ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഘടത്തെ ജീവിതോപാസനയാക്കിയ തൃപ്പൂണിത്തുറ രാധാകൃഷ്ണനു സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ) അര നൂറ്റാണ്ടിൽ ഏറെയായി സംഗീത ലോകത്തെ നിറ സാന്നിധ്യമാണ് തൃപ്പൂണിത്തുറയുടെ സ്വന്തം കലാകാരനായ ഇദ്ദേഹം. ഘടം എന്ന സംഗീത ഉപകരണത്തിന് ആദ്യമായി ലഭിച്ച ഫെലോഷിപ് ആണ് ഇതെന്നും, ഈ ഫെലോഷിപ് തന്നിലൂടെ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. ബഹുമതി മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദി പങ്കിട്ട 63 കാരനായ രാധാകൃഷ്ണൻ സംഗീത ആസ്വാദകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. 1976 ൽ ഫോർട്ട്കൊച്ചി അധികാരവളപ്പിൽ ഗാനഗന്ധർവൻ യേശുദാസിന്റെ സംഗീത കച്ചേരികളിൽ ഇടം പിടിച്ചതോടെ സംഗീത ലോകത്ത് അറിയപ്പെടുന്ന കലാകാരനായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. രണ്ടായിരത്തോളം വേദികളിൽ യേശുദാസിനൊപ്പം രാധാകൃഷ്ണൻ ഘടം വായിച്ചിട്ടുണ്ട്. പത്താം വയസ്സിൽ അച്ഛൻ മൃദംഗ വിദ്വാനായിരുന്ന ജി. നാരായണ സ്വാമിക്ക് ഒപ്പമായിരുന്നു അരങ്ങേറ്റം.

അച്ഛൻ തന്നെയായിരുന്നു രാധാകൃഷ്ണനെ സംഗീത ലോകത്തെത്തിച്ചത്. ആദ്യം പഠിച്ചതു മൃദംഗം ആയിരുന്നെങ്കിലും പിന്നീട് ഘടത്തിനോടുള്ള ഇഷ്ടം കൂടി ഘടം വിദ്വാനായി മാറി. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്നു 1982 ൽ മൃദംഗത്തിൽ ഗാനഭൂഷണവും തിരുവനന്തപുരം സ്വാതി തിരുനാൾ കോളജിൽ നിന്നു ഗാനപ്രവീണയും നേടി. എംജി സർവകലാശാലയിൽ നിന്നും മൃദംഗത്തിൽ തന്നെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. മകൻ തൃപ്പൂണിത്തുറ ആർ.കെ. രഞ്ജിത്തും അച്ഛന്റെ പാത പിന്തുടർന്ന് സംഗീതലോകത്ത് സജീവമാണ്. പൂണിത്തുറ വിക്രം സാരാഭായി റോഡിലാണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ലളിതാംബിക. മകൾ: രമ്യ കൃഷ്ണൻ, മരുമകൻ: സ്വാമിനാഥൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com