മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രധാന ഓപ്പറേഷൻ തിയറ്റർ നവീകരിച്ചു; ഉടൻ തുറക്കും

Mail This Article
മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിൽ അടച്ചിട്ട പ്രധാന ഓപ്പറേഷൻ തിയറ്റർ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു. 2 ലക്ഷം രൂപയോളം ചെലവഴിച്ചാണു നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ തിയറ്റർ ഉടൻ തന്നെ തുറന്നു പ്രവർത്തനം ആരംഭിക്കും.
മേയ് മാസത്തിലാണു അറ്റകുറ്റപ്പണികൾക്കും ആധുനികവൽക്കരണത്തിനുമായി ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടത്. ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും നിർമാണ ജോലികൾ പൂർത്തിയാകാൻ വൈകിയതോടെ രോഗികൾ ദുരിതത്തിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കിയ ലക്ഷ്യ ലേബർ റൂമും ഗൈനക് ഓപ്പറേഷൻ തിയറ്ററും ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടതോടെ നിർധന രോഗികൾ വലിയ തുക ചെലവഴിച്ചു സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലായിരുന്നു.
ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോ, ഇഎൻടി എന്നീ വിഭാഗങ്ങൾക്കായി ആകെ ഉണ്ടായിരുന്ന ഓപ്പറേഷൻ തിയറ്ററായിരുന്നു ഇത്. ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെയും സിസേറിയൻ ചെയ്യേണ്ട ഗർഭിണികളെയും എല്ലാം ഇവിടെ നിന്ന് റഫർ ചെയ്ത് മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുകയാണ്.
4 ഗൈനക്കോളജിസ്റ്റുമാരുമുള്ള ജനറൽ ആശുപത്രിയിൽ പ്രതിമാസം നൂറ്റൻപതോളം പ്രസവങ്ങൾ നടക്കുന്നുണ്ട്. പ്രതിദിനം 10 മുതൽ 15 വരെ ശസ്ത്രക്രിയകളും വേറെ നടന്നിരുന്നു.നവീകരണം പൂർത്തിയായതോടെ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉടൻ ഓപ്പറേഷൻ തിയറ്റർ തുറന്നുകൊടുക്കും.എന്നാൽ ലക്ഷ്യ ലേബർ റൂമും ഗൈനക് തിയറ്ററും പ്രവർത്തനം ആരംഭിക്കാൻ വൈകും.
ലക്ഷ്യ ലേബർ റൂമും മറ്റു സൗകര്യങ്ങളും പ്രവർത്തിപ്പിക്കാൻ ആശുപത്രിയിലെ ട്രാൻസ്ഫോമറിന് ആവശ്യമായ ശേഷി ഇല്ലാത്തതിനാൽ പുതിയ സംവിധാനം ഒരുക്കാൻ കാലതാമസം എടുക്കുമെന്നാണ് അധികൃതർ പറയുന്നത്.ആരോഗ്യ മന്ത്രിയെ പ്രശ്നം ധരിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.ലക്ഷ്യ ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിൽ 2019ൽ നാഷനൽ ഹെൽത്ത് മിഷൻ അനുവദിച്ച 2.64 കോടി രൂപ ചെലവഴിച്ചാണ് ഗൈനക് ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും നിർമിച്ചത്.