ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ ബലമായി ചവിട്ടി കട്ടിലിൽ കിടത്തി; ക്രൂരത വിവരിച്ച് കൃഷ്ണമ്മ, കൂസലില്ലാതെ ദീപ

Mail This Article
കുട്ടനാട്∙ ആലപ്പുഴ മാമ്പുഴക്കരിയിൽ ഗൃഹനാഥയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി ദീപയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ക്രൂരത വിവരിച്ച് ആക്രണത്തിന് ഇരയായ കൃഷ്ണമ്മ. ദീപ, കൃഷ്ണമ്മയെ കണ്ടപ്പോഴും ഭാവ വ്യത്യാസം പ്രകടിപ്പിച്ചില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയതല്ലാതെ ഒന്നും പറഞ്ഞതുമില്ല. കൃഷ്ണമ്മ കട്ടിലിൽ ഇരിക്കുമ്പോഴാണു മോഷണം നടത്തിയതെന്ന ദീപയുടെ വാദം കൃഷ്ണമ്മ നിഷേധിച്ചു. താൻ കിടക്കുകയായിരുന്നെന്നും ഇരുട്ടിൽ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിലാണു മോഷണം നടത്തിയതെന്നും കൃഷ്ണമ്മ പറഞ്ഞു.
അലമാരയിൽ സ്വർണവും പണവും ഉണ്ടെന്നും താക്കോൽ എവിടെയാണു സൂക്ഷിക്കുന്നതെന്നും ദീപയ്ക്ക് അറിയാമായിരുന്നു. പഴയ ലാൻഡ് ഫോൺ ഉൾപ്പെടെ എടുത്തുകൊണ്ടു പോയത് എന്തിനാണെന്ന് അറിയില്ല. ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ അടക്കം ബലമായി ചവിട്ടിയാണു കട്ടിലിൽ കിടത്തിയത്. മോഷ്ടാക്കൾ തിരികെ പോയശേഷം വളരെ പാടുപെട്ടാണു വായിൽ തിരുകിയ തുണി നീക്കിയത്. തുണി നീക്കിയപ്പോൾ രക്തം വന്നു.
വേദന കടിച്ചമർത്തിയാണ് അയൽവാസിയുടെ വീട്ടിൽ പോയി ടോർച്ച് വാങ്ങി ബന്ധുവിന്റെ വീട്ടിലെത്തി ഫോണിൽ പൊലീസിനെ വിവരം അറിയിച്ചത്. സാധനങ്ങൾ മോഷണം പോയതിൽ സങ്കടമില്ലെന്നും സഹോദരിയെപ്പോലെ കരുതിയ ദീപ തന്നെ മർദിച്ച് അവശയാക്കിയതിലാണു വിഷമമെന്നും കൃഷ്ണമ്മ പറഞ്ഞു. രാമങ്കരി എസ്എച്ച്ഒ വി.ജയകുമാർ, എസ്ഐമാരായ പി.പി.പ്രേംജിത്ത്, കെ.ബി.ജയൻ എഎസ്ഐമാരായ ജാസ്മിൻ പീറ്റർ, ലിസമ്മ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.
നെയ്യാറ്റിൻകര ആറാലുംമൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപയാണ് (കല–41) കേസുമായി ബന്ധപ്പെട്ട് പൊലീസിൽ കീഴടങ്ങിയത്. നാലു പ്രതികളുള്ള കേസിൽ ഇതോടെ മൂന്നു പേർ പൊലീസ് പിടിയിലായി. കേസിൽ പ്രതിയായ ദീപയും മകൾ അഖിലയും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി നിരസിച്ചിരുന്നു. തുടർന്നാണ് ദീപ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങിയത്. 7 വയസ്സുകാരിയായ സഹോദരിയുടെ സംരക്ഷണം ഏറ്റെടുത്തതിനാലാണ് അഖില കീഴടങ്ങാൻ മടിക്കുന്നതെന്നാണു സൂചന. കേസിൽ ദീപയുടെ മകൻ അഖിലിനെയും ദീപയുടെ സുഹൃത്ത് രാജേഷ് മണികണ്ഠനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 19ന് ആണു രാമങ്കരി മാമ്പുഴക്കരി വേലിക്കെട്ടിൽചിറ വീട്ടിൽ കൃഷ്ണമ്മയെ (62) കെട്ടിയിട്ടു മോഷണം നടത്തിയത്. കെട്ടിയിട്ടു മർദിച്ച് 3.5 പവൻ സ്വർണവും 36,000 രൂപയും എടിഎം കാർഡും ഓട്ടുപാത്രങ്ങളുമടക്കം മോഷ്ടിച്ചെന്നാണു കേസ്. കൃഷ്ണമ്മയുടെ സഹായിയായി നിന്നാണു ദീപ മോഷണം ആസൂത്രണം ചെയ്തത്. മോഷണം പോയ സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓട്ടുപാത്രങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റുള്ളവരെയും പ്രതികളാക്കാൻ ശ്രമം
മോഷണത്തിൽ പങ്കില്ലാത്തയാളുകളെയും കേസിൽ പ്രതികളാക്കി തങ്ങൾക്കു രക്ഷാമാർഗം ഒരുക്കാൻ പദ്ധതി പ്രതികൾ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്നു പൊലീസ്. തിരുവനന്തപുരത്തെ വ്യവസായിയുടെ മകനെ കേസിൽ ഉൾപ്പെടുത്തിയാൽ വ്യവസായി ഇടപെട്ടു കേസ് നടത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതുപ്രകാരം ‘ഒരു സാധനം സൂക്ഷിക്കാൻ തരാം’ എന്നു യുവാവിന് അഖില വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. എന്നാൽ ഈ മെസേജ് യുവാവ് കാണും മുൻപ് പൊലീസ് അയാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെ ഈ ശ്രമം പൊളിഞ്ഞു. മോഷ്ടിച്ച സ്വർണം യുവാവിനെ ഏൽപിച്ച് അയാളെയും പ്രതിയാക്കാനായിരുന്നു ശ്രമം. ഇതുകൂടാതെ മോഷണത്തിനായി പ്രദേശവാസികളായ ചിലരുടെ സഹായം തേടിയതായി അഖിൽ പൊലീസിനു മൊഴി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇതും കളവാണെന്നു കണ്ടെത്തിയെന്നും രാമങ്കരി പൊലീസ് പറഞ്ഞു.