവരുത്തണം. മൃഗചികിത്സ സൗകര്യം ഗ്രാമീണ മേഖലയിൽ കൂടുതൽ വിപുലപ്പെടുത്തുകയും വേണം. ഈ രംഗത്ത് കേരളം ഏറെ മുന്നിലാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും ക്ഷീരമേഖലയുടെ പങ്ക് വളരെ വലുതാണ്.

Image credit: Studio Romantic/ShutterStock
Image credit: Studio Romantic/ShutterStock

സാങ്കേതികവിദ്യകൾ, വനിതാ പങ്കാളിത്തം

പുത്തൻ ടെക്നോളജികളായ ആർട്ടിഫിഷൽ ഇന്റലിജൻസ്‌, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ് , ഓട്ടോമേഷൻ എന്നിവയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഉത്പന്ന വൈവിധ്യവൽകരണം, സംസ്‌കരണം എന്നിവയിൽ സാധ്യതകളേറെയാണ്. ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ക്ഷീരമേഖലയിൽ സംരംഭകരാകുന്നത്. സ്റ്റാർട്ടപ്പുകളും, ഹൈടെക് ഫാമുകളും, നാച്ചുറൽ, ഓർഗാനിക് ഫാർമിങ് രീതികളും ക്ഷീരമേഖലയിൽ വിപുലപ്പെട്ടു വരുന്നു. ക്ലീൻ, ഗ്രീൻ, എത്തിക്കൽ പാലുൽപാദനത്തിന് ലോക രാഷ്ട്രങ്ങൾ മുൻഗണന നൽകുന്നു. ഈ രംഗത്തെ വനിതാ പങ്കാളിത്തം 75 ശതമാനത്തിലേറെയാണ്.

ഭക്ഷ്യറീട്ടെയിൽ സാധ്യതകൾ- കർഷകകൂട്ടായ്മകൾ

കൃഷി അഗ്രിബിസിനസിലേക്കും, ഭക്ഷ്യ റീട്ടെയിലിലേക്കും മാറുമ്പോൾ കാർഷിക  ഉൽപാദകരുടെ കൂട്ടായ്മ, സംരംഭകത്വം, എഫ്‌പിഒകൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ ഇടപെടലുകൾ കൃഷി ലാഭത്തിലാക്കാൻ ഉപകരിക്കും. കൃഷി നഷ്ടത്തിലാണെന്നു വാദിക്കുന്നവർ ഭക്ഷ്യ റീട്ടെയിൽ രംഗത്തെ വളർച്ച കാണാതെപോകരുത്! വളർന്നുവരുന്ന റീട്ടെയിൽ മേഖലയ്ക്കാനുപാതികമായി കാർഷികമേഖലയെ മാറ്റാൻ സാധിച്ചാൽ കൃഷി മികച്ച തൊഴിൽ മേഖലയാകും. കാർഷികോൽപന്നങ്ങൾ നേരിട്ടു വിപണനം നടത്തുന്നതിനു പകരം മൂല്യവർധിത ഉൽപന്നങ്ങളാക്കണം. ഇതുതന്നെയാണ് കാർഷിക മേഖലയിൽ മുന്നേറിയ രാജ്യങ്ങൾ ചെയ്യുന്നത്. വിയറ്റ്നാം അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങൾ ഈ രീതി അവലംബിച്ചു തുടങ്ങി. കൃഷിയിലും, അനുബന്ധ മേഖലകളിലും ഇത് അവലംബിക്കണം. മുൻകാലങ്ങളിൽ കോഴിവളർത്തൽ മേഖലയിൽ, ഉപഭോക്താവിന്റെ മുന്നിൽ നിന്നും ഡ്രസ്സ് ചെയ്ത കോഴിയിറച്ചിയോടായിരുന്നു ഉപഭോക്താക്കൾക്ക് താത്പര്യം. എന്നാൽ മലിനീകരണ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഹോട്ടലുകൾക്കു താൽപര്യം ഡ്രസ്സ് ചെയ്ത, മുറിച്ചെടുത്ത, ശീതീകരിച്ച ഇറച്ചിയോടാണ്. ശീതീകരണ സംവിധാനത്തിന്റെ ഉപയോഗം ഫലപ്രദമായി ഇതിലൂടെ അനുവർത്തിച്ചാൽ കുറഞ്ഞ വില സൃഷ്ടിക്കുന്ന വിൽപന സമ്മർദ്ദം ഒരു പരിധിവരെ പരിഹരിക്കാം. പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ കാര്യത്തിലും ശീതീകരണ, സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തിയാൽ അധികോൽപാദന സീസണിൽ സൂക്ഷിച്ചു കൂടുതൽ ആവശ്യകതയുള്ള സീസണിൽ ഉയർന്ന വിലയ്ക്ക് വിപണനം നടത്താനും സാധിക്കും. 85,000 കോടി രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളാണ് കേരളം പ്രതിവർഷം അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങുന്നത്. ഈ രംഗത്ത് പരാശ്രയത്വം കുറച്ചു സുസ്ഥിരത കൈവരിക്കുന്നതിനുള്ള പദ്ധതികളാണാവശ്യം. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്  കാർഷിക ഉൽപാദന, സംസ്‌കരണ, പാക്കേജിങ്, ബ്രാൻഡിങ് വിപണന മേഖലകളിൽ പദ്ധതികളിൽ മാറ്റം വരുത്തണം. കർഷകരുടെ കൂട്ടായ്മ ഉറപ്പുവരുത്താൻ എഫ്‌പിഒ സംവിധാനം വിപുലപ്പെടുത്തണം. വ്യക്തമായ ഡാറ്റയും, പ്ലാനിങ്ങും ഉറപ്പുവരുത്തണം. കേന്ദ്ര, സംസ്ഥാന പദ്ധതികൾ ശാസ്ത്രീയമായി സമന്വയിപ്പിക്കണം.

റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോൽപന്നങ്ങൾ

milk-product-sq

നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ റെഡി ടു  ഈറ്റ്,  റെഡി ടു കുക്ക് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് പ്രാധാന്യമേറിവരുന്നു. ഓപ്പൺ കിച്ചൺ ആശയവും, ഫ്യൂഷൻ ഭക്ഷണ രീതികളും കരുത്താർജിച്ചുവരുന്നു. കൃഷിയിൽനിന്നുള്ള മാറ്റം അഗ്രി ബിസിനസിലേക്കും, ഭക്ഷ്യ സംസ്കരണത്തിലേക്കും, ഇ റീട്ടെയിലിലേക്കുമാണ്. പ്രകടമായ ഈ മാറ്റം കണ്ടില്ലെന്നു നടിക്കുന്നത്‌ കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്താൻ ഇടവരുത്തും. ഉപഭോഗത്തിലും, വാങ്ങൽ ശേഷിയിലും വൻ വർധന ദൃശ്യമാണ്. ഗ്രാമീണ മേഖലയിലും, പട്ടണപ്രദേശങ്ങളിലും മാറ്റം പ്രകടമാണ്. കാർഷിക ഭക്ഷ്യോൽപ്പന്നങ്ങളെ അപേക്ഷിച്ചു ജന്തുജന്യ പ്രോട്ടീൻ ഉൽപന്നങ്ങളായ പാൽ, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗത്തിൽ വർധനയുണ്ടായിട്ടുണ്ട്. ചെലവിടുന്ന തുകയുടെ കാര്യത്തിൽ ഗ്രാമീണ മേഖലയിലും, പട്ടണ പ്രദേശങ്ങളിലും രണ്ടര ശതമാനത്തിന്റെ വർധനയുണ്ട്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളും ഭക്ഷ്യ വിപണിയിൽ സുലഭമാണ്. ഉപഭോക്താക്കളുടെ താൽപര്യം വിലയിരുത്തിയുള്ള ഉൽപന്നങ്ങളുടെ നിർമാണം, വിജ്ഞാന വ്യാപനം, വിപണനം  എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രോബയോട്ടിക്കുകൾക്കും പ്രീബയോട്ടിക്കുകൾക്കും പുളിപ്പിച്ച ഭക്ഷ്യോൽപന്നങ്ങൾക്കും സാധ്യതയേറുന്നു.

റീട്ടെയിൽ രംഗത്ത് ഇന്ത്യയിൽ വൻ മാറ്റങ്ങളാണ് കണ്ടുവരുന്നത്. ആഗോള കോർപ്പറേറ്റ് ബ്രാൻഡുകൾ രണ്ടാം കിട നഗരങ്ങളിലേക്കുമെത്തുന്നു. ഭൗതിക സൗകര്യങ്ങളിലുള്ള വൻ വളർച്ചയും, വർധിച്ചു വരുന്ന മാളുകളും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനയും, ജനസംഖ്യ വർധനവും ഇതിനു കരുത്തേകുന്നു. പ്രതിശീർഷ വാങ്ങൽശേഷിയിലുണ്ടായ വർധനയും ഇവിടെ പ്രകടമാണ്. പ്രാദേശിക ബ്രാൻഡുകളോടൊപ്പം, ആഗോള ബ്രാൻഡുകളും വിപണിയിൽ സുലഭമാണ്. 50 ശതമാനത്തിലധികം ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരും ചെറുകിട പട്ടണങ്ങളിലും, 2, 3 ഘട്ട നഗരങ്ങളിലുമാണ്. 2030 ആകുമ്പോഴേക്ക് ഇത് 60 ശതമാനത്തിലെത്തും. 2028 ആകുമ്പോഴേക്ക് സ്റ്റാർബക്‌സ് 1000 സ്റ്റോറുകളാണ് 2, 3 ഘട്ട നഗരങ്ങളിലാരംഭിക്കുന്നത്.

തുടരും

(ലേഖകൻ വെറ്റിനറി സർവകലാശാല മുൻ ഡയറക്ടറും, ലോകബാങ്ക് കൺസൾട്ടന്റുമാണ്)

English Summary:

India's dairy sector is crucial for agricultural growth, contributing significantly to the GDP. However, challenges such as rising production costs and environmental concerns need addressing for sustainable development.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com