തിരുമംഗലം സ്റ്റേഷനിൽ എംടിസി മിനി ബസും വൈദ്യുത ഓട്ടോയും റെഡി എത്തി, അധിക ഫീഡർ സർവീസ്

Mail This Article
ചെന്നൈ ∙ മെട്രോ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് എത്തുന്നതിനും മടങ്ങുന്നതിനും സുഗമ യാത്ര ഉറപ്പാക്കി കൂടുതൽ ഫീഡർ സർവീസുകളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). എംടിസി മിനി ബസും വൈദ്യുത ഓട്ടോയുമാണ് സജ്ജമാക്കിയിട്ടുള്ളത്. തിരുമംഗലം സ്റ്റേഷനിലാണ് നിലവിൽ ഈ സേവനം. മറ്റു സ്റ്റേഷനുകളിലേക്കും വൈകാതെ വ്യാപിപ്പിച്ചേക്കും. യാത്രക്കാർക്കായി ഏർപ്പെടുത്തുന്ന വിവിധ സേവനങ്ങളുടെ തുടർച്ചയാണ് പുതിയ ഫീഡർ സർവീസുകൾ
ഇനി ഇടവേളയില്ലാ യാത്ര
തിരുമംഗലം സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനും ട്രെയിനിറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകുന്നതിനും ഇനി വാഹനം കാത്തുനിന്നു മടുക്കേണ്ടിവരില്ല. ഫീഡർ സർവീസുകളായ മിനി ബസും ഓട്ടോയും തുടർച്ചയായി സർവീസ് നടത്തും. എസ്70കെ എന്ന നമ്പറിലോടുന്ന മിനി ബസ് തിരുമംഗലത്തിനും കൊരട്ടൂർ വാട്ടർ കനാൽ റോഡിനുമിടയിലാണു സർവീസ് നടത്തുക. അണ്ണാ നഗർ വെസ്റ്റ് ഡിപ്പോ, പാടി ശരവണ സ്റ്റോർ, ഭക്തവൽസലം മെമ്മോറിയൽ കോളജ് ഫോർ വിമൻ, കൊരട്ടൂർ ബസ് സ്റ്റാൻഡ്, കൊരട്ടൂർ റെയിൽവേ സ്റ്റേഷൻ എന്നിവ വഴി പോകും.
യാത്രക്കാർക്കായി 10 ഇ–ഓട്ടോകളാണ് തിരുമംഗലം സ്റ്റേഷനിൽ തയാറാക്കിയിട്ടുള്ളത്. കിലോമീറ്ററിന് 25 രൂപയാണ് നിരക്ക് ഈടാക്കുക. നങ്കനല്ലൂർ, ആലന്തൂർ സ്റ്റേഷനുകളിലും ഇ–ഓട്ടോ നേരത്തെ ആരംഭിച്ചിരുന്നു.
സ്ത്രീ സുരക്ഷയ്ക്കായി സർവേ
മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിഎംആർഎൽ സർവേ നടത്തുന്നു. യാത്രയ്ക്കിടെ നേരിടുന്ന പ്രയാസങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിനു കൈക്കൊള്ളേണ്ട നിർദേശങ്ങളും ചോദിച്ചറിയും. ട്രെയിനുകളുടെ ലഭ്യത, ലേഡീസ് കോച്ച് പെട്ടെന്നു കണ്ടുപിടിക്കാനാകുന്നുണ്ടോ, സിസിടിവി ക്യാമറകൾ തുടങ്ങിയവയെ കുറിച്ചും അഭിപ്രായങ്ങൾ തേടും. കുറഞ്ഞത് 30,000 പേരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. വിവര ശേഖരണത്തിനായി കോളജ് വിദ്യാർഥികളെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്.
വൈദ്യുതി വിതരണത്തിന് കരാർ
മെട്രോ പ്രവർത്തനങ്ങളുടെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി സിഎംആർഎൽ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനുമായി കരാർ ഒപ്പിട്ടു. ദേശീയ പവർ എക്സ്ചേഞ്ച് വഴിയാകും വൈദ്യുതി ലഭ്യമാക്കുക. വൈദ്യുതിയുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കുന്നതിന് കരാർ സഹായിക്കും.